തിരുവനന്തപുരം: തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി മാതൃകാപരീക്ഷയുടെ ചോദ്യേപപ്പർ സ്കൂളുകളിൽ ഏറ്റുവാങ്ങാൻ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ എത്തണമെന്ന നിർദേശത്തിനെതിരെ പ്രതിഷേധം. മറ്റ് സ്കൂളുകളിൽ നിന്നുള്ള സീനിയർ അധ്യാപകരാണ് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരായി പരീക്ഷ നടത്തിപ്പിന് എത്തുന്നത്.
മാർച്ച് 17ന് ആരംഭിക്കുന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പൊതുപരീക്ഷയുടെ നടത്തിപ്പാണ് ഇവരുടെ പ്രധാന ചുമതല. ചോദ്യേപപ്പർ ഏറ്റുവാങ്ങാൻ ബന്ധപ്പെട്ട സ്കൂളിൽ എത്തണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം പ്രായോഗികമല്ലെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
സ്വന്തം സ്കൂളിൽ മാതൃകാപരീക്ഷ നടത്തിപ്പ് ചുമതലയുള്ള അധ്യാപകർ, പൊതുപരീക്ഷയുടെ ഡെപ്യൂട്ടി ചീഫ് ചുമതലയുള്ള സ്കൂളിൽ എത്തി ചോദ്യേപപ്പർ വാങ്ങണമെന്ന നിർദേശം പരീക്ഷ നടത്തിപ്പിനെ ബാധിക്കും. ബി.ആർ.സിതല സ്കൂളുകളിൽ നിന്ന് രാവിലെ എട്ടരക്കാണ് മാതൃകാപരീക്ഷയുടെ ചോദ്യേപപ്പർ സ്കൂളുകളിൽ എത്തുക.
ഇത് ഏറ്റുവാങ്ങി സീൽ ചെയ്ത ശേഷം സ്വന്തം സ്കൂളിൽ മാതൃകാപരീക്ഷ നടത്തിപ്പിന് ഇൗ അധ്യാപകർക്ക് എത്താനാകില്ലെന്നാണ് പരാതി. ഡെപ്യൂട്ടി ചീഫിന് പുറമെ ചീഫ് സൂപ്രണ്ടുമാർ നിർബന്ധമായും മാതൃകാ ചോദ്യേപപ്പർ ഏറ്റുവാങ്ങാൻ എത്തണം. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രിൻസിപ്പൽമാർ തന്നെയായിരിക്കും ചീഫ് സൂപ്രണ്ടുമാർ. എന്നാൽ അൺ എയ്ഡഡ് സ്കൂളുകളിൽ സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽനിന്ന് നിയോഗിക്കുന്ന സീനിയർ അധ്യാപകരായിരിക്കും ചീഫ് സൂപ്രണ്ടുമാർ. ഇത്തരം സ്കൂളുകളിൽ ചീഫ് സൂപ്രണ്ടും ഡെപ്യൂട്ടി ചീഫും മറ്റ് സ്കൂളുകളിൽ നിന്നുള്ള അധ്യാപകരാണ്.
ഇൗ വർഷം മുതലാണ് ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പറുകൾ ബി.ആർ.സികൾ വഴി വിതരണം ചെയ്യുന്നത്. എന്നാൽ മാതൃകാപരീക്ഷയുടെ ചോദ്യേപപ്പർ ഏറ്റുവാങ്ങാൻ ചീഫ് സൂപ്രണ്ടുമാർ നിർബന്ധമായും എത്തണമെന്നും ഡെപ്യൂട്ടി ചീഫുമാർ എത്തുന്നതിന് ഹയർ സെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടർ, കോഒാഡിനേറ്റർ, എ.ഒ എന്നിവർക്ക് ഇളവുനൽകാമെന്നും പരീക്ഷ സെക്രട്ടറി ഡോ. എസ്.എസ്. വിവേകാനന്ദൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഡെപ്യൂട്ടി ചീഫുമാർ എത്തണമെന്ന നിർദേശം പിൻവലിക്കണമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് ആർ. അരുൺകുമാറും ജന. സെക്രട്ടറി എസ്. മനോജും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.