കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ, പി.ജി വിദ്യാർഥികൾക്ക് അവസാനത്തെ ആശ്രയമായ പ്രൈവറ്റ് രജിസ്ട്രേഷനുള്ള അവസരം പെട്ടെന്ന് അവസാനിപ്പിച്ചതായി ആക്ഷേപം.
മറ്റ് സർവകലാശാലകളിൽ ഇപ്പോഴും പ്രൈവറ്റ് രജിസ്ട്രേഷൻ വഴി പ്രവേശനത്തിന് അവസരമുണ്ട്. എന്നാൽ, യു.ജി.സി നിർദേശമുണ്ടെന്ന് പറഞ്ഞ് ഡിസംബർ 15ന് തന്നെ കാലിക്കറ്റിൽ പ്രൈവറ്റ് വിദ്യാർഥികളുടെ പ്രവേശനം അവസാനിപ്പിച്ചിരുന്നു.
കാലിക്കറ്റിലെ വിദൂര വിദ്യാഭ്യാസ കോഴ്സിന് യു.ജി.സി വീണ്ടും അനുമതി നൽകിയിരുന്നു. വിദൂര വിദ്യാഭ്യാസ കോഴ്സുകളും പ്രൈവറ്റ് രജിസ്ട്രേഷനും ഒരുമിച്ച് നടത്താനാകില്ലെന്ന് സർവകലാശാല വ്യക്തമാക്കിയിരുന്നു. എന്നാൽ, കേരളയിൽ വിദൂര വിദ്യാഭ്യാസ കോഴ്സ് നിലനിൽക്കേ പ്രൈവറ്റ് രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. കണ്ണൂരിൽ ജനുവരി 20 ആയിരുന്നു അവസാന തീയതി.
എം.ജിയിൽ 31 വരെയും കേരളയിൽ ഫെബ്രുവരി 25 വരെയും സമയമുണ്ട്. കാലിക്കറ്റ് പെട്ടെന്ന് രജിസ്ട്രേഷൻ നിർത്തിയതാണ് ദൂരൂഹമാകുന്നത്. അതേസമയം, കാലിക്കറ്റിന് കീഴിലെ അഫിലിയേറ്റഡ് കോളജുകളിലെ പ്രവേശനം തുടരുന്നുണ്ട്.
കുറഞ്ഞ ഫീസിൽ പഠനം ഉറപ്പുവരുത്തുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ നീട്ടണമെന്ന് പാരലൽ കോളജ് അസോസിയേഷനും പാരലൽ കോളജ് സ്റ്റുഡന്റ്സ് ഫെഡറേഷനും ആവശ്യപ്പെട്ടു. തീയതി നീട്ടുമെന്ന പ്രതീക്ഷയിൽ പാരലൽ കോളജുകളിൽ പഠനത്തിന് ചേർന്ന വിദ്യാർഥികൾ ആശങ്കയിലാണെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.