എസ്.എസ്.എൽ.സിക്ക് ശേഷം ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉപരിപഠനത്തിന് ആശ്രയിക്കുന്നത് ഹയർസെക്കൻഡറി കോഴ്സാണ്. ശരാശരി 4.6 ലക്ഷത്തോളം പേർ അപേക്ഷിക്കുകയും 3.8 ലക്ഷം പേർക്ക് വരെ അലോട്ട്മെന്റ് നൽകുന്നതുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്ന പ്ലസ് വൺ ഏകജാലക പ്രവേശനം. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ മുഴുവൻ സീറ്റിലേക്കും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ട ഒഴികെ സീറ്റിലേക്കും ഏകജാലക രീതിയിലാണ് പ്രവേശനം.
മാനേജ്മെന്റ്, കമ്യൂണിറ്റി, അൺഎയ്ഡഡ് ക്വോട്ടകളിൽ സ്കൂൾതലത്തിൽ അപേക്ഷ സമർപ്പിക്കണം. ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പണം മെയ് 16 മുതൽ 25 വരെ പ്രവേശന ഗേറ്റ്വേ ആയ www.admission.dge.kerala.gov.in വഴി നടത്താം. ട്രയൽ അലോട്ട്മെൻറ് മെയ് 29നും ആദ്യ അലോട്ട്മെൻറ് ജൂൺ അഞ്ചിനും നടത്തും.
എസ്.എസ്.എൽ.സി (കേരള സിലബസ്), സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി സ്കീമുകളിൽ പരീക്ഷ ജയിച്ചവർക്കും മറ്റ് സംസ്ഥാനങ്ങൾ/ രാജ്യങ്ങളിൽനിന്ന് എസ്.എസ്.എൽ.സിക്ക് തുല്യമായ പരീക്ഷ ജയിച്ചവർക്കും അപേക്ഷിക്കാം.
പൊതുപരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി പ്ലസ് ഗ്രേഡോ തുല്യമായ മാർക്കോ വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം. ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ് സ്കീമുകളിൽ പരീക്ഷയെഴുതിയവരുടെയും മാർക്കുകൾ ഗ്രേഡാക്കി മാറ്റിയ ശേഷമാകും പരിഗണിക്കുക.
2024 ജൂൺ ഒന്നിന് 15 വയസ്സ് പൂർത്തിയായിരിക്കണം. 20 വയസ്സ് കവിയാൻ പാടില്ല. കേരളത്തിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ ജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. മറ്റ് ബോർഡുകളുടെ പരീക്ഷ ജയിച്ചവർക്ക് പ്രായപരിധിയിൽ ആറു മാസംവരെ ഇളവ് അനുവദിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരമുണ്ട്.
കേരളത്തിലെ പൊതുപരീക്ഷ ബോർഡിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷ ജയിച്ചവർക്ക് ഉയർന്ന പ്രായപരിധിയിൽ ആറു മാസംവരെ ഇളവ് അനുവദിക്കാൻ ഹയർസെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർക്ക് അധികാരമുണ്ട്. പട്ടികജാതി/വർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ടു വർഷംവരെ ഇളവുണ്ടാകും. അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവർക്ക് 25 വയസ്സുവരെ അപേക്ഷിക്കാം.
അപേക്ഷ സമർപ്പണത്തിന് www.admission.dge.kerala.gov.in എന്ന അഡ്മിഷൻ ഗേറ്റ്വേയിലെ ‘Click for Higher Secondary Admission’ എന്നതിലൂടെ ഹയർസെക്കൻഡറി പ്രവേശന പോർട്ടലിൽ പ്രവേശിച്ച് CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം. മൊബൈൽ ഒ.ടി.പിയിലൂടെ സുരക്ഷിത പാസ്വേഡ് നൽകി സൃഷ്ടിക്കുന്ന കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷ സമർപ്പണത്തിന് പുറമെ പ്രവേശന പ്രവർത്തനങ്ങളും നടത്തേണ്ടത്.
അപേക്ഷ സമർപ്പണം, അപേക്ഷ പരിശോധന, ട്രയൽ അലോട്ട്മെൻറ് പരിശോധന, ഓപ്ഷൻ പുനഃക്രമീകരണം, അലോട്ട്മെൻറ് പരിശോധന, രേഖകളുടെ സമർപ്പണം, ഫീസ് ഒടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കാൻഡിഡേറ്റ് ലോഗിൻ അനിവാര്യമാണ്.
