തിരുവനന്തപുരം: മെഡിക്കൽ ബിരുദ, പി.ജി കോഴ്സുകളിലെ മുഴുവൻ സീറ്റുകളിലേക്കുമുള്ള പ്രവേശന നടപടികൾ കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നതിൽ കേരളത്തിന് ആശങ്ക. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് വിശദ ചർച്ച നടത്തിയ ശേഷം കേന്ദ്രത്തെ നിലപാട് അറിയിക്കും. സംസ്ഥാന സർക്കാറുകൾ അലോട്ട്മെന്റ് നടത്തിയിരുന്ന 85 ശതമാനം ബിരുദ സീറ്റുകളും 50 ശതമാനം പി.ജി സീറ്റുകളും കൂടി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) യുടെ കൗൺസലിങ്ങിലേക്ക് മാറ്റാനുള്ള നിർദേശമാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ചത്.
ഇതുസംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവിസസിന്‍റെ കത്ത് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യവകുപ്പിന്‍റെ ശ്രദ്ധയിൽകൊണ്ടുവന്നിട്ടുണ്ട്. നീറ്റ് പി.ജി ഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ, 50 ശതമാനം സീറ്റുകളിലേക്കുള്ള കൗൺസലിങ് നടപടികൾ പ്രവേശന പരീക്ഷ കമീഷണറേറ്റ് ആരംഭിക്കാനിരിക്കെയാണ് കത്ത് ലഭിക്കുന്നത്. മെഡിക്കൽ പി.ജി കേരള റാങ്ക് പട്ടിക തയാറാക്കാൻ നീറ്റ് -പി.ജി ഫലം ലഭ്യമാക്കാൻ പരീക്ഷ നടത്തിയ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷന് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. മെഡിക്കൽ യു.ജി പ്രവേശനത്തിന് ‘കീം’ വഴി അപേക്ഷ സ്വീകരിച്ചുതുടങ്ങുകയും ചെയ്തു.
എം.സി.സി വഴിയുള്ള ഏക കൗൺസലിങ് ഏത് വർഷം നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കാത്തതും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പരിഗണനയിൽ നൽകുന്ന സീറ്റ് സംവരണം കേന്ദ്ര കൗൺസലിങ്ങിൽ നടപ്പാക്കാൻ കഴിയുമോ എന്നതാണ് പ്രധാന ആശങ്ക.
കേരളത്തിൽ മെഡിക്കൽ ബിരുദ കോഴ്സുകളിൽ നടപ്പാക്കുന്ന സംവരണ രീതിയല്ല എം.സി.സി നടപ്പാക്കുന്ന കൗൺസലിങ്ങിൽ പിന്തുടരുന്നത്. കേരളത്തിൽ എം.ബി.ബി.എസ് പ്രവേശനത്തിന് പിന്നാക്ക സംവരണം 30 ശതമാനമാണ്. എന്നാൽ, അഖിലേന്ത്യ ക്വോട്ടയിൽ ഇത് 27 ശതമാനമാണ്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സംവരണ അർഹരുടെ പട്ടികയിലും വ്യത്യാസമുണ്ട്.
സംസ്ഥാനങ്ങളിലെ സംവരണ മാനദണ്ഡങ്ങളുടെ വിശദാംശം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടാകാനുള്ള സാധ്യതയാണ് ആശങ്കപ്പെടുത്തുന്നത്. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിലേക്കും കേരളീയൻ, കേരളീയതരൻ ഒന്നാം വിഭാഗം, കേരളീയതരൻ രണ്ടാം വിഭാഗം എന്നിങ്ങനെ തരംതിരിച്ചാണ് പരിഗണിക്കുന്നത്.
ഇതിൽ ഓരോ വിഭാഗത്തിനും അലോട്ട്മെന്റിൽ വ്യത്യസ്ത പരിഗണനയാണ്. ഇതെല്ലാം എം.സി.സി അലോട്ട്മെന്റിൽ നൽകാൻ കഴിയുമോ എന്ന സംശയം ബാക്കിയാണ്. ന്യൂനപക്ഷ മാനേജ്മെന്റുകൾ നടത്തുന്ന സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പിന്തുടരുന്നത് വ്യത്യസ്ത സീറ്റ് വിഹിതമാണ്. 50 ശതമാനം സീറ്റ് വരെ ന്യൂനപക്ഷ മാനേജ്മെന്റുകൾ ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്കായി നീക്കിവെക്കാറുണ്ട്.
കേരളത്തിൽ പ്രധാനമായും ക്രിസ്ത്യൻ, മുസ്ലിം സമുദായ മാനേജ്മെന്റുകളാണ് സ്വാശ്രയ മെഡിക്കൽ കോളജുകൾ നടത്തുന്നത്. ഈ സമുദായത്തിലെ കുട്ടികൾക്ക് ലഭിച്ചുവരുന്ന ന്യൂനപക്ഷ ആനുകൂല്യം സീറ്റുകൾ ഒന്നടങ്കം കേന്ദ്രസർക്കാർ ഏറ്റെടുത്ത് അലോട്ട്മെന്റ് നടത്തുമ്പോൾ ലഭിക്കുമോ എന്നതും പ്രശ്നമാണ്.
തിരുവനന്തപുരം: മെഡിക്കൽ പി.ജി കോഴ്സുകളിലേക്ക് ഒറ്റ കൗൺസലിങ് നടത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയെങ്കിലും നിർദേശം വന്നത് പി.ജിക്ക് പുറമെ യു.ജി കൂടി ഉൾപ്പെടുത്തി. കഴിഞ്ഞ വർഷം അഭിപ്രായം തേടിയപ്പോൾ ഗുണവും ദോഷവും കേരളം അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം വരെ സംസ്ഥാന ക്വോട്ടയിൽ 450 ഓളം മെഡിക്കൽ പി.ജി സീറ്റുകളാണ് 50 ശതമാനമെന്ന നിലയിൽ നികത്തിയിരുന്നത്.
സംസ്ഥാനത്തെ സംവരണ മാനദണ്ഡങ്ങൾ പാലിച്ചും നിലവിൽ നൽകുന്ന പ്രാദേശിക പരിഗണനകൾ പാലിച്ചും പി.ജി അലോട്ട്മെന്റ് എം.സി.സി വഴി നടത്തുന്നതിൽ കേരളം എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ, ഇതിന്‍റെ തുടർനടപടിയായി മെഡിക്കൽ പി.ജിക്ക് പുറമെ ബിരുദ സീറ്റുകൾ (എം.ബി.ബി.എസ്) കൂടി എം.സി.സി കൗൺസലിങ്ങിലേക്ക് മാറ്റാനുള്ള നിർദേശമടങ്ങിയ കത്താണ് കേന്ദ്ര സർക്കാർ അയച്ചത്.
കേരളത്തിൽ സർക്കാർ മെഡിക്കൽ കോളജുകളിൽ 1755ഉം സ്വാശ്രയ മേഖലയിൽ 1755ഉം ഉൾപ്പെടെ 4205 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്. സർക്കാർ കോളജുകളിലെ 15 ശതമാനം സീറ്റുകൾ അഖിലേന്ത്യ ക്വോട്ട കൗൺസലിങ്ങിനായി നിലവിൽ എം.സി.സിക്ക് വിട്ടുനൽകുന്നുണ്ട്. ഇതിനു പുറമെ, ശേഷിക്കുന്ന മുഴുവൻ സീറ്റുകളും ഏറ്റെടുക്കാനുള്ള നിർദേശമാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.