കുവൈത്ത് സിറ്റി: പഠനത്തിനൊപ്പം വിദ്യാർഥികൾക്ക് തൊഴിലവസരവും വരുമാന മാർഗവുമൊരുക്കി കുവൈത്ത് യൂനിവേഴ്സിറ്റി. സ്റ്റുഡന്റ് എംപ്ലോയ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പഠനസമയത്തിന് തടസ്സമാകാതെ വിവിധ ജോലികളിൽ ഏർപ്പെടാവുന്ന തരത്തിലാണ് സംവിധാനം. സർവകലാശാലാ സൗകര്യങ്ങൾക്കുള്ളിൽ തന്നെയാകും ജോലി.
ജോലിസമയത്തെ അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് പ്രതിമാസ ശമ്പളവും ലഭിക്കും. വിദ്യാർഥികൾക്കും യൂനിവേഴ്സിറ്റിക്കും ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. വിദ്യാർഥികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി സ്റ്റുഡന്റ് എംപ്ലോയ്മെന്റ് ഡിപ്പാർട്മെന്റ് വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചിട്ടുണ്ടെന്ന് യൂനിവേഴ്സിറ്റി സോഷ്യൽ കെയർ ഡിപ്പാർട്മെന്റ് മേധാവി വേൽ അൽ ഉബൈദ് പറഞ്ഞു.
എന്നാൽ, അണ്ടർഗ്രേഡ് വിദ്യാർഥികൾക്ക് മാത്രമേ ജോലി അവസരങ്ങൾ അനുവദിക്കൂ. പ്രതിമാസം പരമാവധി 40 മണിക്കൂറും ആഴ്ചയിൽ 10 മണിക്കൂറും ദിവസം മൂന്ന് മണിക്കൂറും ജോലി ചെയ്യാം. ഒരു മണിക്കൂറിന് 2.5 ദിനാർ ലഭിക്കും. മൊത്തം 100 ദിനാർ പ്രതിമാസം പരമാവധി ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഗവേഷണം, ഡേറ്റ ശേഖരണം, ഉറവിട ഗവേഷണം, സെമിനാർ കോഓഡിനേഷൻ, കോൺഫറൻസ്, മറ്റു വിവിധ പ്രവർത്തനങ്ങൾ തുടങ്ങിയ ജോലികൾ ചെയ്ത് അധ്യാപകരെ സഹായിക്കാൻ വിദ്യാർഥികൾക്കാവുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടി. വിദ്യാർഥികളും അധ്യാപകരും തമ്മിൽ ആരോഗ്യകരമായ ബന്ധം രൂപപ്പെടാനും ഇത് ഇടയാക്കുമെന്ന് കരുതുന്നു.
പഠനത്തിനൊപ്പം തൊഴിലിലും ഏർപ്പെടുന്നതോടെ വിദ്യാർഥികൾക്ക് വിവിധ വശങ്ങളിൽ വ്യത്യസ്ത അനുഭവം ലഭിക്കുമെന്നും കരുതുന്നു. വിദ്യാർഥികളെ ഉത്തരവാദിത്തമുള്ളവരാക്കാനും യൂനിവേഴ്സിറ്റിയിലെ സ്റ്റാഫ് ക്ഷാമം പരിഹരിക്കാനും പ്രോഗ്രാം സഹായിക്കും. പുതിയ സംവിധാനം ഏറെ ഗുണകരമാണെന്ന് വിദ്യാർഥികൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.