കാൻഡിഡേറ്റ് ലോഗിനിലെ APPLY ONLINE ലിങ്കിലൂടെ സ്വന്തമായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പത്താംതരം പഠന സ്കീം ‘others’ വിഭാഗത്തിൽ വരുന്നവർ മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ്, തുല്യത സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് (100 കെ.ബിയിൽ കവിയാത്ത പി.ഡി.എഫ് ഫോർമാറ്റിൽ) അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
ഭിന്നശേഷി വിഭാഗത്തിലുള്ളവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത കോപ്പി (100 കെ.ബി/ പി.ഡി.എഫ്) അപലോഡ് ചെയ്യണം. മറ്റ് അപേക്ഷകർ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളൊന്നും അപ്ലോഡ് ചെയ്യേണ്ടതില്ല.
ലോഗിൻ പേജിൽ യോഗ്യതാ പരീക്ഷയുടെ സ്കീം, രജിസ്റ്റർ നമ്പർ, മാസം, വർഷം, ജനനതീയതി, മൊബൈൽ നമ്പർ എന്നിവ നൽകിയശേഷം ‘Application Submission Mode’ (സ്വന്തമായോ/ സ്കൂൾ സഹായക കേന്ദ്രം/ മറ്റ് രീതി) തെരഞ്ഞെടുക്കുകയും സെക്യൂരിറ്റി ക്യാപ്ച ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യണം. ഇതോടെ ഓൺലൈൻ അപേക്ഷയുടെ ആദ്യഭാഗം ദൃശ്യമാകും. ഇവിടെ അപേക്ഷാർഥിയുടെ പൊതുവിവരങ്ങളാണ് നൽകേണ്ടത്.
അപേക്ഷകന്റെ ജാതി, കാറ്റഗറി, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, എൻ.സി.സി/ സ്കൗട്ട് പ്രാതിനിധ്യം, പത്താം ക്ലാസ് പഠിച്ച സ്കൂൾ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണം. വിവിധ ക്ലബുകളുടെ പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ ‘ടിക്ക്’ മാർക്ക് ചെയ്യുക. ആദ്യതവണ പരീക്ഷ പാസായവർ ചാൻസ് 1 എന്ന് രേഖപ്പെടുത്തണം. ആദ്യമായി പരീക്ഷയെഴുതിയ വർഷം തന്നെ സേ പരീക്ഷയിലൂടെ ജയിച്ചവർ ചാൻസ് 1 എന്നാണ് രേഖപ്പെടുത്തേണ്ടത്.
ഒന്നിലധികം തവണകളായാണ് പാസായതെങ്കിൽ എത്ര തവണ എന്നത് ചാൻസായി രേഖപ്പെടുത്തണം. പൊതുവിവരങ്ങൾ സബ്മിറ്റ് ചെയ്താൽ ഗ്രേഡ് രേഖപ്പെടുത്താനുള്ള പേജ് ദൃശ്യമാകും. ഗ്രേഡ് പോയൻറ് നൽകിയാൽ സുപ്രധാന ഘട്ടമായ ഓപ്ഷൻ നൽകുന്ന പേജിൽ എത്തും.
പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോംബിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും കോംബിനേഷനും ആദ്യ ഓപ്ഷനായി നൽകണം. ആദ്യ ഓപ്ഷൻ ലഭിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോംബിനേഷനും രണ്ടാമത്തെ ഓപ്ഷനായി നൽകണം. ഇങ്ങനെ കൂടുതൽ സ്കൂളുകളും കോംബിനേഷനുകളും ക്രമത്തിൽ നൽകാം.
പ്രവേശന സാധ്യത മനസ്സിലാക്കാൻ കഴിഞ്ഞ വർഷത്തെ അവസാന റാങ്ക് വിവരങ്ങൾ വെബ്സൈറ്റിൽ (www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും. സമർപ്പിച്ച ഏതെങ്കിലും ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിച്ചാൽ അതിന് ശേഷമുള്ള ഓപ്ഷനുകൾ (ലോവർ ഓപ്ഷൻ) റദ്ദാകും.
