മാനേജ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദ കോഴ്സുകളും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ) നിയന്ത്രണത്തിലാക്കി വിജ്ഞാപനമിറക്കി. നേരത്തേ യു.ജി.സിയുടെ പരിധിയിലായിരുന്ന ബി.ബി.എ, ബി.ബി.എം, ബി.സി.എ, ബി.എം.എസ് കോഴ്സുകളാണ് എ.ഐ.സി.ടി.ഇയുടെ കുടക്കീഴിലായത്. ഇത്തരം കോഴ്സുകൾ നിലവിലുള്ള സ്ഥാപനങ്ങളും പുതിയ കോഴ്സുകൾ തുടങ്ങുന്നതിനും ഇനി എ.ഐ.സി.ടി.ഇയുടെ അനുമതി തേടണം. മാനേജ്മെന്റ് സാങ്കേതിക വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കുകയാണ് ലക്ഷ്യം. എൻജിനീയറിങ് ബിരുദ, ബിരുദാനന്തര കോഴ്സുകളും മാനേജ്മെന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പി.ജി കോഴ്സുകളും നേരത്തേ തന്നെ എ.ഐ.സി.ടി.ഇയുടെ നിയന്ത്രണത്തിലാണ്.
2024-25 അധ്യയന വർഷത്തേക്കുള്ള അപ്രൂവൽ നടപടികളുടെ ഭാഗമായി നിലവിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ സ്ഥാപനങ്ങളും എൻജിനീയറിങ്/ടെക്നോളജി ടൗൺ പ്ലാനിങ്, ഡിസൈൻ മാനേജ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി, അപ്ലൈഡ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് കോഴ്സുകൾ നടത്തുന്നതിന് അനുമതി തേടി ജനുവരി 31നകം ഓൺലൈനായി അപേക്ഷിക്കണം.
നിലവിലുള്ള/പുതിയ സ്ഥാപനങ്ങൾ ബി.ബി.എ, ബി.ബി.എം, ബി.സി.എ, ബി.എം.എസ് മുതലായ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/മാനേജ്മെന്റ് ബിരുദ കോഴ്സുകൾ തുടങ്ങുന്നതിന് അനുമതി തേടി www.nsws.gov.inൽ ഫെബ്രുവരി 26 വരെ രജിസ്റ്റർ ചെയ്യാം. അപ്രൂവൽ നടപടികളുടെ വിശദാംശങ്ങൾ www.aicte-india.orgൽ അപ്രൂവൽ പ്രോസസ് ലിങ്കിലുണ്ട്. എ.ഐ.സി.ടി.ഇയുടെ അപ്രൂവൽ പ്രോസസ് ഹാൻഡ്ബുക്കിലും വിവരങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.