നിന്റെ പഠിത്തം കഴിഞ്ഞില്ലേ? 20 കളിൽ പഠിക്കാൻ പോകുന്നവർ സ്ഥിരമായി കേൾക്കുന്ന ചോദ്യമായിരിക്കും ഇത്. അപ്പോൾ പിന്നെ ജോലിയിൽനിന്ന് വിരമിച്ചതിന് ശേഷം പഠിക്കാൻ പോയാലോ... പ്രായം ഒന്നിനും തടസ്സമല്ല. വാർധക്യത്തിൽ പുതിയ ഹോബികൾ കണ്ടെത്തുന്നതുപോലെതന്നെയാണ് പഠനവും. വിദേശങ്ങളിൽ ജോലിയിൽനിന്ന് വിരമിച്ചതിന് ശേഷം ഇഷ്ടമുള്ളത് പഠിക്കാൻ പോകുന്ന ഒരുപാട് പേരെ കാണാം.
ചെറുപ്പത്തിൽ ദാരിദ്ര്യമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ പഠിക്കാൻ കഴിയാത്തവർ വിരമിക്കലിന് ശേഷം പഠനത്തിനായി സമയം നീക്കിവെക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിൽ, കേരളത്തിൽ പക്ഷേ അത്ര സുപരിചിതമല്ല വിരമിക്കലിന് ശേഷമുള്ള പഠനം. ആയുർദൈർഘ്യം കൂടുകയും വിരമിക്കൽ കാലാവധി നേരത്തേയാവുകയും ചെയ്യുന്നതിന്റെ ഫലമായി ‘വെറുതേ’യിരിക്കാൻ ഇഷ്ടപ്പെടാത്തവരാകും അധികവും.
എന്നാൽ, അവരെല്ലാം തെരഞ്ഞെടുക്കുന്ന വഴി കൈതൊഴിലുകളോ വീട്ടിലിരുന്നുകൊണ്ടുതന്നെ ചെയ്യാവുന്ന ജോലികളോ ആയിരിക്കും. എന്നാൽ, ഇതുവരെ ചെയ്തുപോന്ന കാര്യങ്ങളല്ലാതെ പുതുതായി എന്തെങ്കിലും പഠിക്കാൻ ശ്രമിക്കുന്നതിലൂടെ മാനസിക -ശാരീരിക ആരോഗ്യത്തിൽ പോസിറ്റീവ് മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. ഇതിലൂടെ ചിന്താശേഷിയും ശുഭാപ്തിവിശ്വാസവും വർധിപ്പിക്കാനും സാധിക്കും. പ്രായമായി എന്നുപറഞ്ഞ് വിശ്രമജീവിതം നയിക്കുന്ന ആളുകളെയും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നവരെയും താരതമ്യപ്പെടുത്തിയായിരുന്നു ഈ പഠനം. ഉദാഹരണത്തിന്, ഫോട്ടോഗ്രഫിയെക്കുറിച്ച് ഒന്നുമറിയാത്ത ഒരാൾ ഫോട്ടോഗ്രഫി പഠിക്കാനായി തെരഞ്ഞെടുക്കുന്നു. കമ്പ്യൂട്ടറിനെക്കുറിച്ച് ഒന്നുമറിയാത്തയാൾ അത് പഠിക്കാനായി ചേരുന്നു. പുതിയ കാര്യങ്ങൾ പഠിക്കുന്നതുവഴി ഓർമശക്തി കൂടുകയും രോഗങ്ങൾ വരാനുള്ള സാധ്യത കുറയുകയും ചെയ്യും. പ്രായമായവർക്കും പഠിക്കാൻ കഴിയുന്ന ഒരുപാട് കോഴ്സുകൾ ഇപ്പോൾ നിലവിലുണ്ട്. ഓൺലൈനായി ഏതു കോഴ്സിനും ചേരാം. അധികം പണം ചെലവാക്കാതെ ഇവ പഠിക്കുകയും ചെയ്യാം.
മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഏതു പ്രായത്തിലും പഠിക്കാവുന്ന കോഴ്സുകളാണിവ. ഇതിൽ ലെക്ചർ വിഡിയോകളും പഠനസാമഗ്രികളും അസൈൻമെന്റുകളും പരീക്ഷകളുമുണ്ടാകും.
സ്മാർട്ട്ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയിൽ പുതുതലമുറയെപോലെ അത്ര കേമൻമാരായി കൊള്ളണമില്ല മുതിർന്ന തലമുറ. അപ്പോൾപിന്നെ അതുതന്നെ ഒരു പഠനവിഷയമായി തെരഞ്ഞെടുക്കാൻ സാധിക്കും. ജോലിയുടെ ഓട്ടത്തിനിടക്ക് ഒരുകാലത്ത് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ പാഷനുകൾ പൊടിതട്ടിയെടുക്കാനുള്ള അവസരമായി വേണം വിരമിക്കൽ കാലത്തെ കണക്കാക്കാൻ. പഠനത്തിനൊപ്പം തന്നെ മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിച്ച കലാ കായിക ഇനങ്ങളിലും റിട്ടയർമെന്റ് കാലത്ത് ഒരു കൈനോക്കാം. ബാല്യവും യൗവനവും പോലെ മനുഷ്യന് വാർധക്യവും അനിവാര്യമായ ജീവിതകാലഘട്ടംതന്നെയാണ്. ശരീരത്തിന്റെ ആരോഗ്യം സ്വാഭാവികമായും ഈ കാലത്ത് കുറയും. എന്നാൽ ഒരാളുടെ മനസിന്റെ പ്രായം നിശ്ചയിക്കുന്നത് അയാളുടെ പ്രവൃത്തികൾതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.