തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ എയ്ഡഡ് മാനേജ്മെൻറുകൾ കൈയടക്കിവെച്ചിരുന്ന കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ തിരിച്ചെടുത്ത് സർക്കാർ ഉത്തരവ്. മുന്നാക്ക സമുദായ മാനേജ്മെൻറുകൾ മാനേജ്മെൻറ് ക്വോട്ടയിലേക്ക് മാറ്റിയ പത്ത് ശതമാനം സീറ്റുകളാണ് ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ പ്രവേശനത്തിന് വഴിയൊരുക്കുന്നവിധം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്.
പ്ലസ് വൺ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് അംഗീകാരത്തിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശ അംഗീകരിച്ചുള്ള ഉത്തരവിലാണ് കമ്യൂണിറ്റി ക്വോട്ട സീറ്റുകളിൽ വ്യക്തത വരുത്തിയത്. 1991 ഫെബ്രുവരി 27ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മുന്നാക്ക സമുദായ മാനേജ്മെൻറ് സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകളിൽ 20 ശതമാനമാണ് മാനേജ്മെൻറ് ക്വോട്ട സീറ്റുകൾ. ഇതിന് പുറമെ ബന്ധപ്പെട്ട മാനേജ്മെൻറ് പ്രതിനിധീകരിക്കുന്ന സമുദായത്തിലെ കുട്ടികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാൻ പത്ത് ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റും അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് പ്ലസ് വൺ ഏകജാലക പ്രവേശനം നിലവിൽ വന്നതോടെ പത്ത് ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് കൂടി കൈയടക്കി 30 ശതമാനം സീറ്റുകളിലേക്കാണ് മാനേജ്മെൻറുകൾ പ്രവേശനം നടത്തിവന്നിരുന്നത്. ഇത് തിരുത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് കത്ത് നൽകാറുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് കണ്ണടക്കുകയായിരുന്നു.
ഇത്തവണ നൽകിയ ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിടുകയും പത്ത് ശതമാനം കമ്യൂണിറ്റി ക്വോട്ട നിലനിർത്താൻ തീരുമാനിക്കുകയുമായിരുന്നു.
ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾ നടത്തുന്ന എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെൻറ് ക്വോട്ടയും കമ്യൂണിറ്റി ക്വോട്ടയും 20 ശതമാനം വീതമാണ്. ഇവിടെ കമ്യൂണിറ്റി ക്വോട്ട സീറ്റ് പ്രവേശനം ഹയർ സെക്കൻഡറി ഡയറക്ടറേറ്റിെൻറ മേൽനോട്ടത്തിൽ മെറിറ്റടിസ്ഥാനത്തിൽ നടത്തുേമ്പാഴാണ് മുന്നാക്ക സമുദായ മാനേജ്മെൻറ് സ്കൂളുകൾ വർഷങ്ങളായി പത്ത് ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് മാനേജ്മെൻറ് ക്വോട്ടയാക്കി പ്രവേശനം നടത്തിയത്.
ഇതിൽ ഒട്ടുമിക്ക സ്കൂളുകളും വൻ തുക തലവരി വാങ്ങിയാണ് വിദ്യാർഥി പ്രവേശനം നടത്തുന്നതും. അതേസമയം, സർക്കാർ സ്കൂളുകളിൽ മുന്നാക്ക സംവരണം നിലവിലുള്ള രീതിയിൽ പത്ത് ശതമാനം തുടരാനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് മൊത്തം സംവരണം 58 ശതമാനം നിലനിർത്തി മുന്നാക്ക സംവരണം തുടരാൻ ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.