മുംബൈ: ഒന്നാംവർഷ വിദ്യാർഥികളുടെ ദ്വൈവാര ഹാജർ റിപ്പോർട്ട് രക്ഷിതാക്കൾക്ക് അയച്ച് കൊടുത്ത് ബോംബെ ഐ.ഐ.ടി അധികൃതർ. തങ്ങളുടെ സ്വാതന്ത്ര്യം കവരുന്ന തീരുമാനമാണിതെന്ന് വിദ്യാർഥികളിൽ ഒരു വിഭാഗം പരാതിപ്പെട്ടു. വിദ്യാർഥികളിൽ മാനസിക സമ്മർദം കുറക്കാനും ക്ലാസുകളിൽ ഹാജർ നില വർധിപ്പിക്കാനുമുള്ള തീരുമാനം കഴിഞ്ഞ വർഷംമുതലാണ് നിലവിൽ വന്നത്. ഈ സമ്പ്രദായം തങ്ങളെ നിയന്ത്രിക്കുന്നതും വികലവുമാണെന്നാണ് ചില വിദ്യാർഥികൾ അഭിപ്രായപ്പെടുന്നത്.
19 വയസ് പ്രായമായവരാണ് ഞങ്ങൾ. ഞങ്ങളുടെ ചലനങ്ങൾ അടിക്കടി നിരീക്ഷിക്കുന്നത് സ്വാതന്ത്ര്യം കവരുന്നത് പോലെയാണ്.-പേരു വെളിപ്പെടുത്താത്ത വിദ്യാർഥി ഫ്രീ പ്രസ് ജേണലിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ചിലപ്പോൾ ഇതു സംബന്ധിച്ച അറിയിപ്പുകൾ പോലും അവ്യക്തതകൾ നിറഞ്ഞതാണ്. പതിവായി ക്ലാസിൽ കയറുന്ന വിദ്യാർഥിയാണ് ഞാൻ. എന്നാൽ എന്റെ രക്ഷിതാക്കൾ കരുതുന്നത് ക്ലാസിൽ കയറാറില്ല എന്നാണ്.-മറ്റൊരു വിദ്യാർഥി പറഞ്ഞു.
സെപ്റ്റംബർ 26നാണ് ആദ്യമായി രക്ഷിതാക്കൾക്ക് വിദ്യാർഥികളുടെ ഹാജർ റിപ്പോർട്ട് അയച്ചു കൊടുത്തത്. അടുത്തത് ഒക്ടോബർ 16നും. ഞങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തിത്വ വളർച്ചതും പ്രോത്സാഹിപ്പിക്കുകയാണ് എന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ ഇത്തരത്തിലുള്ള നടപടികൾ ഞങ്ങളുടെ സ്വാതന്ത്ര്യത്തെയാണ് ബാധിക്കുന്നത്.-വിദ്യാർഥികൾ പറയുന്നു. അതേസമയം, കൃത്യമായ ഹാജറില്ലാത്ത വിദ്യാർഥികളുടെ കാര്യത്തിൽ ഐ.ഐ.ടി അധികൃതർ എന്ത് നടപടി സ്വീകരിക്കും എന്നതിൽ വ്യക്തതയില്ല.
അതേസമയം, സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നാണ് ഐ.ഐ.ടി പ്രഫസറുടെ വാദം. 19, 20 വയസുള്ള വിദ്യാർഥികൾക്ക് ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. രക്ഷിതാക്കളുടെ ആശങ്ക ഞങ്ങൾ മനസിലാക്കുന്നു. സ്വന്തം നാട്ടിൽ നിന്ന് ഒരു പരിചയവുമില്ലാത്ത തീർത്തും വ്യത്യസ്തമായ ഒരിടത്തേക്കാണ് അവർ മക്കളെ അയക്കുന്നത്. സ്വാഭാവികമായും രക്ഷിതാക്കൾ വളരെ ആശങ്കാകുലരായിരിക്കും. ആ ആശങ്ക പരിഹരിക്കാനാണ് ഞങ്ങളുടെ ശ്രമം. അതോടൊപ്പം വിദ്യാർഥികളുടെ പ്രകടനം മെച്ചപ്പെടാനും ഇത് സഹായിക്കും.-പ്രഫസർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.