കൊച്ചി: ദേശീയ ഓപൺ വിദ്യാഭ്യാസ സംവിധാനത്തിലൂടെ ഹയർ സെക്കൻഡറി യോഗ്യത നേടിയ വിദ്യാർഥികൾക്ക് നിയമപഠനത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് ഹൈകോടതി. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിബന്ധനപ്രകാരം ഓപൺ സ്കൂൾ യോഗ്യതയുള്ളവർക്ക് പ്രവേശനം നൽകാനാവില്ലെന്ന വാദം തള്ളിയാണ് ജസ്റ്റിസ് എൻ. നഗരേഷിെൻറ ഉത്തരവ്.
പൂത്തോട്ട ശ്രീനാരായണ ലോ കോളജിൽ ഇൻറഗ്രേറ്റഡ് കോഴ്സുകളായ ബി.എ എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി കോഴ്സുകൾക്ക് പ്രവേശനം തേടി നൽകിയ അപേക്ഷ പരിഗണിക്കാത്തതിനെതിരെ കോഴിക്കോട് ബാലുശ്ശേരി, എറണാകുളം കലൂർ സ്വദേശികളായ വിദ്യാർഥികൾ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ആദ്യ വർഷം റെഗുലർ ക്ലാസിൽ പ്ലസ് വൺ പൂർത്തിയാക്കിയശേഷം കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന് കീഴിലെ സ്വയം ഭരണ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിൽനിന്ന് ഹയർ സെക്കൻഡറി സ്കൂൾ എക്സാമിനേഷൻ സർട്ടിഫിക്കറ്റ് നേടിയവരാണ് ഹരജിക്കാർ.
ഒരു വർഷത്തെ കോഴ്സുകൊണ്ട് സമ്പാദിച്ച ഹയർ സെക്കൻസറി സ്കൂൾ സർട്ടിഫിക്കറ്റ് എൽഎൽ.ബി പ്രവേശനത്തിന് പരിഗണിക്കാനാവില്ലെന്നായിരുന്നു അപേക്ഷ നിരസിച്ച് കോളജ് അധികൃതർ അറിയിച്ചത്. എന്നാൽ അഞ്ചു വർഷത്തെ ഇൻറഗ്രേറ്റഡ് ബിരുദ കോഴ്സിെൻറ പ്രവേശനത്തിന് അടിസ്ഥാന യോഗ്യതയായി ഹയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് നിശ്ചയിച്ച സാഹചര്യത്തിൽ പ്രവേശനത്തിന് പരിഗണിക്കുന്നതിൽനിന്ന് ഹരജിക്കാരെ ഒഴിവാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പഠനം ഡിസ്റ്റൻസ് വിദ്യാഭ്യാസ രീതിയിലായിരുന്നു എന്നത് അയോഗ്യതയാകുന്നില്ല. മറ്റ് യോഗ്യതകളുണ്ടെങ്കിൽ ഇരുവർക്കും പ്രവേശനത്തിന് അർഹതയുണ്ടെന്നും അപേക്ഷ പരിഗണിക്കണമെന്നും കോളജിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.