തിരുവനന്തപുരം: മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല തയാറായി. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) ആണ് മലയാള അക്ഷരമാലയിൽ ഒരു ഏകീകൃത ആംഗ്യഭാഷാ ലിപി (ഫിംഗർ സ്പെല്ലിങ്) രൂപകൽപന ചെയ്തത്.
ലിപിയുടെ പ്രകാശനം തിരുവനന്തപുരത്ത് ഐ.എം.ജിയിൽ ബുധനാഴ്ച രാവിലെ 11ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. നിലവിൽ വിദ്യാലയങ്ങളിൽ ചുണ്ടുകളുടെ ചലനം നോക്കിയുള്ള രീതിയാണ് ആശയവിനിമയത്തിന് അവലംബിക്കുന്നത്.
വാക്കുകൾ എഴുതിക്കാണിക്കേണ്ടി വരുമ്പോൾ ശൂന്യതയിലോ കുട്ടികളുടെ കൈകളിലോ എഴുതിക്കാട്ടും. ഇങ്ങനെ ശൂന്യതയിൽ എഴുതുന്നത് മിക്കപ്പോഴും ആശയക്കുഴപ്പമുണ്ടാക്കും. പലയിടങ്ങളിലും സ്വന്തമായ ലിപി രൂപകൽപന ചെയ്താണ് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത്.
സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ചേർന്നതാണ് ഏകീകൃത ആംഗ്യഭാഷാലിപി. നിഷിലെ ആംഗ്യഭാഷാവിദഗ്ധരുടെ മേൽനോട്ടത്തിൽ ബധിരരായ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് ഫിംഗർ സ്പെല്ലിങ് രൂപകൽപന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.