പരിഷ്കരിച്ച വൈദ്യുത എസ്.യു.വി ഇസഡ് എസ് നിരത്തിലെത്തിച്ച് എം.ജി മോട്ടോഴ്സ്. അകത്തും പുറത്തും നിരവധി മാറ്റങ്ങളുമായാണ് വാഹനം വിപണിയിൽ എത്തുന്നത്. പുതിയ എച്ച്ടി ബാറ്ററി, 17 ഇഞ്ച് ടയറുകൾ, വർധിച്ച ഗ്രൗണ്ട് ക്ലിയറൻസ്, ഇക്കോ ട്രീ ചലഞ്ച് ഉൾപ്പെടുന്ന ഐ-സ്മാർട്ട് ഇവി 2.0 തുടങ്ങിയ സവിശേഷതകളോടെയാണ് 2021 മോഡൽ ഇസെഡ് ഇവി പുറത്തിറങ്ങുന്നത്. വാഹനത്തിന്‍റെ അടിസ്ഥാന മോഡലിന് 20.99 ലക്ഷം രൂപയാണ് വില. എക്‌സ്‌ക്ലൂസീവ് ട്രിമിന് 24.18 ലക്ഷം നൽകണം.
രൂപം
ക്രോം ആക്‌സന്‍റുകളുള്ള ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള ലണ്ടൻ-ഐ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, വിൻഡ്‌മിൽ പ്രചോദിതമായ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, റൂഫ് റെയിൽ, റിയർ സ്‌പോയിലർ ബോഡി-കളർ ബമ്പറുകൾ തുടങ്ങി ആകർഷക രൂപമാണ് എം.ജി ഇ.വിക്ക്. 4314 മില്ലീമീറ്റർ നീളവും 1809 മില്ലീമീറ്റർ വീതിയും 1620 മില്ലീമീറ്റർ ഉയരവും 2585 മില്ലീമീറ്റർ വീൽബേസും വാഹനത്തിനുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 177 മില്ലീമീറ്ററായി കമ്പനി വർദ്ധിപ്പിച്ചു. ബാറ്ററി പ്ലേസ്മെന്‍റ് 205 മില്ലീമീറ്റർ ഉയർത്തിയിട്ടുമുണ്ട്.
ഉൾവശം
ഇന്‍റീരിയറിന് കറുത്ത നിറമാണ്. ലെതർ ഫിനിഷുള്ളതാണ് ഡാഷ്‌ബോർഡ്. ലെതർ സീറ്റുകൾ, പ്രീമിയം ലുക്ക് നൽകുന്ന ക്രോം ഫിനിഷ്ഡ് ഡോർ ഹാൻഡിലുകൾ എന്നിവ കൂടിയാവുേമ്പാൾ ക്യാബിൻ മനോഹരമാണ്. എംജിയുടെ ഐ-സ്മാർട്ട് ഇവി 2.0 സിസ്റ്റത്തിനൊപ്പം 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സംവിധാനവുമുണ്ട്. സ്‌പോർട്ട്, നോർമൽ, ഇക്കോ എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും നൽകുന്നുണ്ട്.
ഡ്യുവൽ പാൻ പനോരമിക് സൺറൂഫ്, മൊബൈൽ സെൻസിംഗ് ഫ്രണ്ട് വൈപ്പർ, ക്രൂസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് വിത്ത് സ്മാർട്ട് എൻട്രി, ഇലക്ട്രോണിക് ഗിയർ നോബ്, പിഎം ഫിൽട്ടർ എന്നിവയും എസ്‌യുവിക്കുണ്ട്. സുരക്ഷയെ സംബന്ധിച്ചും മികച്ച നിലവാരമാണ് വാഹനത്തിനുള്ളത്. ആറ് എയർബാഗുകൾ, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇഎസ്‌സി, ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്റർ, ഐസോഫിക്സ് മൗണ്ട്സ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, റിയർ ക്യാമറ, പാർക്കിങ് സെൻസറുകൾ എന്നിവയും ഉൾപ്പെടുന്നു.
കരുത്ത്
44.5 കിലോവാട്ട് ഹൈടെക് ഐപി 6 സർട്ടിഫൈഡ് ബാറ്ററി പായ്ക്കാണ് വാഹനത്തിന്. 353 എൻഎം പീക്ക് ടോർക്കും 141 ബിഎച്ച്പി കരുത്തും വാഹനം ഉത്പാദിപ്പിക്കും. പൂർണ്ണമായും ചാർജ് ചെയ്താൽ 419 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നാണ് എം.ജിയുടെ അവകാശവാദം. വെറും 8.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. സ്റ്റാൻഡേർഡ് എസി ചാർജറിലൂടെ ആറ് എട്ട് മണിക്കൂറിനുള്ളിൽ എസ്‌യുവി പൂർണമായി ചാർജ് ചെയ്യാം. 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ വഴി 50 മിനിറ്റിൽ 80 ശതമാനം വരെ പവർ നിറക്കാം.
പുതിയ എംജി ഇസഡ് ഇവി രാജ്യത്തെ 31 നഗരങ്ങളിൽ ലഭ്യമാകും. 5 വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ വാറന്‍റി, അഞ്ച് വർഷത്തെ റോഡരികിലെ സഹായം, അഞ്ച് ലേബർ ഫ്രീ സർവീസ്, 5-വേ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവ ഉൾപ്പെടെ എംജിയുടെ ഇ-ഷീൽഡ് പ്രോഗ്രാമും ഓൾ-ഇലക്ട്രിക് എസ്‌യുവിക്ക് ലഭിക്കുന്നു. 8 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. പഴയ മോഡലിനെക്കാൾ 60,000 രൂപ വരെ കൂടുതലാണ് പുതിയ വാഹനത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.