മംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമേർപ്പെടുത്തിയതിന് പിന്നാലെ കർണാടകയിലെ കോളജുകളിൽ നിന്ന് വലിയതോതിൽ മുസ്‍ലിം വിദ്യാർഥിനികൾ കൊഴിഞ്ഞുപോകുന്നതായി റിപ്പോർട്ടുകൾ. മംഗളൂരു സർവകലാശാലക്ക് കീഴിലെ കോളജുകളിൽ നിന്ന് മാത്രം 16 ശതമാനം മുസ്‍ലിം വിദ്യാർഥിനികൾ ടി.സി വാങ്ങി പോയതായി വിവരാവകാശ കണക്കുകൾ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
ഹിജാബ് ധരിക്കാതെ ക്ലാസിലിരിക്കാൻ താൽപര്യമില്ലാത്ത വിദ്യാർഥിനികൾക്ക് ടി.സി നൽകുമെന്ന് ഇക്കഴിഞ്ഞ മേയിൽ മംഗളൂരു സർവകലാശാല വൈസ് ചാൻസലർ പ്രഫ. പി.എസ്. യദ്പാഥിതായ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ, വിവിധ സെമസ്റ്ററുകളിലായി ബിരുദ പഠനം നടത്തുന്ന മുസ്‍ലിം വിദ്യാർഥിനികളിൽ 16 ശതമാനം പേർ ടി.സി വാങ്ങിയതായാണ് വിവരാവകാശ ചോദ്യത്തിന് മറുപടി ലഭിച്ചത്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ മംഗളൂരു സർവകലാശാലക്ക് കീഴിലെ കോളജുകളിൽ 2020-21, 2021-22 വർഷങ്ങളിൽ പ്രവേശനം നേടിയ 900 മുസ്‍ലിം വിദ്യാർഥിനികളിൽ 145 പേരാണ് ടി.സി വാങ്ങി പോയത്. ഇവരിൽ പലരും ഹിജാബ് അനുവദിക്കുന്ന മറ്റ് കോളജുകളിൽ ചേർന്നപ്പോൾ മറ്റു ചിലർക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ഉയർന്ന ഫീസ് താങ്ങാനാകാതെ പഠനം അവസാനിപ്പിക്കേണ്ടിവന്നു.
കുടക് ജില്ലയിൽ സർവകലാശാലക്ക് കീഴിലെ കോളജുകളിലെ 113 മുസ്‍ലിം വിദ്യാർഥിനികളും പഠനം തുടരുന്നുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിൽ കുടകിൽ 10 കോളജുകളാണുള്ളത്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി 39 ഗവ. കോളജുകളും 36 എയ്ഡഡ് കോളജുകളുമാണുള്ളത്. ഗവ. കോളജുകളിൽ നിന്നാണ് കൂടുതൽ മുസ്‍ലിം വിദ്യാർഥിനികളും ടി.സി വാങ്ങിയത് (34 ശതമാനം). ദക്ഷിണ കന്നഡ ജില്ലയിലെ മികച്ച ഗവ. കോളജുകളിലൊന്നായ ഡോ. പി. ദയാനന്ദ പൈ-പി. സതീശ പൈ ഫസ്റ്റ് ഗ്രേഡ് കോളജിൽ പഠിച്ച 51 മുസ്‍ലിം വിദ്യാർഥിനികളിൽ 35 പേരും ടി.സി വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.
ഹാലിയംഗാടി ഗവ. കോളജ്, അജാർക്കാട് ഗവ. കോളജ് എന്നിവിടങ്ങളിൽ നിന്നെല്ലാം വൻ തോതിൽ മുസ്‍ലിം വിദ്യാർഥിനികൾ കൊഴിഞ്ഞുപോയിട്ടുണ്ട്. പലരും ടി.സി പോലും വാങ്ങാതെയാണ് കോളജ് പഠനം മതിയാക്കിയതെന്ന് ഹാലിയംഗാടി ഗവ. കോളജ് പ്രിൻസിപ്പൽ പറയുന്നു.
ഹിജാബ് അനുവദിക്കുന്ന സ്വകാര്യ കോളജുകളിൽ അഡ്മിഷൻ നേടിയ കുട്ടികളിൽ പലർക്കും പഠനം തുടരാനുള്ള സാങ്കേതിക തടസവുമുണ്ട്. ഗസിയ എന്ന അഞ്ചാംസെമസ്റ്റർ വിദ്യാർഥി ടി.സി വാങ്ങി സ്വകാര്യ കോളജിൽ ചേർന്നെങ്കിലും 2023ൽ മാത്രമേ ആറാം സെമസ്റ്റർ പഠിക്കാനാകൂ.
തങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളുള്ള സ്വകാര്യ കോളജുകളിൽ തന്നെ പ്രവേശനം ലഭിക്കാൻ സഹായിക്കണമെന്ന അഭ്യർഥനയുമായി വിദ്യാർഥിനികൾ തന്നെ വന്ന് കണ്ടിരുന്നുവെന്ന് സർവകലാശാല വി.സി പ്രഫ. യാദ്പാഥിതയ പറയുന്നു. ഇത്തരം പ്രശ്നങ്ങൾ എളുപ്പം പരിഹരിക്കാൻ പ്രയാസമുള്ളതിനാൽ ഓപ്പൺ സർവകലാശാലയെ സമീപിക്കാനാണ് താൻ നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തേക്കാൾ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസമെന്ന് ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു.
ഹിജാബ് വിവാദത്തിന് തുടക്കംകുറിച്ച ഉപ്പിനങ്ങാടിയിലെ ഫസ്റ്റ് ഗ്രേഡ് ഗവ. കോളജിൽ നിന്ന് ഒരു വിദ്യാർഥി പോലും പോയിട്ടില്ലെന്നാണ് വിവരാവകാശ മറുപടി ലഭിച്ചത്. എന്നാൽ, രണ്ട് കുട്ടികൾ ടി.സി വാങ്ങി പോയതായി കോളജ് പ്രിൻസിപ്പൽ പിന്നീട് സമ്മതിച്ചു. കോളജുകളിൽ നിന്ന് കൊഴിഞ്ഞുപോകുന്ന വിദ്യാർഥികളുടെ എണ്ണം ഇപ്പോൾ ലഭ്യമായതിനെക്കാൾ കൂടുതലായിരിക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.