തിരുവനന്തപുരം: നിയമനോത്തരവും നിയമന ശിപാർശയും ലഭിച്ച ആയിരക്കണക്കിന് ഉദ്യോഗാർഥികളെ പുറത്തുനിർത്തി ബി.എഡ്/ഡി.എൽ.എഡ് (പഴയ ടി.ടി.സി) വിദ്യാർഥികളെ ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ നീക്കം. കാസർകോട്, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർമാരാണ് ഇതിനായി നിർദേശം നൽകിയത്.
ഇങ്ങനെ നിയമിക്കുന്നവർക്ക് ഒാൺലൈൻ ക്ലാസ് നടത്താൻ മൊബൈൽ റീചാർജിനുള്ള തുക സ്കൂൾ പി.ടി.എകൾ വഴി നൽകുമെന്നും പറയുന്നു. ഇവർക്ക് മറ്റ് വേതനം നൽകുന്നകാര്യം വിദ്യാഭ്യാസ ഉപഡയറക്ടർമാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നില്ല.
ഈ അധ്യയനവർഷം വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾക്ക് പുറമെ സ്കൂൾതലത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, വിരമിച്ച തസ്തികകളിൽ നിയമനം നടത്താത്തതിനാൽ പല സ്കൂളുകളിലും അധ്യാപക ക്ഷാമം രൂക്ഷമാണ്. സംസ്ഥാനത്താകെ 6800ൽപരം അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പല സ്കൂളുകളിലും ഒേന്നാ രണ്ടോ അധ്യാപകർ മാത്രമാണുള്ളത്. 1600ൽപരം അധ്യാപകർക്ക് വിദ്യാഭ്യാസവകുപ്പ് നിയമനോത്തരവും 2513 പേർക്ക് പി.എസ്.സി നിയമന ശിപാർശയും നൽകിയിട്ടുണ്ടെങ്കിലും ജോയിൻ ചെയ്യാൻ അനുവദിച്ചിട്ടില്ല. സ്കൂൾ അടഞ്ഞുകിടക്കുന്ന കാലത്ത് ഇവർക്ക് ശമ്പളം നൽകേണ്ടിവരുമെന്ന് കണ്ടാണ് സർക്കാർ നടപടി.
എന്നാൽ, ആവശ്യമായ അധ്യാപകരില്ലാത്തതിനാൽ വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസിനുശേഷം കുട്ടികൾക്ക് പിന്തുണ പ്രവർത്തനങ്ങൾ ലഭിക്കുന്നില്ല. ഇൗ വർഷം മുതൽ സ്കൂൾതലത്തിൽ ഒാൺലൈൻ ക്ലാസ് കൂടി നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അധ്യാപകരില്ലാത്ത സാഹചര്യത്തിലാണ് ടീച്ചർ എജുക്കേഷൻ കോഴ്സിലുള്ള വിദ്യാർഥികളെ ഇറക്കിയുള്ള പരീക്ഷണം.
കഴിഞ്ഞവർഷം അധ്യാപക പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികളെയും നിലവിലെ അവസാനവർഷ വിദ്യാർഥികളെയും ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകൾ മുന്നോട്ടുകൊണ്ടുപോകാനാണ് നിർദേശിച്ചിരിക്കുന്നത്. ഇതിനായി ജില്ലകളിലെ ബി.എഡ് സെൻററുകൾ, ടി.ടി.ഐകൾ എന്നിവിടങ്ങളിൽനിന്നുള്ള ഒരു അധ്യാപകനെ നോഡൽ ഓഫിസറായി നിയമിക്കണമെന്നും ഇവരുടെ നേതൃത്വത്തിൽ താൽപര്യമുള്ള വിദ്യാർഥികളുടെ ലിസ്റ്റ് തയാറാക്കണമെന്നും നിർദേശമുണ്ട്. ഈ ലിസ്റ്റിൽനിന്ന് തെരഞ്ഞെടുക്കുന്നവർക്ക് ഒരുമാസത്തെ മെൻറർ ട്രെയിനിങ്ങും നൽകും. ഇവർക്ക് സർട്ടിഫിക്കറ്റുകളും നൽകാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.