തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്‍റ്/ കമ്യൂണിറ്റി ക്വോട്ട സീറ്റ് വിഹിതത്തിൽ മാറ്റം വരുത്തിയുള്ള ഹൈകോടതി ഉത്തരവിനെ തുടർന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് വെള്ളിയാഴ്ചയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെ ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചാൽ മൂന്നു ദിവസം അപേക്ഷയിൽ തിരുത്തൽ വരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും സമയം നൽകും. ഇതിനു ശേഷം ആഗസ്റ്റ് മൂന്നിനോ നാലിനോ ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ഹൈകോടതി ഉത്തരവോടെ ന്യൂനപക്ഷ/ പിന്നാക്ക ഇതര സമുദായ മാനേജ്മെന്‍റുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ അനുവദിച്ചിരുന്ന 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് റദ്ദാകും. ഈ സീറ്റുകൾ കൂടി ഓപൺ മെറിറ്റിലേക്ക് ചേർക്കും.
എന്നാൽ, നേരത്തേ 30 ശതമാനം മാനേജ്മെന്‍റ് ക്വോട്ട സീറ്റിൽ പ്രവേശനം നടത്തിയിരുന്ന സമുദായ ഇതര സ്വതന്ത്ര മാനേജ്മെന്‍റുകൾക്ക് കീഴിലുള്ള സ്കൂളുകളിലെ 10 ശതമാനം സീറ്റുകൾ ഓപൺ മെറിറ്റിൽ ലയിപ്പിച്ച സർക്കാർ നടപടി കോടതി ശരിവെക്കുകയും ചെയ്തു. ഈ നടപടി ചോദ്യം ചെയ്താണ് ഒരുപറ്റം മാനേജ്മെന്‍റുകൾ കോടതിയെ സമീപിച്ചത്.
ആവശ്യം തള്ളിയ കോടതി ന്യൂനപക്ഷ/ പിന്നാക്ക ഇതര സമുദായ മാനേജ്മെന്‍റുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ അനുവദിച്ച 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് കൂടി ഓപൺ മെറിറ്റിൽ ലയിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. കോടതി ഉത്തരവോടെ മുഴുവൻ എയ്ഡഡ് സ്കൂളുകളിലെയും മാനേജ്മെന്‍റ് ക്വോട്ട സീറ്റ് 20 ശതമാനമായി. ഇതിനു പുറമെ, ന്യൂനപക്ഷ/ പിന്നാക്ക സമുദായ മാനേജ്മെന്‍റുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്ന 20 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.