ന്യൂഡൽഹി: ഹരിയാനയിൽ ആറ് പേർക്ക് 720ൽ 720ഉം ലഭിച്ച വിവാദ നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ പുന:പരീക്ഷ നടത്തിയപ്പോൾ ഒരാൾക്ക് പോലും 700ൽ കൂടുതൽ മാർക്കില്ല. 682 ആണ് ഇവിടെ ലഭിച്ച കൂടിയ മാർക്ക്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് നീറ്റ് മാർക്ക് പ്രസിദ്ധീകരിച്ചപ്പോഴാണ് മാർക്കിലെ വ്യത്യാസം പുറത്തായത്.
മേയ് അഞ്ചിന് നടന്ന നീറ്റ്-യു.ജി പരീക്ഷയിൽ രാജ്യത്താകെ 67 വിദ്യാർഥികളാണ് 720ൽ 720ഉം നേടിയത്. ആദ്യമായാണ് ഇത്രയേറെ പേർ മുഴുവൻ മാർക്കും നേടുന്നത്. ഇതിൽ ആറ് പേർ ഹരിയാനയിലെ ഒരു കേന്ദ്രത്തിൽ നിന്ന് മാത്രമായിരുന്നു. പരീക്ഷ ആരംഭിക്കാൻ സമയം നഷ്ടമായെന്ന് കാട്ടി ഇവർക്ക് ഗ്രേസ് മാർക്ക് നൽകിയതോടെയാണ് മുഴുവൻ മാർക്കും ലഭിച്ചതെന്ന് പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എ അറിയിച്ചിരുന്നു. പിന്നീട്, സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് ഗ്രേസ് മാർക്ക് ലഭിച്ച വിദ്യാർഥികൾക്കായി പുന:പരീക്ഷ നടത്തിയത്.
മേഘാലയ, ഹരിയാന, ഛത്തീസ്ഗഡ്, ഗുജറാത്ത്, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ആറ് കേന്ദ്രങ്ങളിലാണ് പരീക്ഷ ആരംഭിക്കാൻ വൈകിയെന്ന കാരണംകാട്ടി എൻ.ടി.എ ഗ്രേസ് മാർക്ക് നൽകിയത്. ഇത് വിവാദമായിരുന്നു. സുപ്രീംകോടതി ഇടപെടലോടെ ഗ്രേസ് മാർക്ക് പിൻവലിച്ച് വീണ്ടും പരീക്ഷ നടത്തുകയായിരുന്നു.
നീറ്റിൽ വ്യാപക ക്രമക്കേട് നടന്നെന്ന് വ്യക്തമായാൽ മാത്രമേ പുനഃപരീക്ഷക്ക് ഉത്തരവിടാനാകൂവെന്നാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഹരജികൾ പരിഗണിക്കവേ വ്യക്തമാക്കിയത്. ചോദ്യപേപ്പർ ചോർച്ച വിവിധ പരീക്ഷ കേന്ദ്രങ്ങളിലെ ഫലങ്ങളിൽ എങ്ങനെ പ്രതിഫലിച്ചുവെന്ന് വ്യക്തമാകാനായി പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളുടെയും മാർക്ക് പരീക്ഷ കേന്ദ്രങ്ങളുടെയും നഗരങ്ങളുടെയും അടിസ്ഥാനത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. കേന്ദ്ര സർക്കാറിന്റെയും എൻ.ടി.എയുടെയും എതിർപ്പ് തള്ളിയുള്ള നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.