ഫോർച്യൂണറും ലെജൻഡറും ഒന്നാണോ​? അറിയാം ടൊയോട്ടയുടെ അതികായന്മാരെ

പരിഷ്​കരിച്ച ഫോർച്യൂണർ എസ്​.യു.വി ഈയിടെയാണ്​ ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിച്ചത്​. അതോടൊപ്പം ഫോർച്യൂണറിനോട്​ ഏറെ സാമ്യമുള്ള മറ്റൊരു വാഹനവും കമ്പനി വിപണിയിൽ എത്തിച്ചു. ലെജൻഡർ എന്ന്​ പേരുള്ള ഈ വാഹനം നമ്മുക്ക്​ ചിലപ്പോൾ ആശയക്കുഴപ്പം ഉണ്ടാക്കി​േയക്കാം. ഫോർച്യൂണറും ലെജൻഡറും രണ്ട്​ വാഹനമാണോ അതോ ഒരേ വാഹനത്തിന്‍റെ വകഭേദങ്ങളാണോ എന്നതായിരിക്കും ആദ്യം നമ്മിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നത്​. ഇനി ഫോർച്യൂണറിന്‍റെ വകഭേദമാ​െണങ്കിൽ വിലയിത്ര കൂടാൻകാരണമെന്തെന്നാകും അടുത്ത സംശയം.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് 2021ൽ ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ എസ്‌യുവിയാണ്. രണ്ടാം തലമുറ ഫോർച്യൂണറിന്‍റെ ആദ്യത്തെ പ്രധാന പരിഷ്​കരണവുമാണിത്. നാല് വർഷം മുമ്പാണ്​ ഈ മോഡൽ വിപണിയിലെത്തുന്നത്​. 2021ൽ ടൊയോട്ട ഫോർച്യൂണറിന് ഒരു ഉയർന്ന വേരിയന്‍റുകൂടി നൽകി. അതാണീ ലെജൻഡർ. എന്തായാലും ഒരു സംശയം ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ടാകും. ലെജൻഡർ മറ്റൊരു വാഹനമാണോ എന്ന സംശയത്തിന്​ ഇനി സ്​ഥാനമില്ല. ലെജൻഡർ ഫോർച്യൂണറിന്‍റെ ഏറ്റവും ഉയർന്ന വേരിയന്‍റാണ്​. ഇനി പരിശോധിക്കേണ്ടത്​ ഫോർച്യൂണറും ലെജൻഡറും തമ്മിലുള്ള വ്യത്യാസമാണ്​. എന്താണ്​ ഇവയെ തമ്മിൽ വേർതിരിക്കുന്നതെന്ന്​ നോക്കാം.


ഫോർച്യൂണർ vs ലെജൻഡർ; ഡിസൈൻ

സ്റ്റാൻഡേർഡ് ഫോർച്യൂണറും ലെജൻഡറും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ രൂപത്തിലാണ്. പുതിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്​ലൈറ്റുകളും മുൻ ബമ്പറും, പുതിയ 18 ഇഞ്ച് വീലുകളും സ്ലിമ്മർ എൽഇഡി ടെയിൽ ലൈറ്റുകളും ലെജൻഡറിൽ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന്​ വളരെ വ്യത്യസ്തമാണ്. സ്പ്ലിറ്റ് ഗ്രില്ലും എൽഇഡി ഹെഡ്​ലൈറ്റുകളും ഡിആർഎല്ലുകൾക്ക്​ സവിശേഷമായ രൂപകൽപ്പനയും ലജൻഡറിനുണ്ട്​. സീക്വൻഷൽ ടേൺ ഇൻഡിക്കേറ്ററുകൾ, ഡ്യുവൽ ടോൺ 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ലഭിക്കും. മറ്റൊരു വ്യത്യാസം നിറത്തിലാണ്. സ്റ്റാൻഡേർഡ് ഫോർച്യൂണറിന് എട്ട് വ്യത്യസ്ത പെയിന്‍റ്​ ഷേഡുകൾ നൽകുന്നുണ്ട്​. പക്ഷേ ഡ്യുവൽ-ടോൺ കളറുകളൊന്നും ഇവയിലില്ല. അതേസമയം ലെജൻഡറിന് ഇരട്ട-ടോൺ പെയിന്‍റ്​ സ്കീം മാത്രമാണുള്ളത്​. പേൾ വൈറ്റും കറുപ്പുമാണ്​ ലെജൻഡറിന്‍റെ ഒരേ​യൊരു നിറം.


