തൃശൂർ: സംസ്ഥാനത്തും സ്വകാര്യമേഖലയിൽ വെറ്ററിനറി കോളജുകൾക്ക് വഴിയൊരുങ്ങുന്നു. കേരള വെറ്ററിനറി സർവകലാശാലക്ക് മുന്നിൽ അപേക്ഷകരായി എത്തിയവരുടെ കാര്യത്തിൽ സർക്കാർ നിലപാട് അനുകൂലമായാൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് വിവരം. നിലവിൽ മൂന്ന് അപേക്ഷകരാണ് രംഗത്തുള്ളത്. സർവകലാശാലയിൽ അഫിലിയേഷനൊപ്പം വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും കോളജുകളുടെ പ്രവർത്തനത്തിന് ആവശ്യമാണ്.
സംസ്ഥാനത്ത് നിലവിൽ സർക്കാർ മേഖലയിൽ മണ്ണുത്തിയിലും പൂക്കോടുമാണ് വെറ്ററിനറി കോളജുള്ളത്. രണ്ടിടത്തുമായി 225 സീറ്റാണുള്ളത്. തൊഴിലവസരങ്ങൾ കൂടിയതോടെ സംസ്ഥാനത്തുനിന്ന് വെറ്ററിനറി ബിരുദത്തിന് (ബി.വി.എസ്.സി ആൻഡ് എ.എച്ച്) ചേരുന്നവരുടെ എണ്ണം സമീപവർഷങ്ങളിൽ ഗണ്യമായി കൂടിയിരുന്നു. ഇതര സംസ്ഥാനങ്ങളിലെ കോളജുകളെയാണ് വിദ്യാർഥികൾ പ്രധാനമായും ആശ്രയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ സർക്കാർ മേഖലയിൽ കോളജുകളുടെ എണ്ണം കൂടുതലാണ്. പലയിടത്തും എൻ.ആർ.ഐ ക്വോട്ട സീറ്റുകളും ഉണ്ട്.
ഉയർന്ന ഫീസ് ഈടാക്കുന്ന ഈ സീറ്റുകളിൽ മിക്കവാറും പഠിക്കുന്നത് മലയാളി വിദ്യാർഥികളാണ്. യുക്രെയ്ൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും വെറ്ററിനറി ബിരുദത്തിന് ചേരുന്നവരുടെ എണ്ണം കൂടിയിരുന്നു. ഇത്തരത്തിൽ മലയാളി വിദ്യാർഥികൾ കൂടുതലായി കോഴ്സിന് ചേരുന്നത് മനസ്സിലാക്കിയാണ് സ്വകാര്യമേഖല രംഗത്തേക്ക് കടന്നുവരാൻ താൽപര്യം പ്രകടിപ്പിച്ചത്. ഇതോടൊപ്പം വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ കോളജ് തുടങ്ങാനുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്തിയതും പ്രോത്സാഹനമായി.
കോളജ് തുടങ്ങുന്നതിന് 50 ഏക്കർ ഭൂമി വേണമെന്നായിരുന്നു ആദ്യം വ്യവസ്ഥ ചെയ്തിരുന്നത്. ഇത് പിന്നീട് 25ഉം തുടർന്ന് 15 ഏക്കറുമായി കുറവ് വരുത്തി. ഇതോടൊപ്പം ഓരോ വിഭാഗങ്ങളിലും വേണ്ട ഫാക്കൽറ്റികളുടെ എണ്ണത്തിലും കുറവ് വരുത്തി. രാജസ്ഥാനിലാണ് സ്വകാര്യമേഖലയിൽ കൂടുതൽ വെറ്ററിനറി കോളജുകളുള്ളത് -അഞ്ച്. ഡൽഹിയിലും ഹരിയാനയിലും സ്വകാര്യമേഖലയിൽ കോളജുകളുണ്ട്. തെക്കൻ ജില്ലകളിലൊന്നിൽ മൂന്നാമതൊരു കോളജ് സ്ഥാപിക്കാനുള്ള ആലോചന നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.