തിരുവനന്തപുരം: പള്ളിക്കൂടമുറ്റത്ത് പ്രവേശേനാത്സവത്തിെൻറ വർണക്കാഴ്ചകളും കലപിലയുമില്ലാതെ വീടിനകത്ത് കുരുന്നുകൾക്ക് തിങ്കളാഴ്ച ഒന്നാം പാഠം. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാൻ സാധിക്കാതെ വന്നതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല ഒന്നടങ്കം ഒാൺലൈനിൽ തുറന്നു. തിങ്കളാഴ്ച രാവിലെ 8.30നാണ് ഓൺലൈൻ ക്ലാസ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം തുടങ്ങിയത്. ‘‘പൂക്കൾ ചിരിക്കുവാൻ മണ്ണ് വേണം, മണ്ണ് നന്നാകുവാൻ വിളകൾ വേണം’’... ഗായിക ചിത്രയുടെ ഗാനത്തോടെയായിരുന്നു തുടക്കം. അതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയെൻറ ആശംസ പ്രസംഗം. ഓൺലൈൻ പഠനപ്രവർത്തനങ്ങൾ വിജയമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. തുടർന്ന് പ്ലസ്ടു ഇംഗ്ലീഷ് ആരംഭിച്ചു. അധ്യാപികമാരായ രതി എസ്. നായർ, എം.വി. അരൂജ് എന്നിവരാണ് ആദ്യ ക്ലാസ് നയിച്ചത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കോളജുകളിലും ഒാൺലൈൻ ക്ലാസുകൾക്ക് തുടക്കമായി. രാവിലെ എട്ടരക്ക് തിരുവനന്തപുരം സംസ്കൃത കോളജിലെ ഒറൈസ് കേന്ദ്രത്തിലൂടെ തത്സമയ ക്ലാസ് നടത്തി മന്ത്രി ഡോ. കെ.ടി. ജലീൽ കോളജുകളിലെ ഒാൺലൈൻ ക്ലാസ് ഉദ്ഘാടനം ചെയ്തു.
പഠനവും അനുബന്ധ പ്രവർത്തനങ്ങളും സാധ്യമാകുന്നിടത്തോളം ഒാൺലൈനിൽ നടത്താനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി ഏകദേശം 37 ലക്ഷം വിദ്യാർഥികളാണുള്ളത്. പ്ലസ് ടു ക്ലാസുകളിൽ നാലര ലക്ഷത്തോളം വിദ്യാർഥികളും. സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് ഒാൺലൈൻ ക്ലാസുകൾ ആരംഭിച്ചത്.
ഒാരോ ക്ലാസുകൾക്കും മുൻകൂട്ടി പ്രസിദ്ധീകരിച്ച ടൈംടേബിൾ പ്രകാരം നിശ്ചിതസമയം ആണ് ക്ലാസ്. രാത്രിയിലും ശനി, ഞായർ ദിവസങ്ങളിലും ക്ലാസുകൾ പുനഃസംപ്രേക്ഷണം ചെയ്യും. വിക്ടേഴ്സിെൻറ വെബ്സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും ക്ലാസിൽ പെങ്കടുക്കാൻ കഴിയും.
പ്ലസ് വൺ ഒഴികെ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾക്ക് രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചര വരെയാണ് ക്ലാസുകൾ. പ്ലസ് ടുവിന് രണ്ട് മണിക്കൂറും പത്താം ക്ലാസിന് ഒന്നര മണിക്കൂറും മറ്റ് ഹൈസ്കൂൾ ക്ലാസുകൾക്ക് ഒരു മണിക്കൂറും പ്രൈമറി ക്ലാസുകൾക്ക് അര മണിക്കൂറുമായിരിക്കും ഒരു ദിവസം ക്ലാസ്.
ഒാരോ ക്ലാസിെൻറയും ദൈർഘ്യം അരമണിക്കൂറായിരിക്കും. ഒാൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്താനും ബദൽ സൗകര്യമൊരുക്കാനും സ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്നത് വരെ അധ്യാപകർ ഹാജരാകേണ്ടതില്ല. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ സിലബസിലുള്ള വിദ്യാലയങ്ങളിലും തിങ്കളാഴ്ച ഒാൺലൈൻ ക്ലാസുകൾ തുടങ്ങി.
തിങ്കളാഴ്ചത്തെ ടൈംടേബിൾ:
പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലീഷ്, 9.00ന് ജിയോഗ്രഫി, 9.30ന് മാത്തമാറ്റിക്സ്, 10ന് കെമിസ്ട്രി.
