കൽപറ്റ: മെഡിക്കല്‍ പഠന പ്രവേശനത്തിനായി രാജ്യവ്യാപകമായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് പരീക്ഷക്കുള്ള ഒരുക്കം ജില്ലയിൽ പൂർത്തിയായി. ജില്ലയില്‍ നീറ്റ് പരീക്ഷകേന്ദ്രം അനുവദിക്കപ്പെട്ടതിനുശേഷമുള്ള രണ്ടാമത്തെ പരീക്ഷയാണ് നടക്കുന്നത്. ജില്ലയില്‍നിന്നും പരീക്ഷക്കായി
അപേക്ഷിച്ചിട്ടുള്ള മുഴുവന്‍ അപേക്ഷകര്‍ക്കും ജില്ലയില്‍ തന്നെ പരീക്ഷയെഴുതാനുള്ള സാഹചര്യവും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ടി. സിദ്ദീഖ് എം.എൽ.എ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ പേര്‍ക്കും അവസരം നല്‍കുന്നതിനായി ഇത്തവണ മൂന്നു പരീക്ഷകേന്ദ്രങ്ങള്‍ കൂടി പുതുതായി ആരംഭിച്ചിട്ടുണ്ട്.
കല്പറ്റ സെന്റ് ജോസഫ് കോണ്‍വെന്റ് സ്കൂള്‍, മേപ്പാടി മൗണ്ട് താബോര്‍ ഇംഗ്ലീഷ് സ്കൂള്‍, സുൽത്താൻ ബത്തേരി പൂമല മക്ലോയിഡ്സ് സ്കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍.
ജില്ലയില്‍ നിന്നും 2653 പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മുട്ടില്‍ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി, മാനന്തവാടി ഹില്ബ്ലുംസ് എന്നീ സെന്ററുകളിലാണ് കൂടുതല്‍ പേര് പരീക്ഷയെഴുതുന്നത്. ജില്ലയില്‍ പരീക്ഷകേന്ദ്രം യാഥാർഥ്യമായതോടെ ഗോത്രവര്‍ഗ വിദ്യാര്‍ഥികൾക്കും തോട്ടം മേഖലയിലുള്‍പ്പെടെയുള്ള മറ്റു വിദ്യാര്‍ഥികള്‍ക്കും ചുരമിറങ്ങാതെ തന്നെ പരീക്ഷയെഴുതാനുള്ള സാഹചര്യമാണ് ഒരുങ്ങിയത്.
ദീര്‍ഘദൂരം സഞ്ചരിച്ച് ഇതര ജില്ലകളിലെ പരീക്ഷകേന്ദ്രങ്ങളെ ആശ്രയിക്കേണ്ടതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രയാസങ്ങള്‍ നേരിടേണ്ട സാഹചര്യം നിലനിന്നിരുന്നു.
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന യു.ജി.സി നെറ്റ് കേന്ദ്രവും ജില്ലയില്‍ കഴിഞ്ഞവര്‍ഷം മുതല്‍ തന്നെ ആരംഭിച്ചിരുന്നു. മുഴുവന്‍ പ്രവേശന പരീക്ഷകള്‍ക്കും വയനാട്ടില്‍ സെന്ററുകള്‍ അനുവദിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ആസ്തി വികസന ഫണ്ട് അനുവദിക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് സുഗമമായി പരീക്ഷയെഴുതാനുള്ള മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും അഡ്വ. ടി. സിദീഖ് എം.എല്‍.എ അറിയിച്ചു.
ജില്ലയിലെ നീറ്റ് പരീക്ഷ നടത്തിപ്പിന്റെ ചുമതല എന്‍.ടി.എ സിറ്റി കോഓഡിനേറ്റര്‍ സ്മിത കൃഷ്ണൻ, ഒബ്സര്‍വര്‍ പി. കബീര്‍ എന്നിവരാണ് ഏകോപിപ്പിക്കുന്നത്. ജില്ലയിലാകെ ഒമ്പതിടങ്ങളിലാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഇവിടങ്ങളിലെല്ലാം പരീക്ഷക്കുള്ള സുരക്ഷ ക്രമീകരണമുൾപ്പെടെ പൂർത്തിയായിട്ടുണ്ട്.
1. മുട്ടിൽ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി ഓർഫനേജ് സ്കൂൾ
2. മാനന്തവാടി കണിയാരം സാൻജോ പബ്ലിക് സ്കൂൾ
3. ബീനാച്ചി ഭാരതീയ വിദ്യാഭവൻ
4. സുൽത്താൻ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്കൂൾ
5. സുൽത്താൻ ബത്തേരി ഗ്രീൻഹിൽസ് പബ്ലിക് സ്കൂൾ
6. പൂമല മക്ലോയിഡ്സ് സ്കൂള്‍
7. മേപ്പാടി മൗണ്ട് താബോർ ഇംഗ്ലീഷ് സ്കൂൾ
8. കൽപറ്റ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂൾ
9. മാനന്തവാടി ഹിൽബ്ലൂംസ് സ്കൂൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.