ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിൾ പുതുക്കി

തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി. വിദ്യാർഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ പരീക്ഷകൾ ക്രമീകരിക്കണം എന്ന പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ  നിർദ്ദേശപ്രകാരമാണ് ടൈംടേബിളുകൾ പുതുക്കിയത്. വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും എം എൽ എമാരുടേയും ആവശ്യം പരിഗണിച്ച് മന്ത്രി ഇടപെടുകയായിരുന്നു.

സെപ്റ്റംബർ ആറു മുതൽ 16 വരെ ഹയർ സെക്കഡറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിൾ പ്രകാരം സെപ്റ്റംബർ ആറ് മുതൽ 27 വരെയാകും. സെപ്റ്റംബർ ഏഴു മുതൽ 16 വരെ വൊക്കേഷണൽ ഹയർ സെക്കഡറി പരീക്ഷ എന്നത് സെപ്റ്റംബർ ഏഴ് മുതൽ 27 വരെയാകും.ഒരു പരീക്ഷ കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അടുത്ത പരീക്ഷ എന്ന രീതിയിലാണ് ടൈം ടേബിളുകൾ ക്രമീകരിച്ചിരിക്കുന്നത്. ചില വിഷയങ്ങളിലെ പരീക്ഷകൾ തമ്മിൽ അതിലേറെ ദിവസങ്ങളുടെ ഇടവേളയുണ്ട്. കുട്ടികൾക്ക് പരീക്ഷാ ദിനങ്ങൾക്കിടയിൽ പഠിക്കാനുള്ള സമയം കുറയും എന്ന ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും എന്നാണ് കരുതുന്നത്.

കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം ചോദ്യങ്ങൾ തിരഞ്ഞെടുക്കാനും ഉത്തരം എഴുതാനും അവസരം ഒരുക്കുന്ന വിധം അധികം ചോദ്യങ്ങൾ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 80 സ്കോറുള്ള പരീക്ഷയ്ക്ക് 160 സ്കോർ, 60 സ്കോറുള്ളതിന് 120 സ്കോർ,40 സ്കോറുള്ളതിന് 80 സ്കോർ എന്ന കണക്കിലാണ് ചോദ്യങ്ങൾ ഉണ്ടായിരിക്കുക.  ഇതിൽ നിന്നും ഓരോ വിഭാഗത്തിലും നിർദ്ദേശിച്ചിട്ടുള്ള നിശ്ചിത എണ്ണം ചോദ്യങ്ങൾ ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ അവസരം ഉണ്ടായിരിക്കും. നിശ്ചിത എണ്ണത്തിൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ അവയിൽ നിന്നും മികച്ച സ്കോർ ലഭിച്ച നിശ്ചിത എണ്ണം മാത്രമേ പരിഗണിക്കുകയുള്ളൂ.

എസ് സി ഇ ആർ ടി നിശ്ചയിച്ച ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളിൽ നിന്നുതന്നെ മുഴുവൻ സ്കോറും നേടാൻ കുട്ടിയെ സഹായിക്കും വിധം ആവശ്യാനുസരണം ചോദ്യങ്ങൾ ചോദ്യപേപ്പറിൽ ഉണ്ടാകും. അഭിരുചിക്കനുസരിച്ച് ഉത്തരമെഴുതാൻ കുട്ടികളെ സഹായിക്കുന്നതിന് മറ്റു പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അധികമായി ഓപ്ഷൻ അനുവദിക്കുമ്പോൾ ചോദ്യങ്ങളുടെ എണ്ണം വർദ്ധിക്കും. ഇവ വായിച്ച് മനസ്സിലാക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നതുകൊണ്ട് സമാശ്വാസ സമയം 20 മിനിറ്റ് ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.






 


 


Tags:    
News Summary - Higher Secondary and Vocational Higher Secondary first year examination time table updated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.