തിരുവനന്തപുരം: സെപ്റ്റംബർ ആറിന് തുടങ്ങുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷക്ക് 4.35 ലക്ഷം വിദ്യാർഥികൾ ഹാജരാകും. സ്കോൾ കേരളക്ക് (ഒാപൺ) കീഴിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്തവർ ഉൾപ്പെടെയാണിത്. മാതൃക പരീക്ഷ ചൊവ്വാഴ്ച ആരംഭിക്കും. സെപ്റ്റംബർ നാലുവരെയാണ് മാതൃക പരീക്ഷ. വിദ്യാർഥികൾക്ക് വീട്ടിലിരുന്നുതന്നെ രക്ഷാകർത്താവിെൻറ മേൽനോട്ടത്തിൽ പരീക്ഷയെഴുതാം. പരീക്ഷ ആരംഭിക്കുന്നതിെൻറ ഒരു മണിക്കൂർ മുമ്പ് www.dhsekerala.gov.in എന്ന പോർട്ടലിൽ ചോദ്യപേപ്പർ അപ്ലോഡ് ചെയ്യും. വിദ്യാർഥികൾക്ക് പോർട്ടലിൽനിന്ന് ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് മാതൃക പരീക്ഷയെഴുതാം. പരീക്ഷയെഴുതിയശേഷം വിദ്യാർഥികൾക്ക് അധ്യാപകരുമായി ഡിജിറ്റൽ മാധ്യമങ്ങൾ വഴി സംശയനിവാരണം നടത്താം.
പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. ആർ.ഡി.ഡിമാരുടെയും എ.ഡിമാരുടെയും നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചുചേർത്ത് പരീക്ഷ തയാറെടുപ്പ് വിലയിരുത്തും. പ്രിൻസിപ്പൽമാർ അധ്യാപകരുടെ യോഗം വിളിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉറപ്പുവരുത്തും. ആർ.ഡി.ഡിമാർ അടിയന്തരമായി പരീക്ഷകേന്ദ്രങ്ങൾ സന്ദർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം. പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്ക് യൂനിഫോം നിർബന്ധമാക്കരുതെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി നിർദേശം നൽകി. പരീക്ഷക്കുള്ള ഒരുക്കങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി വിലയിരുത്തി.
ആർ.ഡി.ഡിമാർ, എ.ഡിമാർ, ജില്ല കോഓഡിനേറ്റർമാർ, അസി. കോഓഡിനേറ്റർമാർ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് , ഡയറക്ടർ കെ. ജീവൻബാബു, ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം ജോയൻറ് ഡയറക്ടർ ഡോ. എസ്.എസ്. വിവേകാനന്ദൻ എന്നിവരും യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.