അലോട്ട്മെൻറ് ലഭിച്ചതിന് മുകളിലുള്ള ഓപ്ഷനുകൾ (ഹയർ ഓപ്ഷൻ) നിലനിൽക്കും. ആവശ്യമുള്ള ഓപ്ഷനുകൾ നൽകി സബ്മിറ്റ് ചെയ്താൽ അപേക്ഷയുടെ മൊത്തം വിവരങ്ങൾ പരിശോധനക്ക് ലഭിക്കും. ആവശ്യമെങ്കിൽ തിരുത്തൽ വരുത്തി ഫൈനൽ കൺഫർമേഷൻ നൽകി അപേക്ഷ സമർപ്പണം പൂർത്തിയാക്കണം.
ഒരു ജില്ലയിൽ ഒന്നിൽ കൂടുതൽ അപേക്ഷകൾ മെറിറ്റ് സീറ്റിലേക്ക് സമർപ്പിക്കാൻ പാടില്ല. ഒന്നിലധികം ജില്ലയിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ പ്രിൻറൗട്ട് സ്കൂളുകളിൽ നൽകേണ്ടതില്ല. ഒന്നിലധികം ജില്ലയിൽ അലോട്ട്മെന്റ് ലഭിച്ചാൽ ഒരിടത്ത് മാത്രമേ പ്രവേശനം നേടാൻ പാടുള്ളൂ. അതോടെ മറ്റ് ജില്ലകളിലെ ഓപ്ഷനുകൾ റദ്ദാകും.
സയൻസ് വിഷയങ്ങളിൽ ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒമ്പത് വിഷയ കോമ്പിനേഷനുകളാണ് ലഭ്യമാകുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് എന്നിവക്ക് പുറമെ ഹോം സയൻസ്, ജിയോളജി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നിവയാണ് സയൻസ് കോമ്പിനേഷനിൽ വരുന്ന വിഷയങ്ങൾ.
മാനവിക വിഷയങ്ങൾക്ക് ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 32 വിഷയ കോമ്പിനേഷനുകളാണുള്ളത്. കൊമേഴ്സ് ഗ്രൂപ്പിൽ നാല് കോമ്പിനേഷനും ലഭ്യമാണ്. പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളിൽ ലഭ്യമായ കോമ്പിനേഷനുകൾ ഏതാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.
അപേക്ഷകർക്ക് സ്വന്തമായോ പത്താംതരം പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗിച്ചോ അപേക്ഷ സമർപ്പിക്കാം. പ്രദേശത്തെ സർക്കാർ/ എയ്ഡഡ് സ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും ഉപയോഗിക്കാം. സ്കൂൾതലത്തിൽ ഇതിന് ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും.
മെറിറ്റ് ക്വോട്ട (ഏകജാലകം):
സ്പോർട്സ് ക്വോട്ട:
അവസാനവട്ട പരിശോധനയും തിരുത്തലും വരുത്താൻ ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ട്രയൽ അലോട്ട്മെൻറ് നടത്തും. ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ച ശേഷം അപേക്ഷയിൽ തെറ്റ് ശേഷിക്കുന്നുണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലൂടെ നിർദിഷ്ട ദിവസങ്ങളിൽ തിരുത്താം. തെരഞ്ഞെടുത്ത സ്കൂളുകളും വിഷയ കോംബിനേഷനും ഉൾപ്പെടെ മാറ്റങ്ങൾ ഈ ഘട്ടത്തിൽ അനുവദിക്കും.
മൂന്ന് അലോട്ട്മെൻറുകൾ അടങ്ങുന്നതായിരിക്കും മുഖ്യഘട്ടം. മുഖ്യഘട്ടത്തിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും. ഒന്നാം അലോട്ട്മെൻറിൽ ഉയർന്ന ഓപ്ഷൻ ശേഷിക്കുന്നെങ്കിൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി.
എന്നാൽ, മുഖ്യ അലോട്ട്മെൻറ് പ്രക്രിയ (മൂന്നാം അലോട്ട്മെൻറ്) അവസാനിക്കുന്നതോടെ താൽക്കാലിക പ്രവേശനത്തിൽ തുടരുന്നവർ പ്രവേശനം സ്ഥിരപ്പെടുത്തണം. മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക് പരിഗണിക്കാൻ അപേക്ഷയും ഓപ്ഷനും ഒഴിവുകൾക്കനുസൃതമായി പുതുക്കി നൽകണം.
അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല. മുഖ്യഘട്ടത്തിൽ അപേക്ഷിക്കാത്തവർക്ക് സപ്ലിമെൻററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാം. അപേക്ഷകരുണ്ടെങ്കിൽ സപ്ലിമെൻററി അലോട്ട്മെൻറുകൾക്കുശേഷം ജില്ലാന്തര സ്കൂൾ/ കോംബിനേഷൻ മാറ്റങ്ങൾ അനുവദിക്കും.
ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസൊടുക്കി നിശ്ചിത സമയത്തിനുള്ളിൽ സ്കൂളിൽ സ്ഥിര പ്രവേശനം നേടണം. ഫീസടച്ചില്ലെങ്കിൽ ഈ സീറ്റ് ഒഴിഞ്ഞതായി കണക്കാക്കും. ഈ വിദ്യാർഥികൾക്ക് പ്രവേശനത്തിന് പിന്നീട് അവസരം നൽകില്ല.
താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിക്കുകയും തുടർ ഘട്ടങ്ങളിൽ ഉയർന്ന ഓപ്ഷനിലേക്ക് മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താൽക്കാലിക പ്രവേശനം നേടിയാൽ മതി. പ്രവേശന യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ പ്രിൻസിപ്പലിന് നൽകിയാൽ താൽക്കാലിക പ്രവേശനം ലഭിക്കും. ഈ ഘട്ടത്തിൽ ഫീസടക്കേണ്ടതില്ല.
മെച്ചപ്പെട്ട ഓപ്ഷൻ ലഭിച്ചശേഷം താൽക്കാലിക പ്രവേശനം നേടിയിരുന്ന സ്കൂളിൽനിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങി പുതിയ സ്കൂളിൽ പ്രവേശനം നേടിയാൽ മതി. മുഖ്യ അലോട്ട്മെൻറ് കഴിയുന്നതുവരെ മാത്രമേ താൽക്കാലിക പ്രവേശനത്തിൽ തുടരാനാകൂ. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിച്ചവർ പ്രവേശനം സ്ഥിരപ്പെടുത്താൻ ഉയർന്ന ഓപ്ഷൻ റദ്ദാക്കി ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
ഇങ്ങനെയുള്ളവർ ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാൻ വിവരം പ്രവേശനം നേടുന്ന ദിവസംതന്നെ സ്കൂൾ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കണം. ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാത്തവർ അടുത്ത ഘട്ടത്തിൽ വരുന്ന അലോട്ട്മെൻറ് മാറി ലഭിച്ചാൽ പുതിയ സ്കൂളിലേക്ക് മാറണം. തെറ്റായ വിവരങ്ങൾ നൽകി നേടുന്ന അലോട്ട്മെന്റ് റദ്ദാക്കുകയും പ്രവേശനം നിരസിക്കുകയും ചെയ്യും.
പ്രോസ്പെക്ടസിൽ നിർദേശിച്ച വിവിധ ഫീസുകൾക്ക് പുറമെ പി.ടി.എ ജനറൽ ബോഡി തീരുമാനമുണ്ടെങ്കിൽ 400 രൂപ രക്ഷാകർത്താവിൽനിന്ന് ഫണ്ടായി ശേഖരിക്കാം. എന്നാൽ, ഈ തുക കൊടുക്കാൻ നിർബന്ധിക്കാൻ പാടില്ല. ഇതിന്റെ പേരിൽ പ്രവേശനം നിഷേധിക്കാനും പാടില്ല.
അനധികൃത ഫണ്ട് ശേഖരണം നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്കൂളിൽ ഒടുക്കുന്ന ഫീസുകൾക്ക് രസീതുകൾ ചോദിച്ചുവാങ്ങണം. പി.ടി.എ ഫണ്ട് നൽകിയ കുട്ടികളുടെ വിശദാംശങ്ങളും തുകയും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം.
സംവരണം: (ശതമാനത്തിൽ)
ജവാന്മാർ/എക്സ് സർവിസുകാരുടെ (ആർമി/ നേവി/ എയർഫോഴ്സ് മുതലായവ മാത്രം) മക്കൾ/ നിയമപരമായി ദത്തെടുത്ത മക്കൾ: മൂന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.