ഇന്‍റീരിയർ

ഫോർച്യൂണറിലെ പരിഷ്​കാരങ്ങളെല്ലാം ലെജൻഡറിനും ലഭിക്കും. കണക്റ്റഡ്​ കാർ ടെക്കിനൊപ്പം 8.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ്​ സിസ്റ്റവും ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്​ഡ്​ ഓട്ടോ എന്നിവയുമുണ്ട്​. സ്റ്റാൻഡേർഡ് ഫോർച്യൂണറും ലെജൻഡറും തമ്മിലുള്ള പ്രധാന വ്യത്യാസം ഉള്ളിലെ നിറത്തിലാണ്​. സ്റ്റാൻഡേർഡ് ഫോർച്യൂണറിന് കറുപ്പ് അല്ലെങ്കിൽ ബീജ്​ ഇന്‍റീരിയർ ആണുള്ളത്​. ലെജൻഡറിനുള്ള ഒരേയൊരു കളർ സ്കീം കറുപ്പും മെറൂണുമാണ്. മെറൂണിലെ കോൺട്രാസ്റ്റ് സ്റ്റിച്ചിങും പ്രത്യേകതയാണ്​. ഇൻസ്ട്രുമെന്‍റ്​ ക്ലസ്റ്ററിനുള്ള ബ്ലാക്ക് ഡയലുകൾ (സ്റ്റാൻഡേർഡ് ഫോർച്യൂണറിൽ നീല), റിയർ യുഎസ്ബി ചാർജിങ്​ പോർട്ട്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിങ്​, ആംബിയന്‍റ്​ ലൈറ്റിങ്​, ഓട്ടോ-ഡിമ്മിംഗ് ഇന്‍റീരിയർ റിയർ വ്യൂ മിറർ, ഹാൻഡ്സ് ഫ്രീ ടെയിൽ-ഗേറ്റ് ഓപ്പണിംഗ്, 11 സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം എന്നിവയും ലെജൻഡറിലുണ്ട്​.

എഞ്ചിൻ

സ്റ്റാൻ‌ഡേർഡ് ഫോർ‌ച്യൂണറും ലെജൻഡറും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം അവരുടെ പവർ‌ട്രെയിൻ ഓപ്ഷനുകളിലാണ്. ഫോർച്യൂണറാണ്​ എഞ്ചിന്‍റെ കാര്യത്തിൽ സമ്പന്നൻ എന്ന്​പറയാം. പഴയ 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ മാറ്റമില്ലാതെ തുടരുന്നുണ്ട്​. ഇത് 166 എച്ച്പി കരുത്തും 245 എൻഎം ടോർക്കും ഉത്​പാദിപ്പിക്കും. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിൽ വാഹനം ലഭ്യമാണ്. അപ്ഡേറ്റ് ചെയ്ത 2.8 ലിറ്റർ ഡീസൽ എഞ്ചിനും ഫോർച്യൂണറിലുണ്ട്​. 204 എച്ച്പി കരുത്തുള്ള ഈ എഞ്ചിൻ 6 സ്പീഡ് മാനുവലുമായി ചേരുമ്പോൾ 420 എൻഎം ടോർക്കും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ചേരുമ്പോൾ 500 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. സ്റ്റാൻഡേർഡ് ഫോർച്യൂണറിന് രണ്ട്, നാല്-വീൽ ഡ്രൈവ് പതിപ്പുകൾ ഉണ്ടായിരിക്കുമെങ്കിലും ലെജൻഡറിൽ ഇഷ്ടാനുസരണം അവ വാഗ്ദാനം ചെയ്യുന്നില്ല. ലെജൻഡർ 2.8 ലിറ്റർ ഡീസൽ എഞ്ചിനിൽ 6 സ്പീഡ് ഓട്ടോമാറ്റിക്ക്​ ഗിയർബോക്​സുമായി രണ്ട്​വീൽ ഡ്രൈവിൽ മാത്രമേ ലഭ്യമാവുകയുള്ളൂ.


വിലകളും വേരിയന്‍റുകളും

ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിന്‍റെ ഏറ്റവുംകുറഞ്ഞ പെട്രോൾ 4x2 പതിപ്പിന് 29.98 ലക്ഷം മുതൽ വിലവരും. ടോപ്പ്-സ്‌പെക്ക് 4x4 ഡീസൽ ഓട്ടോമാറ്റിക് വേരിയന്‍റിന് 37.43 ലക്ഷം രൂപയാണ്. ലെജൻഡർ 4x2 ഡീസൽ ഓട്ടോമാറ്റിക് വാഹനത്തിന്​ 37.58 ലക്ഷം രൂപയാണ്​ വില. ഏറ്റവും ഉയർന്ന 4x4 ഡീസൽ-ഓട്ടോ ഫോർച്യൂണറിനേക്കാൾ 15,000 രൂപ കൂടുതലാണ് ലെജൻഡറിനെന്ന്​ സാരം. മാത്രമല്ല സ്റ്റാൻഡേർഡ് ഫോർച്യൂണറിന്‍റെ 4x2 ഡീസൽ-ഓട്ടോ പതിപ്പിനേക്കാൾ 2.74 ലക്ഷം രൂപയും ലെജൻഡറിന്​ കൂടും. ടൊ​േയാട്ട ലെജൻഡറിന്‍റെ ഫോർവീൽ ഡ്രൈവ്​ സിസ്റ്റം ഒഴിവാക്കാൻ കാരണം വില ഇനിയും കൂടുമെന്നതാണ്​. ഫോർവീൽ ഡ്രൈവ്​കൂടി വന്നാൽ ലെജൻഡർ വില 40 ലക്ഷം കടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.