ന്യൂഡൽഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തെ ഐ.ഐ.ടികളിൽ 33 വിദ്യാർഥികൾ ജീവനൊടുക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. കേന്ദ്ര സർക്കാറിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ ആത്മഹത്യ വർധിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.പി എൽ. ഹനുമന്തയ്യയുടെ ചോദ്യത്തിന് മറുപടിയായാണ് 2018-2023 കാലയളവിലെ കണക്കുകൾ മന്ത്രാലയം പുറത്തുവിട്ടത്.
രാജ്യത്തെ ഐ.ഐ.ടികളിലും എൻ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലുമായി ആകെ 61 വിദ്യാർഥികൾ ആത്മഹത്യചെയ്തിട്ടുണ്ട്. എൻ.ഐ.ടിയിൽ 24 വിദ്യാർഥികളും ഐ.ഐ.എമ്മിൽ നാലു വിദ്യാർഥികളുമാണ് ആത്മഹത്യ ചെയ്തത്. പഠന സമ്മർദം, കുടുംബ പ്രശ്നങ്ങൾ, വ്യക്തിപരമായ വിഷയങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയാണ് ആത്മഹത്യയിലേക്ക് നയിച്ച പ്രധാനപ്പെട്ട കാരണങ്ങളെന്ന് മറുപടിയിൽ പറയുന്നു.
നേരത്തെ, 2014നും 2021നും ഇടയിൽ കേന്ദ്രസർക്കാരിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ 122 വിദ്യാർഥികൾ ആത്മഹത്യ ചെയ്തുവെന്ന് കേന്ദ്രം ലോകസഭയിൽ അറിയിച്ചിരുന്നു. 122 വിദ്യാർഥികളിൽ 24 പേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും മൂന്ന് പേർ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും 41 പേർ ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവരുമാണ്.
വിദ്യാർഥികളിലെ അക്കാദമിക സമ്മർദങ്ങൾ കുറക്കുന്നതിനായി കൗൺസലിങ് സേവനങ്ങൾ നൽകുന്നതിനും സാങ്കേതിക വിദ്യാഭ്യാസം പ്രദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം സഭയെ അറിയിച്ചു.
ഫെബ്രുവരിയിൽ ബോംബെ ഐ.ഐ.ടിയിൽ ദലിത് വിദ്യാർഥി ജീവനൊടുക്കിയിരുന്നു. ഐ.ഐ.ടിയിൽ വിദ്യാർഥി ജാതിവിവേചനം നേരിട്ടിരുന്നതായി ആരോപിച്ച് കുടുംബവും വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിരുന്നു. ഇത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതിവിവേചനങ്ങളെക്കുറിച്ചും വിദ്യാർഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.