തിരുവനന്തപുരം: പിന്നാക്ക സംവരണം (എസ്.ഇ.ബി.സി) ഉയർത്തുന്നതിൽ തീരുമാനമാകാത്തതിനെ തുടർന്ന് പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കാതെ ആയുർവേദ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.
ഓപ്ഷൻ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിച്ചെങ്കിലും പ്രവേശന നടപടികളുടെ അടിസ്ഥാന രേഖയായ പ്രോസ്പെക്ടസ് വൈകാതെ പ്രസിദ്ധീകരിക്കുമെന്ന അറിയിപ്പാണ് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. മെഡിക്കൽ, ഡെന്റൽ പി.ജി കോഴ്സുകളിലെ എസ്.ഇ.ബി.സി സംവരണം ഒമ്പത് ശതമാനത്തിൽനിന്ന് 27ആയി ഉയർത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.
ആരോഗ്യ/ ആയുഷ് വകുപ്പുകൾക്ക് കീഴിലുള്ള മറ്റ് പി.ജി കോഴ്സുകളിലെ എസ്.ഇ.ബി.സി സംവരണവും ഉയർത്തണമെന്ന് പിന്നാക്ക സമുദായ സംഘടനകൾ ആവശ്യമുയർത്തിയിരുന്നു. മറ്റ് പി.ജി കോഴ്സുകളിലെ എസ്.ഇ.ബി.സി സംവരണം ഉയർത്തുന്നത് പരിശോധിച്ചുവരികയാണെന്ന് കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പി. ഉബൈദുല്ല എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കലിന് ആരോഗ്യമന്ത്രി വീണ ജോർജ് മറുപടി നൽകിയിരുന്നു. എന്നാൽ, സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല.
മെഡിക്കൽ പി.ജി സീറ്റുകളിലെ എസ്.ഇ.ബി.സി സംവരണം 30 ശതമാനമാക്കി ഉയർത്താനാണ് സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ സർക്കാറിന് റിപ്പോർട്ട് നൽകിയത്. വിവിധ വകുപ്പ് മേധാവികളെ നേരിട്ട് വിളിച്ച് കമീഷൻ അഭിപ്രായം തേടിയപ്പോൾ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുവേണ്ടി ഹാജരായ ഉദ്യോഗസ്ഥൻ ഈ നിർദേശത്തെ എതിർത്തിരുന്നു.
ആയുർവേദ പി.ജി കോഴ്സ് പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് തയാറാക്കി സമർപ്പിക്കേണ്ടത് ഇതേ ഡയറക്ടറേറ്റ് തന്നെയാണ്. മെഡിക്കൽ, ഡെന്റൽ പി.ജി കോഴ്സുകളിലെ സംവരണം 27 ശതമാനമാക്കി ഉയർത്തിയശേഷം പുറത്തുവന്ന എം.എസ്സി നഴ്സിങ് പ്രോസ്പെക്ടസിലും ഇതിനനുസൃതമായി സംവരണം ഉയർത്തിയിരുന്നു. സംവരണം ഉയർത്താനുള്ള നിർദേശത്തോട് നിഷേധാത്മക നിലപാടാണ് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് തുടക്കം മുതൽ സ്വീകരിച്ചത്. ഇതോടെയാണ് പ്രോസ്പെക്ടസിൽ ഇതിനനുസൃതമായ ഭേദഗതി വൈകിയത്.
ഫലത്തിൽ പ്രവേശന നടപടികളുടെ അടിസ്ഥാനരേഖയായ പ്രോസ്പെക്ടസ് ഇല്ലാതെ ആയുർവേദ പി.ജി കോഴ്സുകളിലെ പ്രവേശനത്തിന് വിജ്ഞാപനമിറക്കേണ്ടി വന്നു. സംവരണ ശതമാനത്തിൽ ഉൾപ്പെടെ വ്യക്തത വരുത്താതെയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഓപ്ഷൻ സമർപ്പണം അവസാനിക്കുന്ന തീയതിയും നിശ്ചയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.