കുമ്പള: ഉന്നത വിദ്യാഭ്യാസത്തിന്റെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച പരിഗണനയാണ് കാസര്‍കോട് ജില്ലക്ക് നല്‍കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്. ബിന്ദു. കുമ്പള ഐ.എച്ച്.ആര്.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് ഗ്രൗണ്ട് ഫ്ലോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണ് ഐ.എച്ച്ആര്‍.ഡി സ്ഥാപനങ്ങള്‍.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉയര്‍ന്ന പരിഗണനയാണ് കാസര്‍കോട് ജില്ലക്ക് നല്‍കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്കാന് ഐ.എച്ച്.ആര്.ഡിക്ക് സാധിക്കുന്നു. 1.60 കോടി രൂപ ചെലവഴിച്ചാണ് ഗ്രൗണ്ട് ഫ്ലോര്‍ നിര്‍മിച്ചിട്ടുള്ളത്.
ഒന്നാം നിലക്ക് 1.37 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. നേരത്തെ നിയമപഠനത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച ജില്ലയിലെ വിദ്യാര്‍ഥികള്‍ ഇന്ന് മഞ്ചേശ്വരത്തെ ലോ കോളജിലാണ് പഠിക്കാനെത്തുന്നതെന്നും മന്ത്രി ആര്.ബിന്ദു പറഞ്ഞു.
എ.കെ.എം. അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എൻജിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുമ്പാടം പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ.എച്ച്.ആര്.ഡി ഡയറക്ടര്‍ ഡോ.പി. സുരേഷ് കുമാര്‍ സ്വാഗതവും പ്രിന്‍സിപ്പൽ കെ.വി. നളിനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.