പത്താം ക്ലാസ്: 11.00 മണിക്ക് ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12.00ന് ജീവശാസ്ത്രം.
പ്രൈമറി വിഭാഗത്തില്‍ ഒന്നാം ക്ലാസിന് 10.30ന് പൊതുവിഷയം. രണ്ടാം ക്ലാസിന് 12.30ന് പൊതുവിഷയം. മൂന്നാം ക്ലാസിന് ഒരു മണിക്ക് മലയാളം. നാലാം ക്ലാസിന് 1.30ന് ഇംഗ്ലീഷ്.
അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം - ഉച്ചക്ക് യഥാക്രമം 2.00, 2.30, 3.00.
എട്ടാം ക്ലാസിന് വൈകീട്ട് 3.30ന് ഗണിതശാസ്ത്രം. 4.00 മണിക്ക് രസതന്ത്രം.
ഒമ്പതാം ക്ലാസിന് 4.30ന് ഇംഗ്ലീഷ്. അഞ്ച് മണിക്ക് ഗണിതശാസ്ത്രം.
പന്ത്രണ്ടാം ക്ലാസിലുള്ള നാല് വിഷയങ്ങളും രാത്രി ഏഴ് മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും.
കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലില്‍ 411, ഡെന്‍ നെറ്റ്‍വര്‍ക്കില്‍ 639, കേരള വിഷനില്‍ 42, ഡിജി മീഡിയയില്‍ 149, സിറ്റി ചാനലില്‍ 116 എന്നീ നമ്പറുകളിലാണ് ചാനല്‍ ലഭിക്കുക. വീഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടി.വി.യിലും 642ാം നമ്പറില്‍ ചാനല്‍ ലഭിക്കും. മറ്റു ഡി.ടി.എച്ച്. ഓപ്പറേറ്റര്‍മാരും എത്രയും പെട്ടെന്ന് അവരുടെ ശൃംഖലയില്‍ കൈറ്റ് വിക്ടേഴ്സ് ഉള്‍പ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.
ഇതിനുപുറമെ www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.
ലൈവ് ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ
* സംസ്ഥാന സിലബസിൽ ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് ഒാൺലൈൻ പഠനം
* ക്ലാസുകളുടെ സംപ്രേക്ഷണം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി രാവിലെ 8.30 മുതൽ വൈകീട്ട് 5.30വരെൃ
* facebook.com/victers educhannel വഴിയും തത്സമയം ക്ലാസ് ലഭ്യമാകും.
* പ്ലസ്ടു രണ്ട് മണിക്കൂർ, പത്താം ക്ലാസ് ഒന്നര മണിക്കൂർ, ഹൈസ്കൂൾ ഒരു മണിക്കൂർ, പ്രൈമറി ക്ലാസുകൾക്ക് അര മണിക്കൂർ എന്നിങ്ങനെയാണ് സമയം.
* തിങ്കൾ മുതൽ വെള്ളി വരെയാണ് ലൈവ് ക്ലാസുകൾ.
* ശനി, ഞായർ ദിവസങ്ങളിൽ പുനഃസംപ്രേക്ഷണമുണ്ടാകും.
* കൈറ്റ് പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ചായിരിക്കും ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുക.
* സംപ്രേക്ഷണ സമയത്ത് ക്ലാസ് കാണാൻ കഴിഞ്ഞില്ലെങ്കിൽ പുനഃസംപ്രേക്ഷണ സമയത്തോ വെബ്സൈറ്റിലൂടെയോ (victers.kite.kerala.gov.in) യൂട്യൂബ് ചാനലിലൂടെയോ (youtube.com/itsvicters) കാണാം.
* ഒാൺലൈൻ ക്ലാസ് കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് പ്രധാനാധ്യാപകരും ക്ലാസ് ടീച്ചറും ചേർന്ന് സൗകര്യം ഒരുക്കണം.
കോളജുകളിലും പഠനം ഒാൺലൈനിൽ
* ക്ലാസുകൾ രാവിലെ 8.30 മുതൽ 1.30 വരെ.
* കോളജുകൾ തെരഞ്ഞെടുക്കുന്ന ഒാൺലൈൻ പ്ലാറ്റ്ഫോമിലായിരിക്കും ക്ലാസ്.
* ക്ലാസിൽ ഹാജരാകുന്നവരുടെ ഹാജർ രേഖപ്പെടുത്തും.
* കോളജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അധ്യാപകർ കോളജിൽ ഹാജരാകണം. മറ്റുള്ളവർ വീട്ടിലിരുന്ന് ക്ലാസെടുക്കണം.
* ഒാൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.