ബംഗളൂരു: നഗരത്തിൽ 44 സ്വകാര്യ സ്കൂളുകളിൽ അജ്ഞാത കേന്ദ്രങ്ങളിൽനിന്ന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. സ്കൂൾ പരിസരത്ത് സ്ഫോടക വസ്തുക്കൾ വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. വൈറ്റ്ഫീൽഡ്, കോറമംഗല, യെലഹങ്ക, ബസവേശ്വര നഗർ, സദാശിവ നഗർ, ആനേക്കൽ മേഖലകളിലെ സ്കൂളുകളിലാണ് ഇ-മെയിലായി ഭീഷണി കത്ത് ലഭിച്ചത്. ഇത് വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയുമടക്കം നാടിനെ മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിലാക്കി.
വെള്ളിയാഴ്ച സ്കൂൾ ഓഫിസിലെ സ്റ്റാഫുകൾ ഇ-മെയിൽ പരിശോധിച്ചപ്പോൾ ഭീഷണി സന്ദേശം കാണുകയായിരുന്നു. ഉടനെ സ്കൂൾ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും കുതിച്ചെത്തി സ്കൂളുകളുടെ പരിസരങ്ങളിൽ പരിശോധന നടത്തി. എന്നാൽ, ഒന്നും കണ്ടെത്താനായില്ല.
മുമ്പും ഇത്തരം വ്യാജ ഭീഷണിക്കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ലെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു. ഭീഷണിക്കത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഇ-മെയിൽ സന്ദേശത്തിന്റെ ചുവടുപിടിച്ച് സൈബർ പൊലീസിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.
ബോംബ് ഭീഷണിയെ തുടർന്ന് ഡി.ജി.പി അലോക് മോഹന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ സാഹചര്യങ്ങൾ വിശദീകരിച്ചു. കഴിഞ്ഞവർഷം ബംഗളൂരു നഗരത്തിലെ ഏഴ് സ്കൂളുകളിൽ ഇത്തരത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നെങ്കിലും ഇവ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
വിവരമറിഞ്ഞ് സ്കൂളുകളിലേക്ക് രക്ഷിതാക്കളുടെ ഫോൺ വിളികളുടെ പ്രവാഹമായിരുന്നു. മിക്ക രക്ഷിതാക്കളും പരിഭ്രാന്തിയോടെ സ്കൂളുകളിലേക്ക് കുതിച്ചെത്തി. ഭീഷണി സന്ദേശം ലഭിച്ച സ്കൂളുകളിൽ വിദ്യാർഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് ബോംബ് സ്ക്വാഡിന്റെ നിർദേശപ്രകാരമാണ് കുട്ടികളെ തിരിച്ചയക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ രക്ഷിതാക്കൾ ഭയപ്പെടേണ്ടതില്ലെന്നും പൊലീസ് എല്ലാ സുരക്ഷ നടപടികളും കൈക്കൊണ്ടതായും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഭീഷണിക്കത്ത് ലഭിച്ച സദാശിവ നഗറിലെ സ്കൂൾ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സന്ദർശിച്ചു. സ്കൂൾ അധികൃതരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ശിവകുമാർ സംസാരിച്ചു. ബോംബ് ഭീഷണി വിവരമറിഞ്ഞ് താൻ പേടിച്ചുപോയെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ വീടിന് മുന്നിലുള്ള സ്കൂളിലും ഭീഷണിക്കത്ത് ലഭിച്ചിരുന്നു. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞാണ് ഞാൻ പുറത്തുവന്നത്. ഞാൻ പൊലീസുമായി സംസാരിച്ചു. ഇതിൽ പേടിക്കാനൊന്നുമില്ല -ശിവകുമാർ മാധ്യമപ്രവർത്തകരോടായി പറഞ്ഞു.
സംഭവത്തിൽ പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരുകയാണെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രതികരിച്ചു. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. പൊലീസുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
അതേസമയം, വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പുമായി പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തി. കർണാടകയിൽ കോൺഗ്രസ് ഭരണത്തിന് കീഴിൽ ഭീതിയുടെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണ് ഭീഷണി മെയിൽ അയച്ചതെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക കുറ്റപ്പെടുത്തി. ഇ-മെയിലിന്റെ ഉറവിടം ഏതാണെന്ന് പൊലീസ് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂളുകൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പാകിസ്താനിലും മറ്റും കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഇത്തരം സംഭവങ്ങൾ നടക്കുന്നത് നാം കാണുന്നുണ്ട്. കുട്ടികൾക്കെന്തെങ്കിലും സംഭവിച്ചാൽ സർക്കാർ ഉത്തരവാദിത്തം ഏൽക്കേണ്ടിവരുമെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയമാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.