തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ നാലു വർഷ ഒാണേഴ്സ് ബിരുദ കോഴ്സുകളും അഞ്ചുവർഷ സംയോജിത പി.ജി കോഴ്സുകളും അനുവദിക്കുന്നതിന് 'നാകി'െൻറ എ പ്ലസ് ഗ്രേഡും എൻ.െഎ.ആർ.എഫ് റാങ്കിങ്ങും മാനദണ്ഡമായി നിശ്ചയിച്ചത് പിൻവലിച്ചു.
പകരം കോഴ്സ് നടത്താനാവശ്യമായ സൗകര്യമുണ്ടെന്ന് സർവകലാശാലകൾ അഭിപ്രായപ്പെടുന്ന കോളജുകളെ കൂടെ നാല്/ അഞ്ചുവർഷ കോഴ്സുകൾക്ക് പരിഗണിക്കാനും സർക്കാർ നിർദേശം നൽകി.
പുതിയ കോഴ്സുകൾക്ക് ഉയർന്ന മാനദണ്ഡം നിശ്ചയിച്ചത് വടക്കൻ ജില്ലകൾക്ക് തിരിച്ചടിയാകുമെന്ന് സെപ്റ്റംബർ 12ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ 16ന് മുഖ്യമന്ത്രി വിളിച്ച വൈസ് ചാൻസലർമാരുടെ യോഗത്തിൽ പ്രശ്നം ചർച്ചയാകുകയും ചെയ്തിരുന്നു.
പിന്നാലെയാണ് ഉയർന്ന മാനദണ്ഡം പിൻവലിച്ച് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി സർവകലാശാല രജിസ്ട്രാർമാർക്ക് കത്തയച്ചത്. 3.26 സ്കോറിൽ കുറയാത്ത നാക് ഗ്രേഡിങ്ങോ എൻ.െഎ.ആർ.എഫ് റാങ്കിങ് നൂറിനകത്തുവരുന്ന കോളജുകൾക്കും നാലുവർഷ ഒാണേഴ്സ് ബിരുദ കോഴ്സുകളും അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പി.ജി കോഴ്സുകളും ശിപാർശ ചെയ്താൽ മതിയെന്നായിരുന്നു നേരത്തേ നൽകിയ നിർദേശം.
ഇത് വിവാദമായതോടെയാണ് ഉയർന്ന മാനദണ്ഡം ഒഴിവാക്കിയും സൗകര്യമുള്ള കോളജുകളിൽ പുതിയ കോഴ്സുകൾക്ക് ശിപാർശ ചെയ്യാമെന്നും സർക്കാർ വ്യക്തമാക്കിയത്. സംസ്ഥാനത്ത് എൻ.െഎ.ആർ.എഫ് റാങ്കിങ്ങിൽ ഉൾപ്പെടുകയോ 3.26 സ്കോറിൽ കുറയാത്ത നാക് ഗ്രേഡിങ്ങോ ഉള്ള 42 കോളജുകളാണുള്ളത്. ഇതിൽ 10 കോളജുകൾ എറണാകുളം ജില്ലയിലും എെട്ടണ്ണം തിരുവനന്തപുരത്തുമാണ്. കോട്ടയത്ത് നാലു കോളജുകളുണ്ട്.
വടക്കൻ ജില്ലകളിൽ ഇൗ ഗണത്തിൽ കൂടുതൽ കോളജുകളുള്ളത് കോഴിക്കോട് ജില്ലയിൽ മാത്രമാണ് -നാലു കോളജുകൾ. ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഹയർ സെക്കൻഡറി പരീക്ഷ പാസായി ഉപരിപഠനത്തിന് യോഗ്യത നേടുന്ന മലപ്പുറം ജില്ലയിൽ ഒരു എയ്ഡഡ് കോളജിന് മാത്രമാണ് സർക്കാർ നേരത്തേ നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഒാണേഴ്സ്, ഇൻറഗ്രേറ്റഡ് കോഴ്സുകൾക്ക് അർഹതയുണ്ടായിരുന്നത്.
വയനാട് ജില്ലയിൽ ഒരു കോളജ് പോലും ഇൗ ഗണത്തിൽ വരുന്നില്ല. പത്തനംതിട്ട -മൂന്ന്, തൃശൂർ -മൂന്ന്, ഇടുക്കി -രണ്ട്, പാലക്കാട് -രണ്ട് (ഒരു ട്രെയിനിങ് കോളജ് ഉൾപ്പെടെ), കാസർകോട് -രണ്ട്, കൊല്ലം -ഒന്ന്, ആലപ്പുഴ -ഒന്ന്, കണ്ണൂർ -ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ അർഹതയുള്ള കോളജുകൾ. പുതിയ കോഴ്സുകൾക്കായുള്ള സർവകലാശാലകളുടെ ശിപാർശ ഇൗ മാസം 22നകം സർക്കാറിന് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.