തിരുവനന്തപുരം: മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കാൻ നിയമനിർമാണം നടത്തിയിട്ടും എസ്.എസ്.എൽ.സി പരീക്ഷ മലയാളം മീഡിയത്തിൽ എഴുതുന്ന കുട്ടികളുടെ എണ്ണം രണ്ട് ലക്ഷത്തിന് താഴെ. മാർച്ച് 31ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് 4,26,967 പേരാണ്. അതിൽ 2,31,606 പേരും (54.24 ശതമാനം) ഇംഗ്ലീഷ് മീഡിയത്തിലാണ്. 1,91,756 പേരാണ് മലയാളം മീഡിയത്തിൽ പരീക്ഷയെഴുതുന്നത്. 2,150 കുട്ടികൾ തമിഴ് മീഡിയത്തിലും 1,455 പേർ കന്നടയിലുമാണ്.
കഴിഞ്ഞവർഷം വരെ മലയാളം മീഡിയത്തിൽ പഠിച്ച് പരീക്ഷ എഴുതുന്ന കുട്ടികൾ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു. കഴിഞ്ഞവർഷം ഇംഗ്ലീഷ് മീഡിയത്തിൽ 2,17,992 പേരും 200338 പേർ മലയാളം മീഡിയത്തിലുമായിരുന്നു.
ഒരു വർഷത്തിനിടെ മലയാളം മീഡിയക്കാരുടെ കുറവ് 8582. ഏതാനും വർഷമായി ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളുടെ എണ്ണം വർധിച്ചുവന്ന് കഴിഞ്ഞവർഷം മലയാളം വിദ്യാർഥികെളക്കാൾ കൂടുതലായിരുന്നു. 2015ൽ മലയാളം മീഡിയത്തിൽ പഠിച്ച് പരീക്ഷയെഴുതിയവർ 332693ഉം ഇംഗ്ലീഷ് മീഡിയത്തിൽ 130093ഉം ആയിരുന്നു. ഏഴ് വർഷത്തിനിടെ മലയാളം മീഡിയം കുട്ടികളുടെ എണ്ണം 1.4 ലക്ഷത്തോളം കുറഞ്ഞു.
അൺ എയ്ഡഡ് സ്കൂളുകളിലേക്കുള്ള കൊഴിഞ്ഞുപോക്ക് തടയുന്നത് ലക്ഷ്യമിട്ടാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കൂടി ഇംഗ്ലീഷ് മീഡിയം തുടങ്ങിയത്. ഇവക്ക് പ്രിയമേറിയതോടെ 2015 മുതൽ മലയാളം മീഡിയം തെരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുതുടങ്ങി. എല്ലാ സ്കൂളിലും ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ മലയാളപഠനം നിർബന്ധമാക്കുന്ന ബിൽ നിയമസഭ പാസാക്കി ചട്ടങ്ങൾ തയാറാക്കിയിരുന്നു.
സർക്കാർ ജോലിക്ക് ഉൾപ്പെടെ മലയാളപഠനം നിർബന്ധമാക്കാൻ സർക്കാർ ആലോചിക്കുന്നതിനിടെയാണ് സ്കൂൾ പഠന മാധ്യമം എന്ന നിലയിൽ കുട്ടികൾ മലയാളത്തെ കൈയൊഴിയുന്ന കണക്ക് പുറത്തുവരുന്നത്.
പരീക്ഷ എഴുതിയവർ: (വർഷം, മലയാളം, ഇംഗ്ലീഷ് ക്രമത്തിൽ)
2015 3,32,693 1,30,093
2016 3,20,897 1,48,093
2017 2,88,564 1,62,103
2018 2,61,670 1,74,561
2019 2,43,093 1,87,592
2020 2,16,966 2,01,246
2021 2,00,338 2,17,992
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.