ബോധ്ഗയ, ജമ്മു എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെന്റ് (IIM) 2024-25 വർഷം നടത്തുന്ന ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമിലേക്കുള്ള (ഐ.പി.എം) ജോയന്റ് അഡ്മിഷൻ ടെസ്റ്റ് (ജിപ്മാറ്റ്-2024) ദേശീയതലത്തിൽ ജൂൺ 6ന് സംഘടിപ്പിക്കും. മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിൽ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റാ ഇന്റർപ്രട്ടേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ എന്നിവയിൽ 100 ചോദ്യങ്ങളുണ്ടാവും. ശരിയുത്തരത്തിന് 4 മാർക്ക് വീതം പരമാവധി 400 മാർക്കിനാണ് പരീക്ഷ. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് വീതം കുറക്കും.
നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ സെന്ററുകളുണ്ട്. ജിപ്മാറ്റ്-2024 വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://exams.nta.ac.in/JIPMAT ൽനിന്ന് ഡൗൺലോഡ് ചെയ്യാം.
രജിസ്ട്രേഷൻ ഫീസ് ജനറൽ/ഒ.ബി.സി-എൻ.സി.എൽ വിഭാഗങ്ങൾക്ക് 2000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ഇ.ഡബ്ല്യു.എസ്/ട്രാൻസ്ജൻഡർ വിഭാഗങ്ങളിൽപെടുന്നവർക്ക് 1000 രൂപ.
ഇന്ത്യക്ക് പുറത്ത് 10,000 രൂപയാണ് ഫീസ്. സർവിസ്/പ്രോസസിങ് ചാർജ്, ജി.എസ്.ടി എന്നിവകൂടി നൽകേണ്ടതുണ്ട്. ക്രഡിറ്റ്/ഡബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടക്കാം. ടെസ്റ്റിൽ പങ്കെടുക്കുന്നതിന് ഓൺലൈനായി ഏപ്രിൽ 21 വൈകീട്ട് 5 മണിവരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനുള്ള മാർഗനിർദേശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
ആർട്സ്, കൊമേഴ്സ്, സയൻസ് സ്ട്രീമിൽ ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ 2022, 2023 വർഷം വിജയിച്ചിട്ടുള്ളവർക്കും 2024ൽ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും ടെസ്റ്റിന് അപേക്ഷിക്കാം. ജിപ്മാറ്റ്-2024 റാങ്കടിസ്ഥാനത്തിലാണ് അഡ്മിഷൻ. പ്ലസ് ടുകാർക്ക് മികച്ച സ്ഥാപനത്തിൽ മാനേജ്മെന്റ് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.