തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ പയ്യന്നൂർ തായിനേരി ‘കൃഷ്ണകൃപ’യിൽ സഞ്ജയ് പി. മല്ലാറിന് ഒന്നാം റാങ്ക്. 600ൽ 583.6440 സ്കോറുമായാണ് നേട്ടം. കോട്ടയം നാരിയങ്ങാനം വടക്കേചിറയത്ത് ആശിഖ് സ്റ്റെന്നിക്കാണ് (575.7034 സ്കോർ) രണ്ടാം റാങ്ക്. കോട്ടയം കുറവിലങ്ങാട് കുര്യം ചെറ്റാപ്പുറത്ത് ഫ്രെഡി ജോർജ് റോബിൻ (572.7548) മൂന്നാം റാങ്കും നേടി.
എസ്.സി വിഭാഗത്തിൽ പത്തനംതിട്ട കവിയൂർ വേളൻപറമ്പിൽ പരമേശ്വര വിലാസത്തിൽ എസ്.ജെ ചേതന (441.7023) ഒന്നും കോഴിക്കോട് മലാപ്പറമ്പ് വെള്ളങ്ങോട്ട് പറമ്പ് ‘സായ് ശ്രീ’യിൽ സൂര്യദേവ് വിനോദ്(437.9901) രണ്ടും റാങ്ക് നേടി. എസ്.ടി വിഭാഗത്തിൽ എറണാകുളം തേവര കോന്തുരുത്തി പ്രിയഭവനിൽ ഏദൻ വിനു ജോൺ (387.5987) ഒന്നും പാലക്കാട് നെച്ചൂർ പേരപ്പെട്ടികുളമ്പ് എസ്. അനഘ (364.7566) രണ്ടും റാങ്ക് നേടി.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. 80,999 പേർ ഹാജരായ പരീക്ഷയിൽ 54,079 പേരാണ് യോഗ്യത നേടിയത്. ഹയർസെക്കൻഡറി മാർക്കുകൾ കൂടി സമർപ്പിച്ച് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത് 49,671 പേരാണ്. ഇതിൽ 24,325 പേർ പെൺകുട്ടികളും 25,346 പേർ ആൺകുട്ടികളുമാണ്. ആദ്യ നൂറ് റാങ്കിൽ 83 പേർ ആൺകുട്ടികളും 17 പേർ പെൺകുട്ടികളുമാണ്. ആദ്യ നൂറ് റാങ്കിൽ 23 പേർ എറണാകുളം ജില്ലയിൽനിന്നാണ്. 14 പേർ കോഴിക്കോട് ജില്ലയിൽനിന്നും 10 പേർ കൊല്ലത്തുനിന്നുമാണ്. സംസ്ഥാന സിലബസിൽ ഹയർസെക്കൻഡറി പഠിച്ച 33,522 പേർ റാങ്ക് പട്ടികയിലുണ്ട്. ഇവരിൽ 2043 പേർ ആദ്യ 5000 റാങ്കിൽ ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.