'മകൻ ജെ.ഇ.ഇ വിജയിക്കണം; എന്നാൽ അവനെ മരണത്തിലേക്ക് തള്ളിവിടാനാകില്ല' -രാജസ്ഥാനിലെ കോട്ടയിൽ പഠിക്കുന്ന മക്കൾക്ക് ഒപ്പം താമസിക്ക​ുന്ന അമ്മമാർ പറയുന്നു

ജയ്പൂർ: രാജ്യത്തെ പ്രധാന എൻജിനീയറിങ്/മെഡിക്കൽ പ്രവേശന പരീക്ഷ പരി​ശീലനകേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിൽ കുട്ടികളെ ചേർക്കുന്നതിനെ കുറിച്ച് രക്ഷിതാക്കൾ പുനരാലോചന നടത്തുന്നു. പ്രവേശന പരീക്ഷകളിൽ ഉയർന്ന റാങ്ക്നേടുന്നവരുടെ കാര്യത്തിൽ മാത്രമല്ല, പഠനസമ്മർദം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കോട്ട ഇപ്പോൾ മുന്നിലാണ്. ഈ വർഷം കോട്ടയിൽ പഠിക്കുന്ന 22വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷം 15 പേരായിരുന്നു പഠനസമ്മർദം താങ്ങാനാകാതെ ജീവനൊടുക്കിയത്.

കുട്ടികളിലെ സമ്മർദമകറ്റാൻ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന രക്ഷിതാക്കൾ വരെ രാജസ്ഥാനിലേക്ക് കൂടുമാറുകയാണ്. പഠനം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകാൻ അനുവദിക്കാതെ കുട്ടികളെ ഒപ്പം താമസിപ്പിക്കുന്നതിന് വേണ്ടിയാണിത്.

മധ്യപ്രദേശിൽ നിന്നുള്ള സന്ധ്യ ദേവിയും അങ്ങനെ എത്തിയ ഒരാളാണ്. വീട്ടിലെ കാര്യങ്ങളെല്ലാം ഭർത്താവിനെ ഏൽപിച്ചാണ് അവർ രാജസ്ഥാനിൽ വാടക വീടെടുത്ത് താമസം തുടങ്ങിയത്. ''ഇപ്പോൾ ടെൻഷന് നല്ല കുറവുണ്ട്. രാ​ത്രികളിൽ മകൻ പഠിക്കുമ്പോൾ, അവന് ചൂട് ചായയോ കാപ്പിയോ നൽകി എനിക്ക് അരികിൽ ഇരിക്കാൻ സാധിക്കുന്നുണ്ട് ഇപ്പോൾ. അവന് ടെൻഷൻ ഉണ്ടാകുമ്പോൾ സംസാരിക്കാൻ ഞാനുണ്ടല്ലോ. ഈ മാസം രണ്ടുതവണയാണ് അവന് അസുഖം വന്നത്. അപ്പോഴൊക്കെ ചേർത്തുപിടിക്കാൻ ഞാനുണ്ടായല്ലോ. അവൻ ജെ.ഇ.ഇ പരീക്ഷയിൽ ഉന്നത വിജയം നേടണമെന്നാണ് ആഗ്രഹം. എന്നാൽ അതിനായുള്ള ഒരുക്കങ്ങൾക്കിടെ മകനെ നഷ്ടപ്പെടുത്താൻ ഞങ്ങൾ തയാറല്ല. മകനിവിടെയും ഞങ്ങൾ നാട്ടിലുമായിരിക്കുമ്പോൾ ഒട്ടും സമാധാനം കിട്ടാറില്ല.''-സന്ധ്യാദേവി പറയുന്നു.

മത്സര പരീക്ഷകൾക്ക് തയാറെടുക്കാനായി പ്രതിവർഷം രണ്ടരലക്ഷം പേരാണ് കോട്ടയിലെത്തുന്നത്. ''കുട്ടികൾ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ നെഞ്ചിടിപ്പോടെയാണ് ഞങ്ങൾ കേൾക്കുന്നത്. അതിനാൽ അവനെ ഒറ്റക്ക് ഹോസ്റ്റൽ മുറിയിൽ താമസിപ്പിക്കാതെ കൂടെ താമസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ഞാൻ അവനൊപ്പമുണ്ട്.-അവർ കൂട്ടിച്ചേർത്തു.

സന്ധ്യാദേവിയുടെ അതേ പാത പിന്തുടർന്നാണ് സോഫ്റ്റ്​വെയർ എൻജിനീയറായ ശിവാനി ജെയിനും കുമാരി ശിമ്പിയും കോട്ടക്കു സമീപം താമസം തുടങ്ങിയത്. മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ അടുത്തുണ്ടെങ്കിൽ മക്കളുടെ ഹോംസിക്ക്നെസ് ഇല്ലാതാവുമെന്നാണ് അവരുടെ അഭിപ്രായം. ഇത്തരത്തിൽ മറ്റുള്ള രക്ഷിതാക്കളും ചിന്തിക്കാൻ തുടങ്ങിയാൽ കുട്ടികളെ നഷ്ടപ്പെടില്ലെന്നും ഇവർ പറയുന്നു.

Tags:    
News Summary - Don't want to lose my child how worried parents are shifting to Kota after spate of student suicides

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.