തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2024-25 അധ്യയനവര്‍ഷം ബിരുദപ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. ജൂണ്‍ ഒന്നിന് വൈകീട്ട് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷഫീസ്: എസ്.സി/എസ്.ടിക്കാർക്ക് 195 രൂപയും മറ്റുള്ളവര്‍ക്ക് 470 രൂപയും. വെബ്സൈറ്റ് www.admission.uoc.ac.in.
വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി 311 കോളജുകളിലേക്കാണ് പ്രവേശനം. ഇതില്‍ 35 ഗവ. കോളജുകള്‍, 47 എയ്ഡഡ് കോളജുകള്‍, 219 സ്വാശ്രയ കോളജുകള്‍, സര്‍വകലാശാലയുടെ 10 സ്വാശ്രയ സെന്ററുകള്‍ എന്നിവയാണുള്ളത്. ബി.എ - 47, ബി.എസ് സി - 37, ബി.കോം - അഞ്ച്, ബി.വോക് - 35 എന്നിങ്ങനെയാണ് പ്രോഗ്രാമുകള്‍.
ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികള്‍ക്ക് ‘സി.യു.എഫ്.വൈ.യു.ജി ചട്ടം 2024’ലെ വ്യവസ്ഥകള്‍ക്കു വിധേയമായി മൂന്നു വര്‍ഷത്തെ യു.ജി ബിരുദം, നാലു വര്‍ഷത്തെ യു.ജി ബിരുദം (ഓണേഴ്സ്), നാലു വര്‍ഷത്തെ യു.ജി ബിരുദം (ഓണേഴ്സ് വിത്ത് റിസർച്) എന്നീ ഓപ്ഷനുകളില്‍ പഠനം പൂര്‍ത്തീകരിക്കാം.
നിലവിലുള്ള മൂന്നു വര്‍ഷത്തെ ബി.വോക് പ്രോഗ്രാമുകള്‍ സി.യു.എഫ്.വൈ.യു.ജി ചട്ടത്തിന്റെ പരിധിയില്‍ വരില്ല. എന്നാല്‍, പ്രവേശനം ഈ അലോട്ട്മെന്റ് പ്രക്രിയയിലൂടെതന്നെയായിരിക്കും. 2024-25 അധ്യയന വര്‍ഷത്തെ പ്രവേശനം മുതല്‍ ബി.കോം, ബി.ബി.എ എന്നിവയുള്‍പ്പെടെ എല്ലാ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍ക്കും സ്പെഷലൈസേഷന് ഉണ്ടായിരിക്കും.
വിവിധ കോളജുകളില്‍ ലഭ്യമായ ബിരുദപ്രോഗ്രാമുകളുടെ മേജര്‍, മൈനര്‍, സ്പെഷലൈസേഷന് എന്നിവയുടെ വിശദാംശങ്ങള്‍ അതത് കോളജുകളുടെ വെബ്സൈറ്റില്‍/നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് വിദ്യാർഥികള്‍ക്ക് 20 ഓപ്ഷന് വരെ നല്‍കാം.
ഗവ., എയ്ഡഡ്, സ്വാശ്രയ കോളജുകളിലെ കോഴ്സുകളില്‍ വിദ്യാർഥികള്‍ക്ക് താൽപര്യമുള്ള ഓപ്ഷനുകള്‍ മുന്‍ഗണനാക്രമത്തില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. സ്വാശ്രയ കോഴ്സുകളുടെ ഫീസ് എയ്ഡഡ്/ഗവണ്മെന്റ് കോഴ്സുകളുടെ ഫീസില്‍നിന്ന് വ്യത്യസ്തമായിരിക്കും.
കമ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം ലഭിക്കേണ്ടവര്‍ തിരഞ്ഞെടുക്കുന്ന 20 കോളജ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്ന എയ്ഡഡ് കോളജുകളിലെ അര്‍ഹമായ കമ്യൂണിറ്റി ക്വോട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്യൂണിറ്റിക്കും അര്‍ഹമായ കോളജുകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ടെടുത്ത വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യാനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനില്‍ ലഭിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാർഥികള്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് യൂനിവേഴ്സിറ്റിയിലേക്കോ കോളജുകളിലേക്കോ അയക്കേണ്ടതില്ല.
എന്നാല്‍, അഡ്മിഷന് ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്റൗട്ട് മറ്റ് അനുബന്ധ രേഖകളോടൊപ്പം അതത് കോളജുകളില്‍ സമര്‍പ്പിക്കണം. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. മാനേജ്മെന്റ്, സ്പോർട്സ് ക്വോട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളുമായി നേരിട്ട് ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കണം.
അലോട്ട്മെന്റ്, അഡ്മിഷന് തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അതത് സമയത്ത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഈ നിര്‍ദേശങ്ങള്‍/സര്‍വകലാശാല വാര്‍ത്തകള്‍ എന്നിവ ശ്രദ്ധിക്കണം. അലോട്ട്മെന്റ്/അഡ്മിഷന് എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത അറിയിപ്പുകള് സര്‍വകലാശാല നല്‍കുന്നതല്ല. ഫോൺ: 0494 2660600, 2407016, 2407017.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.