ന്യൂഡൽഹി: സർവകലാശാലകളിൽ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് പരീക്ഷയിലെ മാർക്ക് മാനദണ്ഡമാക്കാൻ യു.ജി.സി തീരുമാനം. ഇതുസംബന്ധിച്ച് യു.ജി.സി ഉത്തരവിറക്കി. 2024-25 അധ്യയനവർഷം മുതൽ മാറ്റം നടപ്പിലാകും.
വിവിധ സർവകലാശാലകൾ തങ്ങളുടെ പിച്ച്.ഡി പ്രവേശനത്തിന് പ്രത്യേകം പരീക്ഷകൾ നടത്തുന്നുണ്ട്. ഇത് കാരണം പിച്ച്.ഡി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ വിവിധ പരീക്ഷകൾ എഴുതേണ്ടിവരികയാണ്. ഈ പരീക്ഷകൾ ഏകീകരിക്കുന്നതിനാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ കൂടി ഭാഗമായി പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നതെന്ന് യു.ജി.സി പറയുന്നു.
വരുന്ന ജൂൺമുതൽ മൂന്നു വിഭാഗങ്ങളായാണ് നെറ്റ് യോഗ്യത നേടാനാവുക. ഒന്ന് -പിഎച്ച്.ഡി പ്രവേശനത്തിനും ജെ.ആർ.എഫിനും കോളജ് അധ്യാപകനാകാനും യോഗ്യത നേടാം. രണ്ട്- ജെ.ആർ.എഫില്ലാതെ പിഎച്ച്.ഡി പ്രവേശനത്തിനും കോളജ് അധ്യാപകനാകാനും യോഗ്യത നേടാം. മൂന്ന്-പിഎച്ച്.ഡി പ്രവേശനത്തിന് മാത്രം യോഗ്യത. നെറ്റ് ഫലം പെർസന്റയിലിൽ പ്രഖ്യാപിക്കും. ജെ.ആർ.എഫ് യോഗ്യത നേടിയ വിദ്യാർഥികൾക്ക് അഭിമുഖം വഴിയായിരിക്കും പിഎച്ച്.ഡിക്ക് പ്രവേശനം നൽകുക. മുകളിൽ പറഞ്ഞ രണ്ടും മൂന്നും വിഭാഗത്തിൽ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് പരീക്ഷയിലെ മാർക്കിന് 70 ശതമാനവും അഭിമുഖത്തിന് 30 ശതമാനവും വെയ്റ്റേജ് നൽകും.
എല്ലാ വർഷവും ജൂണിലും ഡിസംബറിലുമായാണ് യു.ജി.സി കോളജ് അധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റ് നടത്താറ്. നെറ്റ് ഫലം പ്രസിദ്ധീകരിച്ച് ഒരു വർഷത്തേക്കാണ് പിഎച്ച്.ഡി പ്രവേശനം നേടാൻ മാർക്കിന് കാലാവധിയുണ്ടാകുക. 2024 ജൂണിലെ നെറ്റ് പരീക്ഷയുടെ വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്നും യു.ജി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.