തിരുവനന്തപുരം: ബിരുദ പഠന മേഖലയിലെ മാറ്റത്തിനുസൃതമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്താൻ ലക്ഷ്യമിട്ട് അധ്യാപകരുടെ അവധിക്കാല പരിശീലനം പുനരാരംഭിക്കുന്നു. ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് അധ്യാപക പരിശീലനം. അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സർവകലാശാലകളിൽ ബിരുദ കോഴ്സുകൾ നാല് വർഷമാവും.
ബിരുദ പാഠ്യപദ്ധതിയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന സാഹചര്യത്തിലാണ് ഹയർ സെക്കൻഡറിയിൽ ഗുണമേന്മ ഉറപ്പാക്കാൻ അധ്യാപക പരിശീലനം തുടങ്ങാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പങ്കാളിത്തത്തിൽ തിരുവനന്തപുരത്ത് ആശയരൂപവത്കരണ ശില്പശാല നടത്തി.
രാജ്യത്തെ മുഴുവൻ പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. ഹയർ സെക്കൻഡറി പഠനശേഷമാണ് വിദ്യാർഥികൾ പ്രവേശന പരീക്ഷകൾക്കായി തയാറെടുക്കുന്നത്. സി.യു.ഇ.ടി, നീറ്റ്, ജെ.ഇ.ഇ ഉൾപ്പെടെ പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കുന്നത് ഹയർസെക്കൻഡറി പൂർത്തിയാക്കുന്നവരാണ്. പ്രവേശന പരീക്ഷകൾ എല്ലാം ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇതുവരെ 5300 അധ്യാപകർക്ക് മാത്രമാണ് ഹയർസെക്കൻഡറി തലത്തിൽ പരിശീലനം നൽകിയത്. മെയ് 20 മുതൽ 14 ജില്ലാ കേന്ദ്രങ്ങളിലായി 28,028 അധ്യാപകർക്ക് പരിശീലനം നൽകാനാണ് ഉദ്ദേശം. കേരളത്തിലെ മുഴുവൻ ഹയർസെക്കൻഡറി അധ്യാപകർക്കും നാല് ദിവസം നീളുന്ന നോൺ-റസിഡൻഷ്യൽ പരിശീലനമാണ് നൽകുക. ഒരു വിഷയത്തിൽ 40 പേരുള്ള ബാച്ചുകളിലായി പരിശീലനം നൽകും.
ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാർക്കും പരിശീലനം സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.