നാലുവർഷ കോഴ്സിലേക്ക്; മാർഗനിർദേശം സമർപ്പിക്കാൻ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ അടുത്തവർഷം മുതൽ ത്രിവത്സര ബിരുദ കോഴ്സുകൾക്കു പകരം നാലുവർഷ കോഴ്സ് കൊണ്ടുവരാൻ സർക്കാർ നടപടി തുടങ്ങി. നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തയാറാക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ പരിഷ്കരണ നിർവഹണ സെല്ലിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.

പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച നിർദേശങ്ങളും സെൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഘട്ടംഘട്ടമായി കോളജുകളിൽ മൂന്നുവർഷ ബിരുദ കോഴ്സുകൾ നിർത്തലാക്കാനും നാലുവർഷ കോഴ്സുകൾ ആരംഭിക്കാനുമാണ് പദ്ധതി.

നാലുവർഷ കോഴ്സിന് ചേരുന്ന വിദ്യാർഥിക്കാവശ്യമെങ്കിൽ മൂന്നുവർഷം പൂർത്തിയാകുമ്പോൾ കോഴ്സിൽനിന്ന് പുറത്തുപോകാൻ (സിംഗ്ൾ എക്സിറ്റ്) അവസരമൊരുക്കും. അടുത്ത അധ്യയന വർഷം ഒരേ വിഷയത്തിൽ യു.ജി, പി.ജി കോഴ്സുകൾ നടത്തുന്ന കോളജുകളിലായിരിക്കും നാലുവർഷ ബിരുദ കോഴ്സ് തുടങ്ങുക.

തുടർന്ന്, യു.ജി കോഴ്സുകൾ മാത്രമുള്ള കോളജുകളിലെ കോഴ്സുകൾക്കു പകരവും നാലുവർഷ ബിരുദ കോഴ്സുകൾ അനുവദിക്കും. നിലവിലുള്ള മൂന്നുവർഷ കോഴ്സിന്‍റെ ഘടനയിലും പാഠ്യപദ്ധതിയിലും കാതലായ മാറ്റങ്ങളോടെയായിരിക്കും പുതിയ കോഴ്സ് രൂപകൽപന ചെയ്യുക.

ആദ്യ വർഷത്തിൽ ഭരണഘടന മൂല്യങ്ങൾ ഉൾപ്പെടെയുള്ളവ ഉൾക്കൊള്ളിച്ചുള്ള ഫൗണ്ടേഷൻ കോഴ്സായിരിക്കും. നാലാം വർഷത്തിൽ ഇൻഡസ്ട്രി ഇന്‍റേൺഷിപ്, വൊക്കേഷനൽ ട്രെയിനിങ്, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവക്ക് പ്രാമുഖ്യം നൽകും.

ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രത്യേക ക്രെഡിറ്റ് അനുവദിക്കും. മൂന്നുവർഷം പൂർത്തിയാക്കി കോഴ്സ് അവസാനിപ്പിക്കുന്നവർക്ക് നിലവിലുള്ള രീതിയിലുള്ള ബിരുദം നൽകും. നാലുവർഷ ബിരുദ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഒരു വർഷം കൊണ്ട് പി.ജി കോഴ്സ് പൂർത്തിയാക്കാൻ നിശ്ചിത ശതമാനം സീറ്റുകൾ ലാറ്ററൽ എൻട്രിക്കായി നീക്കിവെക്കും.

മൂന്നു മുതൽ അഞ്ചു വർഷത്തിനിടെ, ത്രിവത്സര കോഴ്സുകളുടെ സ്ഥാനത്ത് പൂർണമായും നാലുവർഷ കോഴ്സ് കൊണ്ടുവരാനാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നത്.

ഇതിനനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിക്കാനാകുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂടും (ഹയർ എജുക്കേഷൻ കരിക്കുലം ഫ്രെയിംവർക്ക്) തയാറാക്കും. ഇതിനായി വിദഗ്ധ സമിതിക്ക് രൂപം നൽകും. അടുത്ത മാർച്ചിനകം പാഠ്യപദ്ധതി ചട്ടക്കൂടിന്‍റെ കരട് തയാറാക്കുകയാണ് ലക്ഷ്യം.  

Tags:    
News Summary - four-year graduation course-Ordered to submit guidance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.