ടൊറന്റോ: ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. ജീവിത ചെലവ് കുത്തനെ വർധിക്കുന്ന സാഹചര്യത്തിലും കാനഡയിലെ വിദേശ വിദ്യാർഥികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞുവെന്നാണ് ഔദ്യോഗിക കണക്ക്. ഇന്ത്യൻ വിദ്യാർഥികളാണ് ഇതിൽ ഏറ്റവും കുടുതൽ. ചൈനയാണ് തൊട്ടുപിന്നിൽ. 2023 ഡിസംബറോടെ 1,028,850 വിദ്യാർഥികൾ കാനഡയിൽ പഠിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിൽ പകുതിയിലേറെയും ഒന്റാറിയോയിലാണെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ.ആർ.സി.സി) പറഞ്ഞു. 202,565 പേർ ബ്രിട്ടീഷ് കൊളംബിയയിലും 117,925 പേർ ക്യൂബെക്കിലും 18,695 പേർ സസ്‌കാച്ചെവാനിലും 10 പേർ നുനാവുട്ടിലും ആണുള്ളത്.
2019നെ അപേക്ഷിച്ച് വളരെ ഉയർന്ന നിരക്കാണിത്. 2019ൽ 1,028,850 പേരായിരുന്നപ്പോൾ 2022ൽ കാനഡയിലെത്തിയ വിദ്യാർഥികളുടെ എണ്ണം 807,260 ആയി.
ഏതാണ്ട് 60,000ത്തിലേറെ വിദേശവിദ്യാർഥികൾക്ക് 2023ൽ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ചു. വിദേശവിദ്യാർഥികളും സ്ഥിര താമസക്കാരല്ലാത്തവരും താൽകാലിക വിദേശ തൊഴിലാളികളും ചേർന്നതാണ് കാനഡയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും. ജീവിത ചെലവ് കുത്തനെ വർധിക്കുന്നത് സർക്കാരിന് തിരിച്ചടിയാകുന്ന സാഹചര്യത്തിൽ വിദേശവിദ്യാർഥികളുടെ കുത്തൊഴുക്ക് നിയന്ത്രിക്കുമെന്ന് കഴിഞ്ഞാഴ്ച കുടിയേറ്റ മന്ത്രി മാർക്ക് മില്ലർ അറിയിച്ചിരുന്നു.
ഖലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രതർക്കത്തെ തുടർന്ന് കാനഡ ഇന്ത്യൻ വിദ്യാർഥികൾക്കു നൽകുന്ന പെർമിറ്റ് നാലുശതമാനം വെട്ടിക്കുറച്ചിരുന്നു. എന്നിട്ടും വിദേശവിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യക്കാർ തന്നെയാണ് മുമ്പിൽ. കാനഡയിൽ ഉയർന്ന വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർഥിയുടെ അക്കൗണ്ടിൽ 10,000 ഡോളർ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.