ന്യൂഡൽഹി: ചന്ദ്രയാൻ-3 ബഹിരാകാശ ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ചന്ദ്രയാൻ 3 ന്റെ പോർട്ടലും പ്രത്യേക കോഴ്സുകളും അവതരിപ്പിക്കാൻ തീരുമാനമെടുത്ത് വിദ്യാഭ്യാസ മന്ത്രാലയം. ചന്ദ്രയാൻ പ്രത്യേക കോഴ്‌സ് മൊഡ്യൂളുകളും വിദ്യാഭ്യാസ വെബ്‌സൈറ്റ് 'അപ്‌ന ചന്ദ്രയാൻ' ഉടൻ ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഔദ്യോഗിക അറിയിപ്പിൽ മന്ത്രാലയം എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും പോർട്ടൽ പ്രോത്സാഹിപ്പിക്കാനും വിദ്യാർഥികൾക്കും അധ്യാപകർക്കും ഇടയിൽ പ്രത്യേക കോഴ്‌സ് മൊഡ്യൂളുകൾ പ്രചരിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രത്യേക കോഴ്‌സുകളിൽ ചേരാൻ എല്ലാ വിദ്യാർഥികളെയും പ്രോത്സാഹിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോർട്ടലിന്‍റെ ആദ്യപടിയായി ചന്ദ്രയാൻ 3 നെക്കുറിച്ചും ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും കൃത്യമായ അവബോധം വളർത്താൻ ചന്ദ്രയാൻ -3 മഹാ ക്വിസിന്റെ രജിസ്ട്രേഷൻ നടത്താൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാനും ബഹിരാകാശ സംരംഭങ്ങളെക്കുറിച്ച് കൂടുതലറിയാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കാനുമാണ് ക്വിസ് മത്സരം കൊണ്ട് ലക്ഷ്യമിടുന്നത്. താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് 2023 ഒക്ടോബർ 31 വരെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) സഹകരണത്തോടെ MyGov ആണ് ചന്ദ്രയാൻ 3 മഹാ ക്വിസ് സംഘടിപ്പിക്കുന്നത്. ബഹിരാകാശ ശാസ്ത്രം, ചന്ദ്രയാൻ 3 ദൗത്യം, ബഹിരാകാശ പര്യവേക്ഷണത്തെക്കുറിച്ചുള്ള പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ക്വിസിൽ ഉള്ളത്. ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകൾ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.