മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച് സെൻററിന് (ബാർക്ക്) കീഴിലുള്ള റേഡിയേഷൻ മെഡിസിൻ സെൻറർ 2018-19 വർഷം നടത്തുന്ന ഡിപ്ലോമ ഇൻ മെഡിക്കൽ റേഡിയോ െഎസോടോപ് ടെക്നിക്സ് (ഡി.എം.ആർ.െഎ.ടി) കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് സെമസ്റ്ററുകളായുള്ള ഒരുവർഷത്തെ ഫുൾടൈം കോഴ്സാണിത്. ആകെ 10 സീറ്റുകളാണുള്ളത്.
പ്രവേശന യോഗ്യത: ബി.എസ്സി (കെമിസ്ട്രി/ഫിസിക്സ്/മാത്തമാറ്റിക്സ്/സുവോളജി/ മൈക്രോബയോളജി/ ബയോ കെമിസ്ട്രി/ ബയോ ഇൻഫർമാറ്റിക്സ്/ ബയോ ടെക്നോളജി) മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. ബി.എസ്സി ഡിഗ്രി തലത്തിൽ ഫിസിക്സ് അല്ലെങ്കിൽ കെമിസ്ട്രി ഒരു വിഷയമായി പഠിച്ചിരിക്കണം. ഫൈനൽ ബി.എസ്സി പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. എന്നാൽ ഒന്നും രണ്ടും വർഷ പരീക്ഷകളിൽ 50 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം.
പ്രായം 2018 മേയ് ഒന്നിന് 35 വയസ്സ് കവിയരുത്. ഒ.ബി.സിക്കാർക്ക് മൂന്ന് വർഷവും എസ്.സി/എസ്.ടിക്കാർക്ക് അഞ്ച് വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും സ്പോൺസേർഡ് വിഭാഗക്കാർക്ക് 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷ ഒാൺലൈനായി www.barc.gov.in/http://recruit.barc.gov.in-ൽ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. മേയ് 14വരെ അപേക്ഷ സ്വീകരിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാർ സർവിസിലും പൊതുമേഖല സ്ഥാപനങ്ങളിലും മറ്റും ജോലി നോക്കുന്നവർക്ക് സ്പോൺസേർഡ് വിഭാഗത്തിൽ അപേക്ഷിക്കാം. എന്നാൽ ഒാൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി ആവശ്യമുള്ള രേഖകൾ സഹിതം ബന്ധപ്പെട്ട മേലധികാരികൾ മുഖേന അയക്കണം.
കോഴ്സിന് ഫീസ് ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ 8000 രൂപ എൻറോൾമെൻറ് ഫീസായി നൽകണം. കോഷൻ ഡെപ്പോസിറ്റായി 2000 രൂപ കൂടി നൽകേണ്ടതുണ്ട്.
വിജയകരമായി പഠന-പരിശീലനങ്ങൾ പൂർത്തിയാക്കുന്നവർക്ക് ന്യൂക്ലിയർ മെഡിസിൻ സെൻററുകളിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റായി ജോലി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.barc.gov.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.