പ്രവേശന യോഗ്യത നേടുന്നവർക്ക് മാത്രം സർട്ടിഫിക്കറ്റ്; റവന്യൂവകുപ്പ് നിർദേശം തള്ളി പരീക്ഷ കമീഷണറുടെ റിപ്പോർട്ട്

തിരുവനന്തപുരം: എൻജിനീയറിങ്, മെഡിക്കൽ, അനുബന്ധ കോഴ്സുകൾക്ക് പ്രവേശന യോഗ്യത നേടുന്നവർക്ക് മാത്രം വിവിധ ആനുകൂല്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കിയാൽ മതിയെന്ന റവന്യൂവകുപ്പ് നിർദേശം തള്ളി പ്രവേശന പരീക്ഷ കമീഷണറുടെ റിപ്പോർട്ട്. സർട്ടിഫിക്കറ്റുകൾ നേരേത്ത ലഭ്യമായാൽ മാത്രമേ ആവശ്യമായ പരിശോധന നടത്താൻ കഴിയൂവെന്നും പരീക്ഷഫലം പ്രസിദ്ധീകരിച്ച ശേഷം ഇതിന് സമയം ലഭിക്കില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

പ്രവേശനപരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന സമയത്ത് വില്ലേജ്, താലൂക്ക് ഓഫിസുകളുടെ മറ്റ് പ്രവർത്തനങ്ങൾ സ്തംഭിക്കുന്ന രീതിയിൽ ഒന്നര ലക്ഷത്തിലധികം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകേണ്ടിവരുന്നതിലെ പ്രയാസം ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കുറിപ്പ് നൽകിയിരുന്നു. ഇതിൽ റിപ്പോർട്ട് നൽകാൻ പ്രവേശനപരീക്ഷ കമീഷണർക്ക് നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നിർദേശത്തിലെ അപ്രായോഗികത വിശദീകരിച്ച് റിപ്പോർട്ട് നൽകിയത്.

പ്രവേശനത്തിന് അപേക്ഷിക്കുന്ന ഒന്നര ലക്ഷത്തോളം പേരിൽ അര ലക്ഷം പേരാണ് എൻജിനീയറിങ് റാങ്ക് പട്ടികയിൽ വരുന്നത്. ശേഷിക്കുന്നവർ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കാണ്. നീറ്റ് പരീക്ഷഫലം വരുന്നതിന് പിന്നാലെ മെഡിക്കൽ പ്രവേശന നടപടികൾ ആരംഭിക്കും. ഫലം വന്ന ശേഷം സർട്ടിഫിക്കറ്റുകൾ വാങ്ങി പരിശോധന നടത്തൽ പ്രായോഗികമല്ല. എസ്.സി, എസ്.ടി വിഭാഗത്തിൽ നിന്നുള്ളവരുടെ ജാതി സർട്ടിഫിക്കറ്റ് ഒരു മാസം സമയമെടുത്താണ് കിർത്താഡ്സ് പരിശോധിച്ച് നൽകുന്നത്. നിലവിലുള്ള രീതി പ്രകാരം സർട്ടിഫിക്കറ്റ് സമർപ്പിച്ചതിൽ പിഴവുണ്ടെങ്കിൽ തിരുത്താൻ വിദ്യാർഥികൾക്ക് സമയം നൽകുന്നുണ്ട്.

എന്നാൽ അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിൽ സർട്ടിഫിക്കറ്റ് പരിശോധന പ്രവേശനം നേടുന്ന കോളജുകളുടെ ചുമതലയാണ്. സർട്ടിഫിക്കറ്റിൽ പിഴവുണ്ടെങ്കിൽ വിദ്യാർഥിക്ക് തിരുത്താൻ പോലും അവസരം നൽകാതെ അലോട്ട്മെന്‍റ് റദ്ദാകും. സർട്ടിഫിക്കറ്റ് പരിശോധന മുൻകൂട്ടി നടത്തുന്നതിനാൽ സംസ്ഥാന അലോട്ട്മെന്‍റിൽ അത്തരം സാഹചര്യമുണ്ടാകില്ല. മാത്രവുമല്ല, സർട്ടിഫിക്കറ്റ് പരിശോധന സ്വകാര്യ സ്വാശ്രയ മെഡിക്കൽ, എൻജിനീയറിങ് കോളജുകളെ ഏൽപ്പിക്കുന്ന സാഹചര്യം കൃത്രിമം വരുത്താൻ വഴിയൊരുക്കും.

മെഡിക്കൽ പ്രവേശനത്തിൽ എൻ.ആർ.ഐ ക്വോട്ട രേഖകൾ കർശനപരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇത് സ്വാശ്രയ കോളജുകളെ ഏൽപ്പിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കും. അപേക്ഷക്കൊപ്പം സർട്ടിഫിക്കറ്റുകൾ വാങ്ങി പരിശോധിക്കുന്ന നിലവിലുള്ള രീതി ഹൈകോടതി ശരിവെച്ചിട്ടുമുണ്ട്. നിലവിലുള്ള രീതി തുടരുന്നതുതന്നെയാണ് അഭികാമ്യമെന്നും പ്രവേശനപരീക്ഷ കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് കൂടി പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പായിരിക്കും അന്തിമ തീരുമാനമെടുക്കുക.  

Tags:    
News Summary - Certificate only for those who qualify for entry; The Revenue Department's proposal was rejected by the Commissioner's report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.