പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരത്’; ഹിന്ദു രാജാക്കന്മാരുടെ യുദ്ധവിജയങ്ങൾക്ക് പ്രാധാന്യം

ന്യൂഡൽഹി: പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരത്’ എന്നാക്കാൻ നാഷനൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) നിയോഗിച്ച ഏഴംഗ സാമൂഹിക ശാസ്ത്ര സമിതിയുടെ ശിപാർശ. അടുത്ത വർഷം മുതൽ അച്ചടിച്ച് പുറത്തിറക്കുന്ന പാഠപുസ്തകങ്ങളിലെല്ലാം ഇന്ത്യക്ക് പകരം ഭാരത് എന്നാക്കാനാണ് ശിപാർശയെന്ന് സമിതി ചെയർമാനും ചരിത്രകാരനുമായ പ്രഫ. സി.ഐ ഐസക് പറഞ്ഞു. ‘പുരാതന ചരിത്ര’ത്തിന് പകരം ‘ക്ലാസിക്കൽ ഹിസ്റ്ററി’ ഉൾപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. പുതിയ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ തയാറാക്കുന്നതിനുള്ള പ്രധാന മാർഗരേഖയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

‘ഭാരത് എന്നത് ഏ​റെ പഴക്കമുള്ള പേരാണ്. 7000 വർഷം പഴക്കമുള്ള ‘വിഷ്ണുപുരാണ’ പോലുള്ള ഗ്രന്ഥങ്ങളിൽ ഈ പേരുമായി ബന്ധപ്പെട്ട പരാമർശം കാണാം. എന്നാൽ, ഇന്ത്യ എന്ന പേര് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ സ്ഥാപിച്ചതിനും 1757ലെ പ്ലാസി യുദ്ധത്തിനും ശേഷമാണ് ഉപയോഗിച്ചു തുടങ്ങിയത്. അതിനാൽ, എല്ലാ ക്ലാസുകളിലെയും ​പാഠപുസ്തകങ്ങളിൽ ‘ഭാരത്’ എന്ന പേര് ഉപയോഗിക്കാൻ സമിതി ഏകകണ്ഠമായി ശിപാർശ ചെയ്യുകയായിരുന്നു’, ഐസക് പറഞ്ഞു.

ചരിത്ര പഠനത്തിലും കാര്യമായ മാറ്റം നിർദേശിക്കുന്നുണ്ട്. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന വിഭജനത്തിൽ ‘പുരാതന ചരിത്രം’ എന്നതിന് പകരം ‘ക്ലാസിക്കൽ ചരിത്രം’ എന്നാക്കും. ബ്രിട്ടിഷുകാരാണ് ഇന്ത്യൻ ചരിത്രത്തെ മൂന്നു ഘട്ടമായി വേർതിരിച്ചത്. അറിവിന്റെ കാര്യത്തിൽ ഒരുകാലത്ത് ഇന്ത്യ ഇരുട്ടിലായിരുന്നെന്നും ശാസ്ത്രപരമായ അറിവുകളോ അതിന്റെ വളർച്ചയോ ഉണ്ടായിരുന്നില്ലെന്നും ഈ വിഭജനത്തിൽ വ്യാഖ്യാനമുണ്ട്. എന്നാൽ, സോളർ സിസ്റ്റം മോഡലുമായി ബന്ധപ്പെട്ട് ആര്യഭട്ടയുടെ രചന ഉൾപ്പെടെ അക്കാലത്തെ ഇന്ത്യയുടെ നേട്ടങ്ങൾ വിവരിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ ലഭ്യമാണ്. ഹിന്ദു രാജാക്കന്മാരുടെ യുദ്ധവിജയങ്ങൾ കൂടുതലായി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും. നിലവിൽ നമ്മുടെ പരാജയങ്ങളാണ് പാഠപുസ്തകങ്ങളിൽ കൂടുതലായുള്ളത്. മുഗളന്മാർക്കും സുൽത്താന്മാർക്കുമെതിരെ നേടിയ വിജയങ്ങൾ അക്കൂട്ടത്തിലില്ലെന്നും ഐസക് ചൂണ്ടിക്കാട്ടി.

വിവിധ വിഷയങ്ങളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് ശിപാർശ നൽകാൻ എൻ.സി.ഇ.ആർ.ടി 2021ൽ രൂപവത്കരിച്ച 25 ഉന്നതതല സമിതികളിൽ ഒന്നാണ് ഐസക് അധ്യക്ഷനായ സാമൂഹിക ശാസ്ത്ര സമിതി.

ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് രാഷ്ട്രത്തലവന്മാർക്ക് നൽകിയ കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് ഉപയോഗിച്ചത് വിവാദമായിരുന്നു. ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ നെയിം പ്ലേറ്റിലും ഇന്ത്യക്ക് പകരം ഭാരത് ആണ് ഉപയോഗിച്ചിരുന്നത്. പ്രതിപക്ഷ പാർട്ടികൾ ‘ഇൻഡ്യ’ എന്ന പേരിൽ സഖ്യം രൂപവത്കരിച്ചതോടെയാണ് പേരുമാറ്റം ചർച്ചയായത്.

Tags:    
News Summary - 'Bharat' instead of 'India' in textbooks; War victories of Hindu kings will be covered further

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.