കോവിഡ് സാഹചര്യത്തിൽ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ഒഴിവാക്കിയത്ചൂണ്ടിക്കാട്ടിയാണ് ഹരജി
കൊച്ചി: പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം അടിസ്ഥാനപ്പെടുത്തി ഇത്തവണത്തെ മെഡിക്കൽ -എൻജിനീയറിങ് പ്രവേശനം നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ സർക്കാർ നിലപാട് തേടിയ ജസ്റ്റിസ് ടി. ആർ. രവി ഇത് സംബന്ധിച്ച ഹരജി വീണ്ടും ജൂലൈ 21ന് പരിഗണിക്കാൻ മാറ്റി. കോളജുകളിലെ പ്രവേശനത്തിന് പ്രവേശന പരീക്ഷ മാനദണ്ഡമാക്കണമെന്നാവശ്യപ്പെട്ട് കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷനും സാൽവിയ ഹുസൈൻ, സിബി വിത്സൻ തുടങ്ങിയ സി.ബി.എസ്.ഇ വിദ്യാർഥികളും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്ന് സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ഒഴിവാക്കിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. സ്റ്റേറ്റ് സിലബസിൽ പ്ലസ് ടു പരീക്ഷ നടത്തിയെങ്കിലും കുട്ടികളുടെ നിലവാരം ശരിയായി വിലയിരുത്തുന്ന തരത്തിലല്ല പരീക്ഷയും മൂല്യ നിർണയവും നടത്തിയിരിക്കുന്നതെന്നതിനാൽ സ്റ്റേറ്റ് പ്ലസ് ടു പരീക്ഷയുടെ മാർക്കും കണക്കിലെടുക്കരുതെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
വിവിധ സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നടത്താൻ സമാന രീതിയിൽ എൻട്രൻസ് പരീക്ഷ നടത്തണം. അല്ലാത്തപക്ഷം സി.ബി.എസ്.ഇ -ഐ.സി.എസ്.ഇ സിലബസുകളിലെ അർഹരായ കുട്ടികൾക്ക് അവസരം നഷ്ടമാകുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാറിന് നൽകിയ നിവേദനത്തിൽ തീരുമാനമെടുക്കാൻ നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.