തിരുവനന്തപുരം: മെഡിക്കൽ പി.ജി കോഴ്സ് പ്രവേശനത്തിലും ഈഴവ, മുസ്ലിം സമുദായങ്ങൾക്ക് ഒരു ശതമാനം വീതം സംവരണ നഷ്ടം. പി.ജി കോഴ്സുകളിൽ (എം.ഡി/ എം.എസ്) കോഴ്സുകളിൽ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് സർക്കാർ അംഗീകാരത്തിനുശേഷം പ്രവേശന പരീക്ഷ കമീഷണർ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചപ്പോഴാണ് രണ്ട് സമുദായങ്ങൾക്കും ലഭിച്ച സംവരണവിഹിതത്തിൽ കുറവുവരുത്തിയത്. ബിരുദ കോഴ്സുകളിൽ (എം.ബി.ബി.എസ്/ ബി.ഡി.എസ് ഉൾപ്പെടെ) ഈഴവ വിഭാഗത്തിന് ഒമ്പതും മുസ്ലിംകൾക്ക് എട്ടും ശതമാനമാണ് സംവരണം. ഇത് പി.ജിയിൽ യഥാക്രമം എട്ടും ഏഴും ശതമാനമായാണ് കുറച്ചത്. കഴിഞ്ഞ വർഷംവരെ മെഡിക്കൽ പി.ജി കോഴ്സുകളിൽ പിന്നാക്കവിഭാഗങ്ങൾക്കുള്ള (എസ്.ഇ.ബി.സി) ആകെ സംവരണം ഒമ്പത് ശതമാനത്തിൽ ഒതുക്കിയായിരുന്നു സർക്കാർ പ്രവേശനം നടത്തിയിരുന്നത്.
ഇതുസംബന്ധിച്ച അനീതി 'മാധ്യമം' റിപ്പോർട്ട് ചെയ്യുകയും പിന്നാക്ക സംഘടനകൾ സർക്കാറിനെ സമീപിക്കുകയും ചെയ്തിരുന്നു. പിന്നീട് സർക്കാർ നിർദേശ പ്രകാരം പഠനം നടത്തിയ സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ മെഡിക്കൽ പി.ജി കോഴ്സുകളിലെ എസ്.ഇ.ബി.സി സംവരണം 30 ശതമാനമാക്കി ഉയർത്താനുള്ള ഉപദേശത്തോടെ റിപ്പോർട്ട് നൽകി. 30 ശതമാനത്തിന് പകരം 27 ശതമാനം സംവരണം നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഉപസംവരണം വ്യക്തമാക്കാതെയാണ് ഉത്തരവിറക്കിയിരുന്നത്. പി.ജി പ്രവേശന പ്രോസ്പെക്ടസിലാണ് ഈഴവ, മുസ്ലിം വിഭാഗങ്ങൾക്ക് അർഹതപ്പെട്ട ഒരു ശതമാനം വീതം കുറവുവരുത്തി ഉപസംവരണം വ്യക്തമാക്കിയത്.
നേരേത്ത എം.എസ്സി നഴ്സിങ് പ്രവേശനത്തിലും ഇതേ സംവരണ തോത് നിശ്ചയിച്ച് ഒരു ശതമാനം വീതം കുറവുവരുത്തിയിരുന്നു. ഒരു ശതമാനം കുറവുവരുത്തിയതിലൂടെ രണ്ട് സമുദായത്തിലെയും വിദ്യാർഥികൾക്ക് വർഷം തോറും സർക്കാർ മെഡിക്കൽ കോളജുകളിൽ മാത്രം അഞ്ച് വീതം സീറ്റ് വരെ നഷ്ടമാകും. മറ്റ് മെഡിക്കൽ പി.ജി കോഴ്സുകളിലും ഈ സംവരണ നഷ്ടം ആവർത്തിക്കും. മെഡിക്കൽ ബിരുദ പ്രവേശനത്തിൽ വിശ്വകർമ, ധീവര, കുശവ വിഭാഗങ്ങൾക്ക് പ്രത്യേക സംവരണമുണ്ടെങ്കിൽ പി.ജി പ്രവേശനത്തിൽ ഇവരെ പിന്നാക്ക ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് സംവരണ പരിധിയിൽ കൊണ്ടുവന്നത്. ഈ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ പ്രവേശന സാധ്യത കുറയാൻ നടപടി ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.