തിരുവനന്തപുരം/വടകര: പാലു കട്ടുകുടിക്കുന്ന, എലിയെ തിന്നുന്ന തങ്കു പൂച്ചയുടെയും മിട്ടു പൂച്ചയുടെയും കഥ പറഞ്ഞും പാട്ടുപാടിയും ഒന്നാം ക്ലാസിലെ കുട്ടികളുടെ മാത്രമല്ല, രക്ഷിതാക്കളുടെയും മനസ്സ് കീഴടക്കിയിരിക്കുകയാണ് സായി ശ്വേതയും അഞ്ജു കിരണും. കോഴിക്കോട് ചോമ്പാല ഉപജില്ലയിലെ മുതുവടത്തൂര്‍ വി.വി.എല്‍.പി സ്കൂളിലെ അധ്യാപികമാരാണിവര്. സമൂഹമാധ്യമങ്ങളിൽ ഇവരുടെ ക്ലാസ് പ്രചരിക്കുകയാണിപ്പോള്‍.
ക്ലാസ്മുറികളിലെന്നോണം കുട്ടികളെ മുന്നില്‍ കണ്ടുകൊണ്ടുളള ശ്വേത ടീച്ചറുടെ അവതരണമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതില്‍, പാട്ടുപാടിയാണ് അഞ്ജു ടീച്ചര്‍ വരുന്നത്. വിക്ടേഴ്സിെൻറ യൂട്യൂബ് ചാനലിൽ മാത്രം തിങ്കളാഴ്ച രാത്രിയോടെ നാല് ലക്ഷം പേർ സായി ടീച്ചറുടെ ക്ലാസ് കണ്ടുകഴിഞ്ഞു.
സായിയുടെ അധ്യാപനരീതിയെ പ്രശംസിച്ച് ട്രോളുകളും ഇറങ്ങി. ശ്വേത ടീച്ചറുടെ കൊഞ്ചിക്കലും ട്രോളര്‍മാർക്ക് വിഷയമായി. സമഗ്ര ശിക്ഷ കേരളമാണ് (എസ്.എസ്.കെ) ഒന്നാം ക്ലാസ് വിദ്യാർഥികൾക്കായുള്ള ക്ലാസ് ഒരുക്കിയത്. അധ്യാപക കൂട്ടം എന്ന സമൂഹ മാധ്യമ ഗ്രൂപ്പിൽ ചെയ്ത വിഡിയോ വഴിയാണ് സായിയുടെ അധ്യാപന മികവ് എസ്.എസ്.കെയുടെ മുന്നിലെത്തുന്നത്. ഇതോടെയാണ് സ്കൂളിലെ നവാഗതർക്ക് ആദ്യ ക്ലാസ് ഒരുക്കാൻ സായി ടീച്ചർക്ക് നറുക്ക് വീണത്.
‘കുട്ടികളിലൊരാളാവണം. അവരുടെ സ്നേഹം പിടിച്ചു പറ്റുന്നതോടെ പഠനം എളുപ്പമാകും. കഴിഞ്ഞ വര്‍ഷമാണ് അധ്യാപന ജീവിതം തുടങ്ങുന്നത്.’ -ശ്വേത പറഞ്ഞു. ടിക്ടോക് വിഡിയോ ചെയ്യുന്ന ടീച്ചര്‍ക്ക് ഡാന്‍സിലും പ്രാവീണ്യമുണ്ട്. ഇവരുടെ ഭര്‍ത്താവ് ദിലീപ് ഗള്‍ഫിലാണ്.
അഞ്ജുകിരണ് അധ്യാപികയായിട്ട് അഞ്ചാമത്തെ വര്‍ഷമാണിത്. ഇക്കാലമത്രയും ഒന്നാം തരത്തിലെ അധ്യാപികയാണ്. ഭര്‍ത്താവ് കിരണ്‍ പോണ്ടിച്ചേരി കേന്ദ്രീയ വിദ്യാലയത്തില്‍ പ്രധാനാധ്യാപകനാണ്. മകന്: വസുദേവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.