ന്യൂഡൽഹി: കോവിഡ് സാഹചര്യം മുൻനിർത്തി സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ സിലബസുകൾ 50 ശതമാനം വെട്ടിച്ചുരുക്കിയേക്കും. നേരത്തെ 30 ശതമാനം സിലബസ് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിദ്യാഭ്യാസ വർഷം പകുതി സിലബസ് നിലനിർത്തിയാൽ മതിയെന്ന തീരുമാനത്തിലേക്ക് എത്തുന്നതെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. പരീക്ഷാ നടത്തിപ്പ് 45-60 ദിവസങ്ങൾ നീട്ടിവെക്കാനും നീക്കമുണ്ട്. എന്നാൽ, ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല.
നേരത്തെ, സി.ബി.എസ്.ഇ സി.ഐ.എസ്.സി.ഇ 10, 12 ക്ലാസുകളിലെ സിലബസ് 30 ശതമാനം വെട്ടിക്കുറക്കാൻ ജൂലൈയിൽ തീരുമാനിച്ചിരുന്നു. ഒഴിവാക്കുന്ന പാഠഭാഗങ്ങളിൽ നിന്ന് പരീക്ഷക്ക് ചോദ്യങ്ങൾ ഉണ്ടാവില്ലെന്നും എന്നാൽ, എൻ.സി.ഇ.ആർ.ടിയുടെ അക്കാദമിക കലണ്ടർപ്രകാരമുള്ള എല്ലാ പാഠഭാഗങ്ങളും പഠിപ്പിക്കാൻ സ്ഥാപനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും സി.ബി.എസ്.ഇ വ്യക്തമാക്കിയിരുന്നു. വെട്ടിക്കുറച്ച സിലബസിൽ നിന്നുള്ള മാതൃകാ ചോദ്യപ്പേപ്പറും പ്രസിദ്ധീകരിച്ചിരുന്നു.
സി.ബി.എസ്.ഇക്ക് പിന്നാലെ നിരവധി സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളും സിലബസ് 30 ശതമാനത്തോളം വെട്ടിക്കുറക്കാൻ തയാറായിരുന്നു.
ക്ലാസുകൾ പുനരാരംഭിക്കാത്ത സാഹചര്യത്തിൽ 2021 ബോർഡ് പരീക്ഷക്ക് സിലബസ് വെട്ടിക്കുറക്കുമെന്ന് സി.ബി.എസ്.ഇയിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്യുന്നു. 30 ശതമാനമോ 50 ശതമാനമോ വെട്ടിക്കുറക്കുകയെന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ ക്ലാസുകളുടെ നിലവാരവും പ്രയോജനവും നഗര, അർധ നഗര, ഗ്രാമീണ മേഖലകളിൽ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ സ്കൂളുകളിലെ ക്ലാസുകൾ പുനരാരംഭിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാനാകൂ. സിലബസുകൾ പൂർത്തിയാക്കാനായി പരീക്ഷ ഏപ്രിലിലേക്ക് നീട്ടേണ്ടിവരുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. പരീക്ഷ നീട്ടണമെന്നും സിലബസ് കുറക്കണമെന്നും സ്കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ കോവിഡ് സാഹചര്യം പരിശോധിച്ച് 2020-21 അധ്യയന വർഷത്തിൽ സി.ഐ.എസ്.സി.ഇ സിലബസ് കുറക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന് സി.ഐ.എസ്.സി.ഇ ചീഫ് എക്സിക്യൂട്ടീവ് ജെറി അരാത്തൂൺ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, സിലബസ് കുറക്കൽ എത്രത്തോളമാണെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അൺലോക്ക് 5ന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിപ്പിക്കുന്നതിനുള്ള മാർഗനിർദേശം കേന്ദ്ര സർക്കാർ നൽകിയിരുന്നു. കണ്ടയിൻമെന്‍റ് സോണുകൾക്ക് പുറത്തെ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 15 മുതൽ പ്രവർത്തിക്കാനാണ് അനുമതി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാറുകൾക്ക് സ്വീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
അതേസമയം, കോവിഡ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ ഭൂരിഭാഗം രക്ഷിതാക്കളും വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. സ്കൂളുകൾ തുറന്നാലും ഹാജർനില കുറയാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.