ന്യൂഡൽഹി: മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമൂലമാറ്റം വരുത്തുന്ന ദേശീയ മെഡിക്കൽ കമീഷൻ ബിൽ 2017 ന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകി. നിലവിലുള്ള 1956 ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമം ഇതോടെ അടിമുടി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസ രംഗം നിയന്ത്രിക്കുന്നത് നിലവിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലാണ്. മെഡിക്കൽ കോളജുകൾക്ക് അക്രഡിറ്റേഷൻ നൽകുന്നതിൽ വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന വിമർശനത്തിനിടെയാണ് പുതിയ ബില്ലിന് അംഗീകാരം ലഭിച്ചത്.
ആരോഗ്യവിദ്യാഭ്യാസ രംഗത്തെ അഴിമതി ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് കമീഷൻ രൂപീകരിക്കുന്നത്. അതിനായി മെഡിക്കൽ ബിരുദം, മാസ്റ്റർ ബിരുദം, കോളജുകളുടെ റേറ്റിങ്ങ്, മെഡിക്കൽ രജിസ്ട്രേഷനും ധാർമികതയും എന്നിവ കൈകാര്യം ചെയ്യുന്നത് സ്വയംഭരണാധികാരമുള്ള നാലു ബോർഡുകളായിരിക്കും.
25 സ്ഥിരാംഗങ്ങളും 11 പാർട് ടൈം അംഗങ്ങളുമാണ് കമീഷനിലുണ്ടാവുക. സ്ഥിരാംഗങ്ങളിൽ 16 മുതൽ 22 അംഗങ്ങൾ വരെയും പാർട് ടൈം അംഗങ്ങളിൽ അഞ്ചു പേരും ഡോക്ടർമാരായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
നിലവിൽ എം.ബി.ബി.എസ് പൂർത്തിയാക്കിയവർക്ക് സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്താൽ ഡോക്ടറായി സേവനമനുഷ്ഠിക്കാം. എന്നാൽ പുതിയ ബില്ലിലെ വ്യവസ്ഥയനുസരിച്ച് ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനും ബിരുദാനന്തര ബിരുദ പഠനത്തിനും നാഷണൽ ലൈസൻഷിയേറ്റ് എക്സാമിനേഷൻ പാസാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.