ദുബൈ: രാജ്യം ഉന്നത വിദ്യഭ്യാസ മേഖലയിൽ വലിയ മുന്നേറ്റം കൈവരിച്ചു വരുന്നതായി കണക്കുകൾ. ദുബൈ, അബൂദബി തുടങ്ങി മിക്ക എമിറേറ്റുകളിലെയും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ എണ്ണത്തിൽ വർധവ് രേഖപ്പെടുത്തിയതിനൊപ്പം, വിവിധ കലാലയങ്ങൾ ഗുണമേന്മയിൽ ലോകത്ത് തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നുമുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയായി തെരഞ്ഞെടുക്കപ്പെട്ട ഖലീഫ യൂനിവേഴ്സിറ്റി, ടൈംസ് ഹയർ എജുക്കേഷൻ ഏഷ്യ റാങ്കിങിൽ 40ാം സ്ഥാനം കൈവരിച്ചു. 31രാജ്യങ്ങളിലെ 739 സർവകലാശാലകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് പട്ടിക തയ്യാറാക്കുന്നത്. പട്ടികയിൽ പരാമർശിക്കപ്പെട്ട അറബ് സർവകലാശാലകളിൽ രണ്ടാം സ്ഥാനവും കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റു സർവകലാശാലകളും മികച്ച മുന്നേറ്റമാണ് കഴിഞ്ഞ വർഷങ്ങളിൽ കൈവരിച്ചത്.
ദുബൈയിലെയും ഷാർജയിലെയും സർവകലാശാലകൾ വിദേശ വിദ്യാർഥികളെ വലിയ രീതിയിൽ ആകർഷിക്കുന്നുണ്ട്. ദുബൈയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ പ്രവേശനം വർധിച്ചതായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ) ദിവസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തേക്കാൾ 12 ശതമാനം വർധനവാണ് എമിറേറ്റിൽ വിദ്യർഥി പ്രവേശനം രേഖപ്പെടുത്തിയത്. സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിൽ എൻറോൾ ചെയ്തിട്ടുള്ള വിദ്യാർഥികളുടെ എണ്ണം 34,893 ആണെന്ന് കെ.എച്ച്.ഡി.എ പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം-പ്രത്യേകിച്ച് പഠനത്തിനായി ദുബൈയിൽ വന്നവരുടേത് 25 ശതമാനം വർധിച്ചു. ഇതുപ്രകാരം മുൻ അധ്യയന വർഷത്തെ അപേക്ഷിച്ച് പുതുതായി പ്രവേശനം നേടിയവരുടെ എണ്ണം ഇരട്ടിയായിട്ടുമുണ്ട്. ദുബൈയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്ന വിദ്യാർഥികളിൽ മൂന്നിലൊന്നും ഇപ്പോൾ അന്താരാഷ്ട്ര വിദ്യാർഥികളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2023-2024 അധ്യയന വർഷത്തിൽ, അഞ്ച് പുതിയ അന്താരാഷ്ട്ര സർവകലാശാലകൾ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ദുബൈയിൽ കെ.എച്ച്.ഡി.എ ലൈസൻസുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആകെ എണ്ണം 38 ആയി.ദുബൈയിലെ അന്താരാഷ്ട്ര സർവകലാശാലകൾ 650ലധികം കോഴ്സുകൾ നൽകുന്നുണ്ട്. ബിസിനസ്, എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മീഡിയ, ഡിസൈൻ എന്നിവയിലെ ബിരുദങ്ങളാണ് വിദ്യാർഥികൾക്കിടയിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ളത്. മുൻ അധ്യയന വർഷത്തെ അപേക്ഷിച്ച് ഭൗതിക ശാസ്ത്രം, ഹ്യുമാനിറ്റീസ്, നിയമം എന്നിവയിലെ പ്രോഗ്രാമുകൾ വിദ്യാർഥി പ്രവേശനത്തിലും ഉയർന്ന വളർച്ച നേടിയിട്ടുണ്ട്. 63 ശതമാനം വരുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും ബിരുദ വിദ്യാർഥികളാണ്. 28 ശതമാനം പേർ മാസ്റ്റേഴ്സ് പ്രോഗ്രാമിൽ ചേർന്നവരുമാണ്. രണ്ട് ശതമാനമാണ് ദുബൈയിൽ ഡോക്ടറേറ്റിനായി പ്രവർത്തിക്കുന്നവരുടെ എണ്ണമെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു. ഷാർജയിലെ സർവകലാശാലകളും വലിയ രീതിയിൽ വിദ്യാർഥികളെ ആകർഷിക്കുന്നുണ്ട്.
ഷാർജ സർവകലാശാലയിൽ മാത്രം 56 ബാച്ചിലേഴ്സ് ബിരുദങ്ങൾ, 38 ബിരുദാനന്തര ബിരുദങ്ങൾ, 15 പി.എച്ച്.ഡി ബിരുദങ്ങൾ, രണ്ട് ഡിപ്ലോമ ബിരുദങ്ങൾ എന്നിവയുൾപ്പെടെ ആകെ 111 അക്കാദമിക് ഡിഗ്രി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.