തിരുവനന്തപുരം: മലയരയ എജുക്കേഷനല്‍ ട്രസ്റ്റിന് തൊടുപുഴ അറക്കളം വില്ലേജിൽ എയ്ഡഡ് കോളജ് അനുവദിക്കും. 2021-2022 അധ്യയന വര്‍ഷം തന്നെ കോളജ് ആരംഭിക്കും. ബി.എ എക്കണോമിക്സ്, ബി.എസ്സി ഫുഡ് സയന്‍സ് ആൻഡ് ക്വാളിറ്റി കണ്ട്രോള് എന്നീ കോഴ്സുകളാണുണ്ടാവുക. ട്രൈബല്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ്, നാടുകാണി എന്ന പേരിലാവും കോളജ്. രണ്ടാം പിണറായി സർക്കാറിൽ എയ്ഡഡ് മേഖലയിൽ അനുവദിക്കുന്ന ആദ്യ കോളജാണിത്.
ഗോത്രവർഗജനതയുടെ പഠനോന്നതി ലക്ഷ്യമിട്ടാണെന്ന് കോളജ് അനുവദിക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇടത് സർക്കാറിെൻറ സാമൂഹികനീതി കാഴ്ചപ്പാടിന് തെളിവാണിത്. 70000 ഒാളം ഗോത്രവർഗ ജനങ്ങളുള്ള ജില്ലയാണ് ഇടുക്കി. അതിൽ 30000 പേരും കോളജിന് സമീപത്തെ നാല് പഞ്ചായത്തുകളിലാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ കൊഴിഞ്ഞുപോക്ക് പ്രവണത കൂടുതലുള്ള ജില്ലകളിൽ ഒന്നുമാണിത്. പുതിയ സ്ഥാപനം ഉന്നത വിദ്യാഭ്യാസരംഗത്ത് ഗോത്രവർഗജനതയുടെ കൂടിയ സാന്നിധ്യത്തിനും ഒപ്പംതന്നെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും സഹായിക്കും. രാജ്യത്ത് ഗോത്രവർഗ മാനേജ്മെൻറിന് കീഴിലെ ആദ്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനം അനുവദിച്ചത് ഒന്നാം പിണറായി സർക്കാറാണ്. മലയരയ എജുക്കേഷനൽ ട്രസ്റ്റിന് കീഴിൽ ശ്രീ ശബരീശ കോളജിൽ ഇപ്പോൾ അഞ്ച് കോഴ്സുകളിലായി ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.