തിരുവനന്തപുരം: പുതിയ അധ്യയന വർഷം പിറന്നതോടെ സംസ്ഥാനത്തെ 243 ഏകാധ്യാപക വിദ്യാലയങ്ങൾക്ക് താഴുവീണു. അവശേഷിക്കുന്ന 27 വിദ്യാലയങ്ങളിൽ 19 എണ്ണം കൂടി നിർത്തലാക്കാൻ ശിപാർശ ചെയ്തിട്ടുണ്ട്. ഇതു സർക്കാർ അംഗീകരിച്ചാൽ അവശേഷിക്കുന്നത് എട്ടായി ചുരുങ്ങും. നേരത്തേ വിദ്യാഭ്യാസ ഓഫിസർമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 270 ഏകാധ്യാപക വിദ്യാലയങ്ങളിൽ 27 എണ്ണം നിലനിർത്തി അവശേഷിക്കുന്നവ പൂട്ടാൻ തീരുമാനിച്ചത്.
ഈ വിദ്യാലയങ്ങളിൽ വിദ്യാവളന്റിയർമാർ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന അധ്യാപകരെ വിദ്യാഭ്യാസ വകുപ്പിൽ ലാസ്റ്റ്ഗ്രേഡ് തസ്തികയായ ഫുൾടൈം മീനിയൽ/ പാർട് ടൈം മീനിയൽ തസ്തികയിൽ നിയമിക്കാൻ നേരത്തേ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. അധ്യാപകർ നൽകുന്ന സമ്മതപത്രത്തിന്റെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം. ഇതുപ്രകാരം സമ്മതപത്രം നൽകിയവർക്കുള്ള നിയമനങ്ങൾ വിവിധ ജില്ലകളിൽ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, നിലനിർത്താൻ തീരുമാനിച്ച 27 ഏകാധ്യാപക വിദ്യാലയങ്ങളിൽ പലതിലും ദീർഘകാലമായി സേവനം ചെയ്യുന്ന അധ്യാപകരുണ്ട്. 27 സ്കൂളുകൾ നിലനിർത്തുന്നത് വഴി ഇവിടെയുള്ള അധ്യാപകർക്ക് ലാസ്റ്റ്ഗ്രേഡ് തസ്തികയിലൂടെ സ്ഥിരം സർവിസിൽ എത്താനുള്ള സാധ്യത ഇല്ലാത്തത് പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതൽ സ്കൂളുകൾ നിർത്തലാക്കി അധ്യാപകരെ ലാസ്റ്റ്ഗ്രേഡ് തസ്തികയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം അധ്യാപകരുടെ അഭിപ്രായം കൂടി പരിഗണിച്ച് 27ൽ 19 എണ്ണം കൂടി അടച്ചുപൂട്ടാനുള്ള ശിപാർശയാണ് സർക്കാറിന് നൽകിയത്.
നിലനിർത്തിയ 27 സ്കൂളുകൾ പൂർണമായും വനാന്തർഭാഗത്തുള്ളവയാണ്. ഇവ അടച്ചുപൂട്ടുന്നത് വനത്തിൽ അധിവസിക്കുന്ന ഗോത്രവർഗ കുട്ടികളുടെ പഠനം തടസ്സപ്പെടാൻ ഇടയാക്കും. ഈ കുട്ടികളെ ഹോസ്റ്റൽ സൗകര്യമുള്ള സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലേക്ക് മാറ്റാനുള്ള സാധ്യത പരിശോധിക്കാനാണ് ഡയറക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്.കുട്ടികൾക്ക് പരിസരത്തെ സ്കൂളുകളിൽ തുടർപഠന സൗകര്യം ഉറപ്പാക്കിയാണ് സ്കൂളുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു അറിയിച്ചു.
ഏകാധ്യാപക വിദ്യാലയങ്ങൾ
മലയോര, തീര മേഖലകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ഡി.പി.ഇ.പി പദ്ധതിയുടെ ഭാഗമായി 1994-95 വർഷത്തിലാണ് വിവിധ ഭാഗങ്ങളിൽ ഏകാധ്യാപക വിദ്യാലയങ്ങൾ (മൾട്ടിഗ്രേഡ് ലേണിങ് സെന്റർ) ആരംഭിച്ചത്. 3000 രൂപ ഓണറേറിയം നൽകിയാണ് വിദ്യാവളന്റിയർമാരെ നിയമിച്ചിരുന്നത്. വനത്തിൽ വരെ എത്തി ജോലി ചെയ്യുന്ന ഇവർക്ക് ജോലി സ്ഥിരത ഉറപ്പാക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. സംസ്ഥാന സർക്കാർ ഫണ്ട് നൽകിയാണ് ഇവ നടത്തിയിരുന്നത്.
ഇടക്കാലത്ത് ഇവ സർക്കാർ സ്കൂളുകളാക്കുന്നതിന്റെ സാധ്യത പരിശോധിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.