റോയൽ എൻഫീൽഡ് ക്രൂസർ വിഭാഗത്തിലേക്ക് അവതരിപ്പിക്കുന്ന മീറ്റിയോർ 350െൻറ വ്യക്തമായ ചിത്രങ്ങൾ പുറത്ത്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് മീറ്റിയോർ 350. നേരത്തെ റോഡിൽ പരീക്ഷണ ഒാട്ടങ്ങൾ നടത്തുന്ന വാഹനത്തിെൻറ അവ്യക്ത ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
പുതിയ രൂപം തണ്ടർബേഡിനേക്കാൾ മികച്ചതാണെന്നാണ് റോയൽ ആരാധകരുടെ പക്ഷം. പുതിയ പ്ലാറ്റ്ഫോം, എഞ്ചിൻ, ആധുനിക സൗകര്യങ്ങൾ എന്നിങ്ങനെ മികച്ച വാഹനമാണ് നിരത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ തലമുറ യു.സി.ഇ 350 പ്ലാറ്റ്ഫോമിലാണ് മീറ്റിയോർ നിർമിക്കുന്നത്.
മൂന്ന് വേരിയൻറുകൾ
മീറ്റിയോർ 350ന് ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് വേരിയൻറുകളാണുള്ളത്. ഏഴ് നിറങ്ങളിൽ ബൈക്ക് ലഭ്യമാകും. നീലയിലും ചുവപ്പിലും രണ്ട്തരം കോമ്പിനേഷനുകൾ വാഹനത്തിനുണ്ടാകും. കറുപ്പ്, മഞ്ഞ, സിൽവർ, ബ്രൗൺ എന്നിവയാണ് മറ്റ് നിറങ്ങൾ.
വാഹനത്തിെൻറ എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത ആധുനികമായ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററാണ്. ടി.എഫ്.ടി കളർ ഡിസ്‌പ്ലേയാണ് ഡയലുകൾക്ക് നൽകിയിരിക്കുന്നത്. പ്രധാന യൂനിറ്റിനൊപ്പം അനലോഗ് സ്പീഡോമീറ്ററും ട്രിപ്പ് മീറ്ററിനായുള്ള എൽ.ഇ.ഡി പാനലും മറ്റ് അവശ്യ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
നാവിഗേഷനും ബ്ലുടൂത്തും
ടി.എഫ്.ടി സ്ക്രീനിൽ നാവിഗേഷൻ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് വലിയ പ്രത്യേകത. ഇതോടൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങിനെയെങ്കിൽ നാവിഗേഷനും ബ്ലൂടൂത്തും ലഭിക്കുന്ന ആദ്യത്തെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളായിരിക്കും മീറ്റിയോർ. ഏറ്റവും ഉയർന്ന സൂപ്പർനോവ വേരിയൻറിൽ ഡ്യൂവൽ ടോൺ പെയിൻറും വിൻഡ്ഷീൽഡും ഉൾപ്പെടുത്തിയിട്ടുണ്ട്.
റോയൽ എൻഫീൽഡ് തങ്ങളുടെ മോട്ടോർസൈക്കിളുകൾക്കായി കണക്ടഡ് സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് നേരത്തെതന്നെ സൂചന ഉണ്ടായിരുന്നു. മീറ്റിയോറിന്ശേഷം മറ്റ് മോഡലുകളിലേക്കും പുതിയ സംവിധാനം വ്യാപിപ്പിക്കും. പുതുതായി കമ്പനി വികസിപ്പിച്ച ബിഎസ് 6 350 സിസി എഞ്ചിനാണ് മീറ്റിയോറിൽ വരുന്നത്. സിംഗിൾ ഓവർഹെഡ് ക്യാം (എസ്.ഒ.എച്ച്.സി) ഉപയോഗിക്കുന്ന എഞ്ചിൻ നിലവിലേതിൽ നിന്ന് കൂടുതൽ മികവ് പുലർത്തുമെന്നാണ് റോയൽ എഞ്ചിനീയർമാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.