കോട്ടയം: സംസ്ഥാനത്തെ സർവകലാശാലകൾക്കുള്ള സർക്കാറിന്റെ പ്രതിമാസ ഗ്രാന്റ് ഒരു ഗഡു വെട്ടിക്കുറച്ച് ഉത്തരവ്. കേരള, എം.ജി, കാലിക്കറ്റ്, സംസ്കൃത, കുസാറ്റ്, കണ്ണൂർ സർവകലാശാലകളുടെ ഒരു ഗഡു പദ്ധതിയേതര ഗ്രാന്റാണ് റദ്ദാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാല രജിസ്ട്രാർമാരെ അറിയിച്ചിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്തെ സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പ്രതിമാസ ശമ്പളവും പെൻഷനും നൽകുന്നത് ഗ്രാന്റ് തുകയിൽ നിന്നായതിനാൽ ഗഡു റദ്ദാക്കിയത് ശമ്പളവിതരണത്തെയും പെൻഷനെയും ദോഷകരമായി ബാധിക്കും. റിട്ടയർ ചെയ്യുന്നവർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം നൽകുന്നതും തടസ്സപ്പെട്ടിരിക്കുകയാണ്. സർവകലാശാലകളുടെ സ്ഥിര നിക്ഷേപം പിൻവലിച്ചോ യു.ജി.സി അനുവദിച്ചിട്ടുള്ള പദ്ധതി ഫണ്ടിൽനിന്നോ ബാങ്കിൽനിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്തോ ശമ്പളവും പെൻഷനും നൽകാനും ഗ്രാന്റ് ഗഡു അടുത്ത വർഷത്തെ ഗ്രാന്റ് വിഹിതത്തിൽപെടുത്തി നൽകുമെന്നുമായിരുന്നു സർക്കാർ നേരേത്ത നൽകിയിരുന്ന ഉറപ്പ്.
അതിനിടെ, സ്റ്റേറ്റ് ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള സർവകലാശാല ഫണ്ട് അടിയന്തരമായി സംസ്ഥാന ട്രഷറിയിലേക്ക് മാറ്റാനുള്ള നിർദേശം യൂനിവേഴ്സിറ്റികൾ നടപ്പാക്കിയതോടെ ഗവേഷണ പ്രോജക്ടുകൾക്ക് യു.ജി.സി അനുവദിച്ച തുകപോലും യഥാസമയം പിൻവലിക്കാനാവുന്നില്ലെന്ന പരാതി പ്രോജക്ട് ഡയറക്ടർമാർക്കുണ്ട്.
പുതുതായി സർവകലാശാലകൾ ആരംഭിച്ചതും ആഭ്യന്തര വരുമാനം കുറഞ്ഞതും വ്യാപകമായി നടത്തുന്ന അധ്യാപക നിയമനങ്ങൾക്ക് കൂടുതൽ തുക വേണ്ടിവന്നതും മൂലം സർക്കാർ ഖജനാവിൽനിന്ന് സർവകലാശാലകളുടെ പ്രവർത്തനത്തിന് കൂടുതൽ തുക ആവശ്യമായി വന്നു.
കേരള സർവകലാശാലക്ക് പ്രതിമാസ ഗഡു ഇനത്തിൽ 30 കോടി, കാലിക്കറ്റ് 20 കോടി, എം.ജി 16 കോടി, കുസാറ്റ് 14 കോടി, സംസ്കൃത ആറുകോടി, കണ്ണൂർ അഞ്ചുകോടിയുമാണ് സർക്കാർ നൽകേണ്ടത്.
ഗ്രാന്റ് ഗഡു റദ്ദാക്കിയത് സർവകലാശാലകളുടെ അക്കാദമിക് പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും. കേരള, കാലിക്കറ്റ്, കൊച്ചി സർവകലാശാലകൾക്കും കാർഷിക സർവകലാശാലക്കും പെൻഷൻ ഇനത്തിൽതന്നെ വലിയൊരു തുക കണ്ടെത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.